പട്ടികാരണം പിണങ്ങി, പഞ്ചായത്ത് ഇണക്കി; മുഖാമുഖം കണ്ടപ്പോഴേ നിറഞ്ഞ സൗഹൃദത്തോടെ ഇരുവരും കൈകൊടുത്തു

• ബേബിയും കുഞ്ഞിരാമനും ബളാൽ പഞ്ചായത്ത്‌ ഓഫീസിൽ കൈകൊടുക്കുന്നു
• ബേബിയും കുഞ്ഞിരാമനും ബളാൽ പഞ്ചായത്ത്‌ ഓഫീസിൽ കൈകൊടുക്കുന്നു

വെള്ളരിക്കുണ്ട് (കാസർകോട്) : പട്ടിയുടെ പേരിൽ പിണങ്ങിയ ബേബിയും കുഞ്ഞിരാമനും ഒടുവിൽ പഞ്ചായത്തിന്റെ മധ്യസ്ഥതയിൽ ഇണങ്ങി. ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ ഇരുവരും കൈകൊടുത്ത് ചിരിച്ച മുഖത്തോടെ പിരിഞ്ഞു.

പാത്തിക്കര അക്കരെ ഉന്നതിയിലെ എളേരി കുഞ്ഞിരാമന്റെ സ്ഥലത്ത് വിലയ്ക്കുവാങ്ങിയ മരം മുറിക്കാൻ മരക്കച്ചവടക്കാരനായ ബേബി എത്തിയത് കഴിഞ്ഞ സെപ്റ്റംബർ 20-ന്. മരം മുറിക്കുന്നതിനിടയിൽ കുഞ്ഞിരാമന്റെ വളർത്തുനായ ബേബിയുടെ ഇടതുകാലിൽ കടിച്ചു. നായ കടിച്ചകാര്യം കുഞ്ഞിരാമനോട് പറഞ്ഞപ്പോൾ പരുഷമായി പ്രതികരിച്ചെന്നായിരുന്നു ബേബിയുടെ വിഷമം. ഇതിൽ പ്രതിഷേധിച്ച് വെള്ളരിക്കുണ്ട് പോലീസിലും പിന്നാലെ പഞ്ചായത്ത് സെക്രട്ടറിക്കും പ്രസിഡന്റിനും പരാതി നൽകി. നായ കടിച്ചത് മൂലം ജോലി ചെയ്യാൻ സാധിക്കുന്നില്ല, ദിവസവും ആശുപത്രിയിൽ പോകേണ്ടിവരുന്നു, കാലിന്റെ വേദന കുറയുന്നില്ല എന്നിവയായിരുന്നു പരാതി. കെട്ടിയിടാതെ നായയെ വളർത്തിയതിന് പഞ്ചായത്ത് നിയമം അനുസരിച്ച് കുഞ്ഞിരാമന്റെ പേരിൽ നടപടി എടുത്ത് നഷ്ടപരിഹാരം വാങ്ങിത്തരണമെന്നും ആവശ്യപ്പെട്ടു. ഇതു പ്രകാരം പഞ്ചായത്ത് സെക്രട്ടറി ഇരുവരെയും ഓഫീസിലേക്ക് വിളിപ്പിച്ചു. 2000 രൂപ നഷ്ടപരിഹാരമായി ബേബിക്ക് നൽകാമെന്ന് കുഞ്ഞിരാമൻ എഴുതി നൽകിയെങ്കിലും പരാതി ഒത്തുതീർപ്പാക്കാൻ സെക്രട്ടറി ശ്രമിച്ചു.

പഞ്ചായത്ത് പ്രസിഡന്റിന്റെ മുമ്പാകെ ഇരുവരെയും വിളിച്ചിരുത്തി. മുഖാമുഖം കണ്ടപ്പോൾ ഇരുവരുടെയും പിണക്കം മാഞ്ഞു. നഷ്പരിഹാരം വേണ്ടെന്ന് ബേബി. ആശ്വസത്തിൽ നിറഞ്ഞ സൗഹൃദത്തോടെ കുഞ്ഞിരാമനും. ഇരുവരെയും കൈകൊടുപ്പിച്ച് പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം.

വേറിട്ട് ഒത്തുതീർപ്പിന് സാക്ഷികളായി പഞ്ചായത്ത് സെക്രട്ടറി എം. മധുവും ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷോബി ജോസഫും ജി. ശ്വേതയും.

Content Highlights: Dog Dispute Resolved: Kerala Neighbors Reconcile Through Panchayat Mediation