നിലപാടിൽ ഉറച്ച് ഡോ. ഹാരിസ്; 'സർവീസ് മടുത്തു, നടപടി പ്രശ്നമില്ല, സത്യം മൂടിവെക്കുന്നതാണ് നാണക്കേട്'

ഡോ. ഹാരിസ് ചിറക്കൽ | Photo: Screengrab/ Mathrubhumi News
ഡോ. ഹാരിസ് ചിറക്കൽ | Photo: Screengrab/ Mathrubhumi News

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്രതിസന്ധിയെക്കുറിച്ച് താൻ ഫെയ്​സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ഉറച്ചുനിൽക്കുന്നുവെന്ന് യൂറോളജി വിഭാഗം തലവൻ ഡോ. ഹാരിസ് ചിറക്കൽ. വൈകാരികമായ കുറിപ്പായിരുന്നു അതെന്നും നടപടി എന്തായാലും പ്രശ്നമൊന്നുമില്ലെന്നും ഡോ. ഹാരിസ് മാധ്യമങ്ങളോട് പറഞ്ഞു. 

ഉപകരണം ഇല്ലാത്തത് കൊണ്ട് സർജറി മാറ്റിവെക്കുന്നതിനേക്കാളും അതുകാെണ്ട് രോഗി മരിക്കുന്നതിനേക്കാളും വലിയ നാണക്കേട് വേറെന്താണ്? നാണക്കേട് കാണിച്ച് സത്യങ്ങൾ മൂടിവെക്കുന്നത് എന്തിനാണ്. സത്യങ്ങൾ മൂടിവെക്കേണ്ടതില്ല. മന്ത്രിയുടെ പിഎസ് നൽകിയെ ഉറപ്പിനെത്തുടർന്നാണ് ഫെയ്​സ്ബുക്ക് പോസ്റ്റ് പിൻവലിച്ചതെന്നും അദ്ദേഹം പറഞ്ഞു.

'പോസ്റ്റ് പിൻവലിക്കണം. എല്ലാം പരിഹരിക്കാം എന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പലും ഡിഎംഇയും വിളിച്ച് ഉറപ്പുതന്നിരുന്നു. ഇതിന് മുമ്പ് പല പ്രാവശ്യം ഇത്തരത്തിൽ ഉറപ്പു തന്നത് കൊണ്ട്, പ്രത്യേകിച്ച് ഒന്നും നടക്കാൻ പോകുന്നില്ലെന്ന് അറിയാവുന്നത് കൊണ്ട് പോസ്റ്റ് പിൻവലിച്ചിരുന്നില്ല. പറഞ്ഞ കാര്യത്തിൽ ഉറച്ചുനിൽക്കുന്നു. സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തുക, സുഹൃത്തുക്കളെ അറിയിക്കുക എന്ന ഉദ്ദേശം മാത്രമേ ഉണ്ടായിരുന്നുള്ളൂ'.

കഴിഞ്ഞ ദിവസം നാല് ഓപ്പറേഷൻ ഉണ്ടായിരുന്നു. അതിൽ നാലും നടന്നിട്ടില്ല. രോഗികൾ മടങ്ങി. ഇതിനും മുമ്പും മുടങ്ങിയിട്ടുണ്ട്. ഉപകരണത്തിന്റെ പ്രശ്നങ്ങൾ നേരത്തെ ഉണ്ടായിരുന്നതാണ്. മുമ്പുള്ളവർ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചിട്ട് നടക്കാതെ പോയതാണ്. വേണ്ടപ്പെട്ടവരെയൊക്കെ വിശദമായ കാര്യങ്ങൾ ഞാൻ എഴുതിക്കൊടുത്തിട്ടുണ്ട്. മന്ത്രിയുടെ ഓഫീസിനെ അറിയിച്ചപ്പോൾ എല്ലാം ചെയ്തുതരാമെന്നായിരുന്നു പറഞ്ഞത്. എന്നാൽ ഇതുവരെ പരിഹരിച്ചിട്ടില്ല. 

