സ്‌കൂളിൽനിന്ന് മടങ്ങിയ പ്ലസ് ടു വിദ്യാർഥിനിയെ വളർത്തുനായ്ക്കൾ ആക്രമിച്ചു; സംഭവം ശ്രീകാര്യത്ത്

തിരുവനന്തപുരം: ശ്രീകാര്യം പോങ്ങുമ്മൂട്ടിൽ സ്‌കൂളിൽനിന്ന് മടങ്ങിയ പ്ലസ് ടു വിദ്യാർഥിനിയെ വളർത്തുനായ്ക്കൾ ആക്രമിച്ചു. മൺവിള സ്വദേശി മനോജ്- ആശ ദമ്പതികളുടെ മകൾ അന്ന മരിയക്കാണ് കടിയേറ്റത്.
ബുധനാഴ്ച ഉച്ചയോടെ സ്‌കൂൾ കഴിഞ്ഞ് കൂട്ടുകാരിക്കൊപ്പം മടങ്ങുകയായിരുന്നു അന്ന മരിയ. അതീവ അപകടകാരികളും വേട്ടയ്ക്ക് ഉപയോഗിക്കുന്നവയുമായ ബെൽജിയൻ മാലിനോയ്‌സ് ഇനത്തിൽപ്പെട്ട രണ്ട് നായ്കളാണ് കുട്ടിയെ ആക്രമിച്ചത്. വിദ്യാർഥികളുടെ നിലവിളി കേട്ട് നാട്ടുകാരാണ് കുട്ടിയെ രക്ഷിച്ചത്. കാലിൽ ഗുരുതരമായി കടിയേറ്റ അന്ന മരിയയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പോങ്ങുംമൂട് ബാപുജി നഗറിൽ കബീർ- നയന ദമ്പതികളുടെതാണ് രണ്ടു നായ്ക്കളും. നാട്ടുകാർ അടിച്ചിട്ടും നായ്ക്കൾ കടി വിടാൻ കൂട്ടാക്കിയിരുന്നില്ല. നായ്ക്കളെ ഉടമ അലക്ഷ്യമായി അഴിച്ചുവിട്ടു എന്ന് ആരോപണം ഉയർന്നിട്ടുണ്ട്. കുട്ടിയുടെ അച്ഛൻ ശ്രീകാര്യം പോലീസിൽ പരാതിനൽകി.
Content Highlights: dogs attacks plus two student in sreekaryam thiruvananthapuram