അരലക്ഷത്തിൽനിന്ന് 19,000-ലേക്ക്; ധർമടം നൽകുന്ന പാഠമെന്ത്? മുഖ്യമന്ത്രിയുടെ നാട്ടിൽ മുഖം മാറുന്നുവോ?

#കെ. രാജേഷ്‌കുമാർ
പിണറായി വിജയൻ, വി.പി. അബ്ദുൽ റഷീദ്
പിണറായി വിജയൻ, വി.പി. അബ്ദുൽ റഷീദ്

കണ്ണൂർ: കരുത്തുറ്റ കമ്യൂണിസ്റ്റ് നേതാവെന്ന നിലയിലും തുടർച്ചയായുള്ള ഇടതുഭരണത്തിന് നേതൃത്വം നൽകിയ ശക്തനായ മുഖ്യമന്ത്രിയെന്ന നിലയിലും ദേശീയതലത്തിൽ പിണറായി വിജയന് ശ്രദ്ധ നേടിക്കൊടുത്ത മണ്ഡലമാണ് ധർമടം.

10 വർഷത്തിനിടെ കേരളത്തിൽ മറ്റെങ്ങും കാണാത്ത തരത്തിലുള്ള വികസനപ്രവർത്തനങ്ങൾക്കാണ് അദ്ദേഹത്തിന്റെ ജന്മനാട് ഉൾപ്പെട്ടിടം സാക്ഷ്യംവഹിച്ചത്.

ആതുരസേവനരംഗത്തും പശ്ചാത്തലമേഖലയിലും ഐ.ടി. വികസനത്തിലുൾപ്പെടെ വലിയ വികസനപദ്ധതികളാണ് മണ്ഡലത്തിൽ നടന്നുവരുന്നത്. ഫലം പുറത്ത് വരുമ്പോൾ പിണറായിയിലെ കൺവെൻഷൻ സെന്ററിൽ മുഖ്യമന്ത്രി എത്തുമെന്നും മാധ്യമങ്ങളെ കാണുമെന്നും അറിയിച്ചിരുന്നെങ്കിലും തിങ്കളാഴ്ച അതൊന്നും ഉണ്ടായില്ല. അരലക്ഷം എന്ന ഭൂരിപക്ഷത്തിൽനിന്ന് അഞ്ച് കൊല്ലത്തിനിപ്പുറം ഏറെ നാടകീയതയ്ക്കൊടുവിൽ അത് 19,247-ലേക്ക് കൂപ്പുകുത്തിയതിന്റെ ക്ഷീണം മുന്നണിക്കും പാർട്ടിക്കും ഉപരിയായി പിണറായി വിജയൻ എന്ന വ്യക്തിയിലാണ് തൊട്ടുനിൽക്കുന്നതെന്നതും ധർമടം നൽകുന്ന പാഠമാണ്.

2011-ൽ രൂപവത്കരണം മുതൽ ഇടതിനൊപ്പമായിരുന്നു മണ്ഡലം. ഇക്കുറി എൽ.ഡി.എഫ്. സ്ഥാനാർഥിയായി പിണറായി വിജയൻ മത്സരിക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപുതന്നെ ഉറപ്പായിരുന്നു. യു.ഡി.എഫ്. എതിരാളികളെ തേടുന്നതിനിടെയാണ് അപ്രതീക്ഷിതമായുള്ള വി.പി.അബ്ദുൾ റഷീദിന്റെ വരവ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തളിപ്പറമ്പിൽ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനോട് ശക്തമായ പോരാട്ടം നടത്തി ഇക്കുറി രണ്ടാം അങ്കത്തിനൊരുങ്ങുമ്പോഴാണ് റഷീദിനെ പാർട്ടി ധർമടത്തേക്കയച്ചത്. തളിപ്പറമ്പിൽ സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം ടി.കെ.ഗോവിന്ദൻ വിമത സ്ഥാനാർഥിയായി രംഗത്തെത്തിയതോടെയായിരുന്നു റഷീദിന്റെ കളംമാറ്റം. എൻ.ഡി.എ. സ്ഥാനാർഥിയായി ബി.ജെ.പി. സംസ്ഥാന സെക്രട്ടറി കെ.രഞ്ചിത്തും രംഗത്തെത്തിയതോടെ മത്സരം കടുക്കുമെന്ന സൂചനയുണ്ടായിരുന്നു.

