BJP പിന്‍വാങ്ങി, LDF, UDF പിന്തുണ; ഒടുവില്‍ തീരുമാനം, 'കേരള' രജിസ്ട്രാര്‍ക്ക് പുനര്‍നിയമനം

ഡോ. കെ.എസ്. അനില്‍കുമാര്‍
ഡോ. കെ.എസ്. അനില്‍കുമാര്‍

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ തര്‍ക്കങ്ങള്‍ക്കൊടുവില്‍ നിലവിലെ രജിസ്ട്രാര്‍ക്ക് പുനര്‍നിയമനം നല്‍കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. രജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍കുമാറിന് നാല് വര്‍ഷത്തേക്കാണ് പുനര്‍നിയമനം. ആദ്യഘട്ടത്തില്‍ ബി.ജെ.പി. അംഗങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും പിന്നീടവര്‍ പിന്‍വാങ്ങി. രജിസ്ട്രാര്‍ തുടരുന്നതിനെ ഇടതുപക്ഷ അംഗങ്ങള്‍ക്കൊപ്പം യു.ഡി.എഫ്. അംഗങ്ങളും പിന്തുണച്ചു.

എക്സ്റ്റന്‍ഷന്‍ നല്‍കണമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുള്ളതെന്ന് യോഗത്തില്‍ ബി.ജെ.പി. അംഗങ്ങള്‍ വാദിച്ചു. പുനര്‍നിയമനമാണെങ്കില്‍ നടപടിക്രമങ്ങള്‍ തുടക്കംമുതല്‍ ആരംഭിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കാലാവധി നീട്ടലല്ല, 'പുനര്‍നിയമനം' എന്നാണ് സര്‍വകലാശാലാ ചട്ടത്തിലുള്ളതെന്ന് ഇടത് സിന്‍ഡിക്കേറ്റംഗങ്ങള്‍ ചൂണ്ടിക്കാട്ടി. കോടതി ഉദ്ദേശിച്ചിട്ടുള്ളതും അതുതന്നെയാണെന്നും 'കാലാവധി നീട്ടല്‍' എന്ന പദപ്രയോഗം നിയമപ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും അവര്‍ വാദിച്ചു.

വി.സി. ഡോ. മോഹനന്‍ കുന്നുമ്മല്‍ സ്ഥിരമായി സര്‍വകലാശാലയില്‍ വരുന്നില്ലെന്ന് യു.ഡി.എഫ്. അംഗം വൈ. അഹമ്മദ് ഫസില്‍ വിമര്‍ശിച്ചു. സര്‍വകലാശാലയില്‍ പ്രോ-വൈസ് ചാന്‍സലര്‍ ഇല്ല. ഈ സാഹചര്യത്തില്‍ സര്‍വകലാശാല നടത്തിക്കൊണ്ടുപോവുന്ന രജിസ്ട്രാര്‍ക്ക് പുനര്‍നിയമനം നല്‍കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

നിയമാനുസൃതമായ നടപടിക്രമങ്ങളുമായി മുന്നോട്ടുപോകാമെന്ന് രജിസ്ട്രാര്‍ നിയമനത്തില്‍ വി.സി. നിലപാടെടുത്തു. ബി.ജെ.പി. അംഗങ്ങളും എതിര്‍പ്പില്‍നിന്നു പിന്‍വാങ്ങി. തുടര്‍ന്ന്, രജിസ്ട്രാര്‍ക്ക് പുനര്‍നിയമനം നല്‍കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിക്കുകയായിരുന്നു. കൊല്ലം ശൂരനാട് സ്വദേശിയാണ് രജിസ്ട്രാറായി വീണ്ടും നിയമിക്കപ്പെട്ട ഡോ. കെ.എസ്. അനില്‍കുമാര്‍. 

Content Highlights: dr ks anilkumar appointed as kerala university registrar again