ഭൂരിപക്ഷം 50,123 വോട്ടിൽനിന്ന് 2616 ആയി കുറഞ്ഞു; ക്യാപ്റ്റന്റെ കളം പിടിക്കാനിറങ്ങി വി.പി

#എ.കെ. ശ്രീജിത്ത്‌
പിണറായി വിജയൻ | PTI, വി.പി. അബ്ദുൾ റഷീദ് | Facebook.com
പിണറായി വിജയൻ | PTI, വി.പി. അബ്ദുൾ റഷീദ് | Facebook.com

കണ്ണൂർ: മണ്ഡലത്തിൽ ഒരോട്ടപ്രദക്ഷിണം നടത്തി സംസ്ഥാനപ്രചാരണത്തിന്റെ കടിഞ്ഞാണുമേന്തി പിണറായി വിജയൻ പോയശേഷമാണ് ഇക്കുറി ധർമടത്ത് യു.ഡി.എഫിന്റെ സ്ഥാനാർഥി വി.പി. അബ്ദുൾ റഷീദ് എത്തിയത്. പിണറായിയെ തളച്ചിടാൻ കെ. സുധാകരൻമുതൽ ഷാഫി പറമ്പിൽവരെയുള്ള നേതാക്കളിൽ ആരെയെങ്കിലും കോൺഗ്രസ് പരീക്ഷിക്കുമെന്ന് ശ്രുതിയുണ്ടായിരുന്നെങ്കിലും അബ്ദുൾ റഷീദിനാണ് നറുക്കുവീണത്. ഇടതുമുന്നണിയെ നയിക്കാൻ പിണറായി വിജയൻ ധർമടത്തുതന്നെ മത്സരിക്കുമെന്ന് ഉറപ്പായിരുന്നതിനാൽ എൽ.ഡി.എഫ്. പ്രവർത്തനം നേരത്തേ തുടങ്ങിയിരുന്നു.

2021-ൽ, സി.പി.എം. കോട്ടയായ തളിപ്പറമ്പിൽ എം.വി. ഗോവിന്ദന്റെ ഭൂരിപക്ഷം പകുതിയോളം കുറച്ചാണ് അബ്ദുൾ റഷീദ് ശ്രദ്ധേയനായത്. 2016-ൽ ജെയിംസ് മാത്യു നേടിയ 40,617 വോട്ടിന്റെ ഭൂരിപക്ഷം, എം.വി. ഗോവിന്ദൻ ജയിച്ചപ്പോൾ 22,689 വോട്ടായി കുറഞ്ഞു. തോറ്റെങ്കിലും ‘ജയന്റ് കില്ലർ’ ഇമേജ് നേടാൻ ഇതിലൂടെ കോൺഗ്രസിലെ യുവനേതാവിനായി. തോറ്റശേഷവും തളിപ്പറമ്പിൽ കേന്ദ്രീകരിച്ച അദ്ദേഹത്തിന് മുഖ്യമന്ത്രിയെ നേരിടാനുള്ള നിയോഗം അപ്രതീക്ഷിതമായിരുന്നു. എം.വി. ഗോവിന്ദന്റെ പിൻഗാമിയായി ഭാര്യ പി.കെ. ശ്യാമളയെത്തിയപ്പോൾ സി.പി.എമ്മിലുണ്ടായ പൊട്ടിത്തെറിയാണ് കോൺഗ്രസിന്റെ സ്ഥാനാർഥിപ്പട്ടിക മാറ്റിയെഴുതിയത്. പാർട്ടിവിട്ടെത്തിയ സി.പി.എം. ജില്ലാസെക്രട്ടേറിയറ്റംഗം ടി.കെ. ഗോവിന്ദൻ സ്വതന്ത്രനായി മത്സരിക്കുകയും യു.ഡി.എഫ്. പിന്തുണയ്ക്കുകയും ചെയ്തപ്പോഴാണ് അബ്ദുൾ റഷീദിനെ ധർമടത്തേക്ക് മാറ്റിയത്. റഷീദിന്റെ പ്രചാരണരീതികൾ ധർമടത്തും തുണയ്ക്കുമെന്നാണ് യു.ഡി.എഫിന്റെ കണക്കുകൂട്ടൽ.

