വാക്സിന് എടുത്തശേഷവും പേവിഷബാധ; ഏഴുവയസുകാരി തിരുവനന്തപുരം എസ്എടിയില്‍ ചികിത്സയില്‍

തിരുവനന്തപുരം: വാക്സിന് എടുത്തിട്ടും എഴുവയസുകാരിക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നിലവില്‍ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ സ്ഥിതി ആശങ്കാജനകമാണ് എന്ന് അധികൃതര്‍ വ്യക്തമാക്കി. കുട്ടിക്ക് ഇനി വാക്സിന്റെ അവസാന ഡോസ് മാത്രമേ എടുക്കാന്‍ ബാക്കി ഉണ്ടായിരുന്നുള്ളൂ. ഇതിനുമുമ്പാണ് കുട്ടിക്ക് പനി തുടങ്ങിയത്.
കൊല്ലം ജില്ലയില്‍ വിളക്കുടിയിലെ വീട്ടില്‍വെച്ച് ഏപ്രില്‍ എട്ടാംതീയതിയാണ് കുട്ടിക്ക് തെരുവുനായയുടെ കടിയേറ്റത്. കുട്ടിയെ ഉടന്‍തന്നെ വിളക്കുടി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിക്കുകയും പേവിഷബാധയ്ക്കുള്ള ഐഡിആര്‍ വാക്സിന് ആദ്യ ഡോസ് നല്‍കുകയും ചെയ്തിരുന്നുവെന്നാണ് പറയുന്നത്. കൂടാതെ ആന്റി സെറവും എടുത്തു. എന്നാല്‍ അവസാന ഡോസിനുമുമ്പ് കുട്ടിക്ക് പനി തുടങ്ങി.
ഇതോടെ മാതാപിതാക്കള്‍ കുട്ടിയെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പിന്നാലെ ആരോഗ്യസ്ഥിതി മോശമായതോടെയാണ് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സയുടെ കാര്യത്തില്‍ ഒരുതരത്തിലുള്ള വീഴ്ചയും വരുത്താഞ്ഞിട്ടും എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്ന ആശങ്കയിലാണ് കുട്ടിയുടെ മാതാപിതാക്കള്‍.
ദിസങ്ങള്‍ക്ക് മുമ്പ് മലപ്പുറത്ത് തെരുവുനായയുടെ കടിയേറ്റതിനെ തുടര്‍ന്ന് പേവിഷബാധയുണ്ടായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന അഞ്ചരവസുകാരി മരിച്ചിരുന്നു. കടിയേറ്റതിന് പിന്നാലെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച് ഐഡിആര്‍ബി വാക്സിന് എടുത്തിരുന്നു. പിന്നീട് പേവിഷബാധ സ്ഥിരീകരിച്ച കുട്ടി വൈകാതെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
കഴുത്തിന് മുകളിലേറ്റ പരിക്ക് ഗുരുതരവും ആഴത്തിലുള്ളത് ആയിരുന്നതിനാലുമാണ് വാക്സിന് ഫലപ്രദമാകാത്ത സാഹചര്യമുണ്ടായത് എന്നായിരുന്നു ആരോഗ്യവിദഗ്ധരുടെ കണ്ടെത്തല്‍. തലയില്‍ ആഴത്തിലുള്ള നാല് മുറിവുകളടക്കം 13 മുറിവുകളാണ് കുട്ടിയുടെ ശരീരത്തില്‍ ഉണ്ടായിരുന്നത്. കുട്ടിക്ക് പ്രാഥമിക ചികിത്സ നല്‍കുന്നതിലും പിഴവ് സംഭവിച്ചതായി കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു.
Content Highlights: doctors confirmed rabies to kid who took idrv and other precaution