ദിനേശ് ബീഡി വായ്പ: 100 കോടിക്കായി പയ്യാമ്പലത്തെ ഹെഡ് ഓഫീസും സ്ഥലവും ഈട്; അടുത്തദിവസം രജിസ്ട്രേഷൻ

#കെ.രാജേഷ് കുമാർ
കൈക്കൂലി - പ്രതീകാത്മക ചിത്രം | മാതൃഭൂമി
കൈക്കൂലി - പ്രതീകാത്മക ചിത്രം | മാതൃഭൂമി

കണ്ണൂർ: തമിഴ്‌നാട്ടിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽനിന്ന് 100 കോടി രൂപ വായ്പയെടുക്കാൻ സി.പി.എം. നിയന്ത്രണത്തിലുള്ള ദിനേശ് ബീഡി സഹകരണ സംഘം ഈടായി വെക്കുന്നത് പയ്യാമ്പലത്തെ ഹെഡ് ഓഫീസും സ്ഥലവും. ശ്രീലക്ഷ്മി വെങ്കിടേശ്വര ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുമായുള്ള ഇടപാട് കരാർ തമിഴ്‌നാട് ആർക്കോണത്തെ സബ് രജിസ്ട്രാർ ഓഫീസിൽ അടുത്തദിവസം രജിസ്റ്റർചെയ്യുമെന്നാണ് അറിയുന്നത്.

രജിസ്‌ട്രേഷൻ ചെലവായി 1.7 കോടി രൂപ ദിനേശ് ഇതിനകം കൈമാറിയെന്നാണ് ടി.ഒ.മോഹനൻ എം.എൽ.എ. വിജിലൻസിന് നൽകിയ പരാതിയിൽ പറയുന്നത്. സംഘത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വ്യവസായ വകുപ്പുമായുംമറ്റും ബന്ധപ്പെട്ട് പല ശ്രമങ്ങളും നടത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ലെന്ന് ബന്ധപ്പെട്ടവർ പറയുന്നു.

ചെക്കായാണ് പണം കൈമാറിയതെന്നാണ് ദിനേശ് ചെയർമാൻ എം.കെ. ദിനേശ് ബാബു പറയുന്നത്. എന്നാൽ, വിമുക്തഭടന്മാരുടെ ക്ഷേമത്തിനായി സ്ഥാപിച്ച സംഘത്തിൽനിന്ന് പിൻവലിച്ച 20 ലക്ഷം രൂപയുടെ വിനിമയം സംബന്ധിച്ച് പരാതിയുണ്ട്.

ഇടപാടുകളെല്ലാം നിയമപ്രകാരമുള്ളതാണെന്നും അതുസംബന്ധിച്ചുള്ള വസ്തുതകൾ പുറത്തുവിടുമെന്നും ദിനേശ്ബാബു പറഞ്ഞു.