തിരഞ്ഞെടുപ്പിന് മുൻപുതന്നെ പിണറായി വിജയൻ വികസനസംവാദസംഗമങ്ങളുമായി മണ്ഡലത്തിലാകെ എത്തിയിരുന്നു. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ വികസനംതന്നെയാണ് പ്രധാന പ്രചാരണായുധം. പത്തുകൊല്ലത്തെ വികസനം പ്രകടമാണെന്നതുതന്നെയാണ് എൽ.ഡി.എഫിന്റെ ആത്മവിശ്വാസവും. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷം പ്രാദേശിക കൺവെൻഷനുകൾവരെ പൂർത്തിയാക്കിയശേഷമാണ് മറ്റിടങ്ങളിലെ പ്രചാരണത്തിനായി മുഖ്യമന്ത്രി മണ്ഡലംവിട്ടത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷം മറികടക്കാനാണ് തങ്ങളുടെ മത്സരമെന്ന്‌ എൽ.ഡി.എഫ്. പ്രവർത്തകർ ആവേശംകൊള്ളുന്നു. അല്പം വൈകിയാണെത്തിയതെങ്കിലും പെട്ടെന്ന് ട്രാക്കിലെത്തിയെന്നാണ് യു.ഡി.എഫിന്റെ കണക്കുകൂട്ടൽ. പരമാവധി വോട്ട് സമാഹരിക്കുകയാണ് എൻ.ഡി.എ.യുടെ ലക്ഷ്യം.

50,123 വോട്ടാണ് 2021-ൽ പിണറായിയുടെ ഭൂരിപക്ഷം; 2016-ൽ 36,905. മണ്ഡലം നിലവിൽവന്ന 2011- ൽ 15,162 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സി.പി.എമ്മിലെ കെ.കെ. നാരായണൻ ജയിച്ചത്. ക്രമാനുഗതമായി ഉയർന്ന് അരലക്ഷം കടന്ന ഭൂരിപക്ഷം, ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ, അമ്പരപ്പിക്കുംവിധം കുറച്ചുകൊണ്ടുവരാനായതാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. കെ. സുധാകരനും എം.വി. ജയരാജനും മത്സരിച്ച 2024-ലെ തിരഞ്ഞെടുപ്പിൽ 2616 വോട്ട് മാത്രമാണ് മണ്ഡലത്തിൽ എൽ.ഡി.എഫിന് അധികം നേടാനായത്. 2019-ൽ ഇത് 4099 ആയിരുന്നു. തദ്ദേശതിരഞ്ഞെടുപ്പിൽ ഇരുപതിനായിരത്തോളം വോട്ടിന്റെ മേൽക്കൈ ഇടതുമുന്നണിക്കുണ്ട്.

ഈ കണക്കുകളുടെ ബലത്തിൽ പിണറായി വിജയന്റെ ഭൂരിപക്ഷം എത്രത്തോളം കുറയ്ക്കാനാവുമെന്നതാണ് യു.ഡി.എഫിനുമുന്നിലെ വെല്ലുവിളി. ബി.ജെ.പി. സംസ്ഥാന സെക്രട്ടറി കെ. രഞ്ചിത്ത് ആണ് എൻ.ഡി.എ. സ്ഥാനാർഥി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 14,623 വോട്ടാണ് എൻ.ഡി.എ. നേടിയത്.

ജില്ലയിൽ കൂടുതൽ വോട്ടുനേടിയ നാലാമത്തെ മണ്ഡലമാണ് ധർമടം. ലോക്‌സഭാതിരഞ്ഞെടുപ്പിൽ അത് 16,711 ആയി ഉയർന്നു. ഈ കണക്കുകളിലാണ് ബി.ജെ.പി.യുടെ പ്രതീക്ഷ.

Content Highlights: Pinarayi Vijayan's dominance in Dharmadam constituency., UDF candidate VP Abdul Rasheed's entry and political background., Analysis of vote share trends from 2011 to 2024., LDF's development narrative versus UDF's challenger strategy., NDA's vote share performance in the constituency.