ചരിത്രവും കണക്കും തെളിയിക്കും ധർമടത്തിന്റെ പുതിയ ചിത്രം

അടുത്തിടെ അന്തരിച്ച കെ.കെ.നാരായണനായിരുന്നു ധർമടത്തെ ആദ്യ ജനപ്രതിനിധി. 2016-ലും 2021-ലും പിണറായിയെത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 50,123 വോട്ടായിരുന്നു അദ്ദേഹത്തിന്റെ ഭൂരിപക്ഷം. എടക്കാട് ബ്ലോക്കിലെ ചെമ്പിലോട്, കടമ്പൂർ, പെരളശ്ശേരി പഞ്ചായത്തുകളും തലശ്ശേരി ബ്ലോക്കിലെ അഞ്ചരക്കണ്ടി, ധർമടം, മുഴപ്പിലങ്ങാട്, പിണറായി, വേങ്ങാട് പഞ്ചായത്തുകളും ചേർന്ന നിയമസഭാ മണ്ഡലം.

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 1,93,486 വോട്ടർമാരാണ് ഉണ്ടായിരുന്നത്. 82.82 ശതമാനം പേർ വോട്ടുചെയ്തു-1,60,247. അതിൽ 59.61 ശതമാനം വോട്ടും പിണറായിക്കായിരുന്നു-95,522. കൈപ്പത്തി ചിഹ്നത്തിൽ ജനവിധി തേടിയ യു.ഡി.എഫിന്റെ സി.രഘുനാഥ് 45,399 വോട്ടുമായി രണ്ടാം സ്ഥാനത്തായിരുന്നു- 28.33 ശതമാനം. ബി.ജെ.പി. നേതാവ് സി.കെ.പദ്മനാഭൻ 14,623 വോട്ട് നേടി- 9.13 ശതമാനം. ഇക്കുറി 2,06,000 വോട്ടർമാരിൽ നിന്നായി പിണറായി 85,614-ഉം വി.പി.അബ്ദുൾ റഷീദ് 66,367-ഉം വോട്ട്‌ നേടി. എൻ.ഡി.എ.യുടെ രഞ്ചിത്ത് 18,555 വോട്ടും പിടിച്ചു. 2021-ൽ 59.61 ശതമാനം വോട്ട് നേടിയ പിണറായിക്ക് ഇത്തവണ 49.87 ശതമാനം വോട്ട് നേടാനേ കഴിഞ്ഞുള്ളൂവെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബൂത്തുതലത്തിൽ എൽ.ഡി.എഫിന് നേരിയ മേൽക്കൈ മാത്രമായിരുന്നു. ആകെയുള്ള 165 ബൂത്തുകളിൽ 85-ൽ എൽ.ഡി.എഫിനും 80-ൽ യു.ഡി.എഫിനുമായിരുന്നു ഭൂരിപക്ഷം. വോട്ടിന്റെ എണ്ണത്തിൽ 2,616 മാത്രം. എൽ.ഡി.എഫ്.- 71,794, യു.ഡി.എഫ്.- 69,178, ബി.ജെ.പി.- 16,711 എന്നിങ്ങനെയായിരുന്നു വോട്ടുനില. എന്നാൽ, തൊട്ടുപിന്നാലെ വന്ന തദ്ദേശതിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളും എൽ.ഡി.എഫിനൊപ്പമായി. കടമ്പൂർ യു.ഡി.എഫിൽനിന്ന് പിടിച്ചെടുക്കുകയായിരുന്നു.

ആകെയുള്ള 153 വാർഡിൽ എൽ.ഡി.എഫിന് 108 കിട്ടിയപ്പോൾ യു.ഡി.എഫിനുള്ളത് 38 മാത്രം. എൻ.ഡി.എ.യ്ക്ക് മൂന്നും മറ്റുള്ളവർ നാലും നേടി.