മൂന്നിരട്ടി ശമ്പളം ഉപേക്ഷിച്ച് റവന്യൂവകുപ്പിൽ,സിവില്‍ സർവീസിലേക്ക് കളംമാറിയ ഡോക്ടർ, ജെ.ഒ.അരുണിന് IAS

മലപ്പുറം: ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലേക്ക് നിയമനംനല്‍കി ബുധനാഴ്ച കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കുമ്പോള്‍ ഡോ. ജെ.ഒ. അരുണ്‍ വയനാട്ടിലായിരുന്നു. മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പ് ഉദ്ഘാടനത്തിന്റെ തിരക്കുകളിലായിരുന്നു വയനാട് പുനരധിവാസ പ്രാരംഭ പ്രവര്‍ത്തനങ്ങളുടെ സ്പെഷ്യല്‍ ഓഫീസര്‍കൂടിയായ അദ്ദേഹം. ഐഎഎസ് കിട്ടിയതിന്റെ സന്തോഷത്തേക്കാള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മുഖ്യമന്ത്രി ഉദ്ഘാടനംചെയ്യാനിരിക്കുന്ന ടൗണ്‍ഷിപ്പ് പദ്ധതിയായിരുന്നു അരുണിന്റെ മനസ്സുനിറയെ.
പാലക്കാട്-കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേ സ്ഥലമെടുപ്പ് ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറായിരിക്കെയാണ് അരുണിന് ഐഎഎസ് നിയമനം. ആരോഗ്യ വിദ്യാഭ്യാസരംഗത്തെ 10 വര്‍ഷത്തെ സേവനത്തിനു ശേഷമാണ് 2014-ല്‍ ഡെപ്യൂട്ടി കളക്ടറായി നിയമനംകിട്ടിയത്. മൂന്നിരട്ടി ശമ്പളമുള്ള കോഴിക്കോട് ഗവ. ഡെന്റല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസറുടെ ജോലി ഉപേക്ഷിച്ച് റവന്യൂ വകുപ്പില്‍ ചേരാന്‍ ഒരു കാരണമേ ഉണ്ടായിരുന്നുള്ളൂ; സിവില്‍ സര്‍വീസിനോടുള്ള ഇഷ്ടം.
രണ്ടാം റാങ്കോടെയാണ് ഡെപ്യൂട്ടി കളക്ടര്‍ പദവിയിലെത്തിയത്. കോഴിക്കോട്ടായിരുന്നു ആദ്യ നിയമനം. പിന്നീട് മലപ്പുറം, പാലക്കാട്, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഡെപ്യൂട്ടി കളക്ടര്‍, റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ & സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ്, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് തസ്തികകളില്‍ ജോലിചെയ്തു. രണ്ടുതവണ സംസ്ഥാനത്തെ മികച്ച ഡെപ്യൂട്ടി കളക്ടര്‍ക്കുള്ള അവാര്‍ഡ് നേടി. സര്‍ക്കാരിന്റെ വിശിഷ്ട സേവാ പുരസ്കാരവും ലഭിച്ചു.
പലവിധ പ്രതിസന്ധികള്‍ മറികടന്ന് ജില്ലയിലെ ദേശീയപാതാ വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കല്‍ മാതൃകാപരമായി പൂര്‍ത്തീകരിച്ചതാണ് ഡോ. അരുണിന്റെ വലിയ നേട്ടം. ഇതിന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയില്‍നിന്ന് പ്രശംസാപത്രം ലഭിച്ചു. പിന്നീട് എറണാകുളം ജില്ലയിലെ ദേശീയപാത, മലപ്പുറം ജില്ലയിലെ ഗ്രീന്‍ഫീല്‍ഡ് പാത ഭൂമി ഏറ്റെടുക്കല്‍ എന്നിവയും പൂര്‍ത്തീകരിച്ചു. കോഴിക്കോട് വിമാനത്താവള റെസ വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കലും അരുണിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കി.
ഭൂപരിഷ്കരണവിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എന്ന നിലയില്‍ ഭൂരേഖകളുടെ കംപ്യൂട്ടര്‍വത്കരണവും ഓണ്ലൈന്നികുതി പിരിവും സംസ്ഥാനത്ത് ആദ്യമായി മലപ്പുറത്ത് പൂര്‍ത്തീകരിച്ചത് അരുണിന്റെ നേതൃത്വത്തിലാണ്. എന്റെ മലപ്പുറം ഡിജിറ്റല്‍ മലപ്പുറം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് പ്രചാരണം നല്‍കുന്നതിനും രാജ്യത്തുതന്നെ രണ്ടാം സ്ഥാനത്ത് എത്തിക്കുന്നതിനും നേതൃത്വംനല്കി. കോവിഡ് കാലത്ത് ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടറായും പ്രവര്‍ത്തിച്ചു.
മഞ്ചേരി വയ്പാറപ്പടി സ്വദേശിയാണ്. കോഴിക്കോട് ഗവ. ഡെന്റല്‍ കോളേജില്‍നിന്ന് രണ്ടാം റാങ്കോടെ ബിഡിഎസ് ബിരുദവും എംഡിഎസ് ബിരുദവും നേടി. റിട്ട. ജില്ലാ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസറായിരുന്ന പരേതനായ ഓമനക്കുട്ടന്റെയും മഞ്ചേരി ബോയ്സ് ഹൈസ്കൂള്‍ മുന്‍ ഡെപ്യൂട്ടി ഹെഡ് മിസ്ട്രസ് പി.കെ. വനജാക്ഷിയുടെയും മകനാണ്. നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ കുട്ടികളുടെ ഡോക്ടര്‍ വി. ബിനിലയാണ് ഭാര്യ. മക്കളായ ജിയ ജെ. അരുണും ജീവ് ജെ. അരുണും വിദ്യാര്‍ഥികളാണ്.
Content Highlights: doctor jo arun gets ias