നടപടി ഉണ്ടാകട്ടെ. സർവീസ് മടുത്തിരിക്കുകയാണ്. നടപടിയിൽ പ്രത്യേകിച്ചൊന്നും പറയാനില്ല. ജീവിതം തന്നെ മടുത്തെന്ന് പറഞ്ഞിരുന്നു. അതുകൊണ്ടായിരിക്കും പോലീസ് വീട്ടിൽ വന്നത്. അത്രത്തോളം വൈകാരികമായിട്ടാണ് താൻ ഫെയ്​സ്ബുക്കിൽ  പോസ്റ്റ് ഇട്ടത്- ഡോ. ഹാരിസ് മാധ്യമങ്ങളോട് പറഞ്ഞു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ ഉപകരണങ്ങളില്ലാതെ ഗുരുതര പ്രതിസന്ധി നേരിടുന്നുവെന്നായിരുന്നു ഡോ. ഹാരിസ് ചിറക്കൽ ഫെയ്​സ്ബുക്കിൽ പോസ്റ്റിട്ടത്. പാവപ്പെട്ട രോഗികള്‍ക്ക് മുന്നില്‍ നിസ്സഹായനായി നില്‍ക്കുന്ന താന്‍ ജോലി രാജിവെക്കുന്ന കാര്യം ആലോചിക്കുന്നാതായും അദ്ദേഹം കുറിപ്പിൽ പറഞ്ഞു. എന്നാൽ പിന്നീട് അദ്ദേഹം പോസ്റ്റ് പിൻവലിച്ചു. പോസ്റ്റ് പിൻവലിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് എഫ്.ബിയിൽ പുതിയ കുറിപ്പും പങ്കുവെച്ചു. എന്നാൽ ഡോ. ഹാരിസിന്റേത് തെറ്റായ കാര്യങ്ങളെന്ന് പറഞ്ഞ് ഡിഎംഇ ഡോ. വിശ്വനാഥൻ രംഗത്തെത്തിയിരുന്നു. ആരോപണങ്ങൾ തെറ്റാണെന്നും ഹാരിസ് ചിറക്കലിനെതിരേ നടപടി ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. 

'ഞാൻ തെറ്റുകാരനല്ല. പരിമിതികളാണ് എനിക്ക് ചുറ്റും. അതിനുള്ളിൽ നിന്ന് എന്റെ വിഭാഗത്തിൽ ചികിത്സ തേടി വരുന്ന ഓരോ മനുഷ്യനും  കഴിയുന്നതിന്റെ പരമാവധി ചികിത്സ നൽകാൻ ശ്രമിച്ചുകൊണ്ടേയിരിക്കും. കൂടെ ആത്മാർത്ഥമായി ജോലിചെയ്യുന്ന സീനിയർ ഡോക്ടർമാരും ജൂനിയർ ഡോക്ടർമാരുമാണ് എന്റെ ശക്തി. ഇന്നുവരെ വ്യക്തിപരമായി ആരുടേയും മുമ്പിൽ നട്ടെല്ല് വളയ്ക്കാത്ത ഞാൻ വകുപ്പ് മേധാവിയായപ്പോൾ ഒരുപാടുപേരെ സർ എന്ന് വിളിച്ചു. ഒരുപാട് മേശകളുടെ മുന്നിൽ ഓച്ഛാനിച്ചു നിന്നു. ഒരുപാട് കമ്മിറ്റികൾക്ക് പോയി. ഒന്നും നടന്നില്ല. എന്റെ കുടുംബങ്ങളിലെ ഒരു പരിപാടിക്കും ഞാൻ ഇപ്പോൾ പോകാറില്ല. ആശുപത്രിയിലെ ഒരു വകുപ്പ് മേധാവിക്ക് രോഗികളുടെ മേൽ അത്രക്ക് ശ്രദ്ധവേണം' - തുടങ്ങിയ കാര്യം വ്യക്തമാക്കിക്കൊണ്ട് അദ്ദേഹം പുതുതായി എഫ്ബിയിൽ കുറിച്ചു. 

Content Highlights: Doctor's Facebook Post Exposes Medical Equipment Shortage at Thiruvananthapuram Medical College