ജില്ലാ ജഡ്ജി നിയമനം: കേരള ഹൈക്കോടതി പിന്തുടർന്ന നടപടിക്രമങ്ങൾ ചട്ട വിരുദ്ധമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: 2017-ലെ ജില്ലാ ജഡ്ജി നിയമനത്തിന് കേരള ഹൈക്കോടതി പിന്തുടർന്ന നടപടിക്രമങ്ങൾ ചട്ടങ്ങ വിരുദ്ധമെന്ന് സുപ്രീം കോടതി. എഴുത്ത് പരീക്ഷയ്ക്കും, ഇന്റർവ്യൂവിനും ശേഷം നിയമന നടപടികളിൽ മാറ്റം വരുത്തിയത് തെറ്റാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിധിച്ചു. എന്നാൽ നിയമനം ലഭിച്ച ജില്ലാ ജഡ്ജിമാരെ പിരിച്ച് വിടുന്നില്ലെന്നും ഭരണഘടന ബെഞ്ച് വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചിന്റേതാണ് സുപ്രധാനമായ വിധി. 2017-ലെ ജില്ലാ ജഡ്ജിമാരുടെ നിയമനത്തിന് ആദ്യം പുറത്തിറക്കിയ സ്കീം പ്രകാരം എഴുത്ത് പരീക്ഷയുടെയും, ഇന്റർവ്യൂവിന്റേയും മൊത്തം മാർക്കിന്റെ അടിസ്ഥാനത്തിൽ ആയിരിക്കുമെന്നാണ് വ്യക്തമാക്കിയിരുന്നത്. പൊതുവിഭാഗത്തിൽ പെട്ടവർക്ക് 50 ശതമാനവും, പട്ടിക ജാതി പട്ടിക വിഭാഗത്തിൽ പെട്ടവർക്ക് 40 ശതമാനവും ആയിരുന്നു എഴുത്ത് പരീക്ഷയ്ക്ക് ഉണ്ടായിരുന്ന കട്ട് ഓഫ് മാർക്ക്.
ഇന്റർവ്യൂവിന് കട്ട് ഓഫ് മാർക്ക് ഇല്ലെന്നായിരുന്നു ആദ്യം വ്യക്തമാക്കിയിരുന്നത്. എന്നാൽ എഴുത്ത് പരീക്ഷയും, ഇന്റർവ്യൂവും കഴിഞ്ഞ ശേഷം ഈ സ്‌കീമിൽ മാറ്റം വരുത്തി. ഇന്റർവ്യൂവിന് കട്ട് ഓഫ് മാർക്ക് ഏർപ്പെടുത്തികൊണ്ടുള്ള മാറ്റമാണ് വരുത്തിയത്. ഇത് ചട്ടവിരുദ്ധമാണെന്ന് ഭരണഘടന ബെഞ്ച് വ്യക്തമാക്കി. അതെസമയം നിയമനം ലഭിച്ചവർ അഞ്ച് വർഷത്തോളം ആയി ജുഡീഷ്യൽ സർവീസിൽ പ്രവർത്തിക്കുകയാണ്. ഈ സാഹചര്യത്തത്തിൽ അവരെ പിരിച്ച് വിടുന്നില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
നിയമം ലഭിക്കാത്തവർക്ക് അത് ഒരു കളങ്കം ആയിരിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഭാവിയിൽ ഇവർക്ക് ജുഡീഷ്യൽ സർവീസിലോ, മറ്റ് ഏതെങ്കിലും സർവീസിലോ നിയമനം ലഭിക്കുന്നതിന് ഒരു തടസ്സവും ഇല്ലെന്നും ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. സീനിയർ അഭിഭാഷകൻ വി ചിദംബരേഷ്, അഭിഭാഷകരായ പി.വി. ദിനേശ്, ഹരിപ്രിയ പദ്മനാഭൻ, രാകേന്ദ് ബസന്ത് എന്നിവരാണ് വിവിധ ഹർജിക്കാർക്ക് വേണ്ടി ഹാജരായത്. നിയമനം ലഭിച്ച ജില്ലാ ജഡ്ജിമാർക്ക് വേണ്ടി സീനിയർ അഭിഭാഷകൻ കൈലാസ് നാഥ പിള്ള ഹാജരായി. കേരള ഹൈകോടതിക്ക് വേണ്ടി സീനിയർ അഭിഭാഷകൻ ദാമ ശേഷാദ്രി നായിഡു ആണ് ഹാജരായത്.
Content Highlights: district judge appointment supreme court against kerala high court