'മെഡിക്കല്‍ കോളേജിന്റെ സ്ഥിതി പ്രാകൃതം, സംസ്‌കാരമുള്ള ആര്‍ക്കും അവിടേക്ക് പോകാനാവില്ല'; 'സിസ്റ്റ'ത്തിനുനേരേ ആഞ്ഞടിച്ച് ഡോ. ഹാരിസ്

തിരുവനന്തപുരം: കാലം ഇത്ര പുരോഗമിച്ചിട്ടും പ്രാകൃതമായ നിലവാരത്തിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോേളജെന്നും സംസ്‌കാരമുള്ള ആര്‍ക്കും അവിടേക്ക് പോകാന്‍പറ്റാത്ത സ്ഥിതിയാണെന്നും ഡോ. ഹാരിസ് ചിറയ്ക്കല്‍. നാടൊട്ടുക്ക് മെഡിക്കല്‍ കോളേജുകള്‍ തുടങ്ങിയിട്ട് കാര്യമൊന്നുമില്ലെന്നും ഉള്ളതിന്റെ നിലവാരംകൂട്ടുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
മെഡിക്കല്‍ കോേളജില്‍ മതിയായ ചികിത്സകിട്ടാതെ ചവറ സ്വദേശി വേണു (49) മരിച്ച പശ്ചാത്തലത്തിലാണ് മെഡിക്കല്‍ കോേളജ് ആശുപത്രി യൂറോളജി വിഭാഗം മേധാവികൂടിയായ ഡോ. ഹാരിസിന്റെ രൂക്ഷവിമര്‍ശനം. കുറച്ചുനാള്‍മുന്‍പ് ആരോഗ്യവകുപ്പിലെ 'സിസ്റ്റം' തകര്‍ന്നു എന്ന് വിളിച്ചുപറഞ്ഞ് വിവാദംസൃഷ്ടിച്ചിരുന്നു ഡോ. ഹാരിസ്.
'പൊതുജനാരോഗ്യനയം, സമീപനം, വെല്ലുവിളി' എന്നവിഷയത്തില്‍ മെഡിക്കല്‍ സര്‍വീസ് സെന്റര്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഹൃദയാഘാതത്തെത്തുടര്‍ന്നെത്തിയ വേണുവിനെ മെഡിക്കല്‍ കോേളജില്‍ തറയില്‍ക്കിടത്തിയാണ് ചികിത്സിച്ചതെന്നറിഞ്ഞു. അത്യാസന്നനിലയിലായ രോഗികളെ ഇത്തരത്തില്‍ ചികിത്സിക്കുന്നത് എങ്ങനെയാണ് ആധുനികസമൂഹത്തിന് അംഗീകരിക്കാനാവുക. കൊല്ലത്ത് മറ്റ് ആശുപത്രികളുണ്ടായിട്ടും പന്മനയില്‍നിന്ന് വേണുവിന് തിരുവനന്തപുരം മെഡിക്കല്‍ കോേളജില്‍ വരേണ്ടിവന്നതുതന്നെ സങ്കടകരമാണ്' – അദ്ദേഹം പറഞ്ഞു.
കുറച്ചുകാലം മുന്‍പ് താന്‍ ഇത്തരത്തില്‍ ചിലകാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നെന്നും അതിന്റെപേരില്‍ കുറച്ച് വിഷമത നേരിടേണ്ടിവന്നിട്ടുണ്ടെന്നും ഡോ. ഹാരിസ് പറഞ്ഞു. പക്ഷേ, സമൂഹവും മാധ്യമങ്ങളും തനിയ്‌ക്കൊപ്പംനിന്നു. അക്കാര്യത്തില്‍ നന്ദിയുണ്ട്. താന്‍ തെറ്റല്ല ചെയ്തത്, അനാസ്ഥ ചൂണ്ടിക്കാണിക്കുകയായിരുന്നു. മുഖ്യമന്ത്രിയെയോ മന്ത്രിയെയോ രാഷ്ട്രീയപ്പാര്‍ട്ടിയെയോ കുറ്റപ്പെടുത്താനായി മനഃപൂര്‍വം ചെയ്യുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
ഡിഎംഇ റിപ്പോര്‍ട്ട് നാളെ
തിരുവനന്തപുരം: മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സകിട്ടാതെ രോഗി മരിച്ചു എന്ന പരാതിയില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. വിശ്വനാഥന്‍ മന്ത്രി വീണാ ജോര്‍ജിന് തിങ്കളാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍കോളജില്‍ പ്രവേശിപ്പിച്ച കൊല്ലം ചവറ പന്മന പൂജാഭവനില്‍ വേണു (49) മതിയായ ചികിത്സകിട്ടാതെ മരിച്ചതായാണ് ബന്ധുക്കള്‍ പരാതിപ്പെട്ടത്. ചികിത്സലഭിച്ചില്ല എന്ന വേണുവിന്റെ ശബ്ദസന്ദേശവും പുറത്തുവന്നിരുന്നു.
ആവശ്യത്തിന് പരിചരണം നല്‍കിയില്ലെന്നും തറയില്‍ കിടത്തിയാണ് ചികിത്സിച്ചതെന്നും ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു. ഈ ആരോപണങ്ങള്‍ നിഷേധിച്ചാണ് കാര്‍ഡിയോളജി വിഭാഗം ആരോഗ്യവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് വിശദീകരണം നല്‍കിയത്.
Content Highlights: Dr. Harris Chirayil criticizes Thiruvananthapuram Medical College for its `primitive` state and poor patient care, following a patient`s death. Read more about the controversy.