സ്ത്രീധനം നൽകുന്നത് കുറ്റമല്ലാതാക്കണമെന്ന് നിയമപരിഷ്‌കരണ കമ്മിഷൻ, വിശദീകരണം നൽകാതെ കേന്ദ്രം

കൊച്ചി: സ്ത്രീധനം നൽകുന്നത് കുറ്റകരമാക്കുന്ന വ്യവസ്ഥ സ്ത്രീധനനിരോധന നിയമത്തിൽനിന്ന് ഒഴിവാക്കണമെന്ന ശുപാർശ കേരള നിയമപരിഷ്‌കരണ കമ്മിഷൻ നൽകിയിട്ടുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. സ്ത്രീധനത്തെ വരനോ വരന്റെ കുടുംബമോ ആവശ്യപ്പെടുന്ന സ്വത്തോ സെക്യൂരിറ്റിയോ ആയി കാണണമെന്നും ഇതാവശ്യപ്പെടുന്നത് കുറ്റകരമാക്കണമെന്നുമാണ് ശുപാർശയിൽ പറയുന്നത്.
സ്ത്രീധനം നൽകുന്നത് കുറ്റമായി കണക്കാക്കുന്ന സ്ത്രീധനനിരോധന നിയമത്തിലെ വകുപ്പ് മൂന്ന് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എറണാകുളം സ്വദേശിനിയായ ടെൽമി ജോളി നൽകിയ ഹർജിയിലാണ് നടപടി. എന്നാൽ, വിഷയത്തിൽ കേന്ദ്രസർക്കാർ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
വിഷയം വീണ്ടും പരിഗണിക്കുന്ന ഫെബ്രവരി 11-നകം ഇക്കാര്യത്തിൽ സത്യവാങ്മൂലം നൽകാൻ കേന്ദ്രസർക്കാരിന് കോടതി നിർദേശം നൽകി. ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. സ്ത്രീധനം നൽകുന്നവരെയും കുറ്റക്കാരായി കണക്കാക്കുന്നതിനാൽ സ്ത്രീധനനിരോധന നിയമം കാര്യക്ഷമമായി നടപ്പാക്കാനാകുന്നില്ലെന്നാണ് ഹർജിക്കാരിയുടെ വാദം.
Content Highlights: Kerala Law Commission recommends removing `giving dowry` as an offense from the Dowry Prohibition Act. Central govt yet to respond. Learn more.