ധനരാജ് വധക്കേസിൽ ഇന്ന് വിധി; പ്രതികൾ 20 ബിജെപി-ആർഎസ്എസ് പ്രവർത്തകർ

തളിപ്പറമ്പ്: സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ. നേതാവുമായിരുന്ന രാമന്തളി കാരന്താട്ടെ സി.വി.ധനരാജിനെ വെട്ടിക്കൊന്ന കേസിൽ തിങ്കളാഴ്ച തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ.പ്രശാന്ത് വിധിപറയും. 20 ബി.ജെ.പി.-ആർ.എസ്.എസ്. പ്രവർത്തകരാണ് പ്രതികൾ. 12-ാം പ്രതിയായ സി.ബിജു (ചൂരക്കാട്ട് ബിജു) പിന്നീട് കൊല്ലപ്പെട്ടിരുന്നു.
19 പ്രതികളുടെ വിചാരണയാണ് പൂർത്തിയായത്. 2016 ജൂലായ് 11-ന് രാത്രി പത്തോടെ ധനരാജിനെ ഒരുസംഘം വീടിനുമുന്നിൽ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ധനരാജ് രക്തസാക്ഷി ഫണ്ടിൽ ക്രമക്കേട് നടന്നെന്ന് സി.പി.എം. ജില്ലാ കമ്മിറ്റിയംഗമായിരുന്ന വി.കുഞ്ഞികൃഷ്ണൻ ആരോപിച്ചതോടെയാണ് ധനരാജ് വധക്കേസ് വീണ്ടും ചർച്ചയായത്. പാർട്ടിവിട്ട കുഞ്ഞികൃഷ്ണൻ പയ്യന്നൂരിൽ സി.പി.എമ്മിനെ തോൽപ്പിച്ച് നിയമസഭാംഗമാകുകയും ചെയ്തു.
അന്ന് പയ്യന്നൂർ സി.ഐ.യായിരുന്ന വി.രമേശനാണ് ആദ്യം കേസന്വേഷിച്ചത്. പിന്നീട് സി.ഐ.യായിവന്ന എം.പി.ആസാദാണ് കേസന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് 43 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. 177 രേഖകളും 33 മെറ്റീരിയൽ തെളിവുകളും ഹാജരാക്കി. 2025 സെപ്റ്റംബർ 25-നാണ് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയിൽ കേസ് വിസ്താരം തുടങ്ങിയത്.
ഇവർ പ്രതികൾ
രാമന്തളി മൊട്ടക്കുന്നിലെ ടി.പി.ബിജു (34), കക്കംപാറയിലെ എം.വിപിൻ (34), കക്കംപാറയിലെ എം.വൈശാഖ് (31), ചിറ്റടിയിലെ സി.സുകേഷ് (31), കക്കംപാറയിലെ കെ.വി.പ്രജിത്ത് ലാൽ (31), കെ.അനൂപ് (31), കക്കംപാറയിലെ പണ്ടാരവളപ്പിൽ രാജേഷ് (39), കാങ്കോൽ ആലക്കാട്ടെ കെ.എം.ബിജു (44), പയ്യന്നൂർ കാരയിലെ പി.രാജേഷ് കുമാർ (53), രാമന്തളി കക്കംപാറയിലെ കെ.മനൂപ് (32), മൊട്ടക്കുന്നിലെ സി.ഷൈജു (31), കക്കംപാറയിലെ കെ.ധനേഷ് (39), മൊട്ടക്കുന്നിലെ പി.പി.രാജീവൻ (34), കക്കംപാറയിലെ കെ.മധു (42), തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ എസ്.ആർ.അജീഷ് (കണ്ണൻ-38), ചെറുവത്തൂർ കുട്ടമത്തെ തമ്പാൻ മണിയേരി (58), പയ്യന്നൂർ കാരയിലെ രമേശൻ കാര (50), കാങ്കോൽ വടശ്ശേരിയിലെ എ.പി.നിജേഷ് (കുട്ടൻ-38), മൊട്ടക്കുന്നിലെ മാട്ടൂക്കാരൻ ലിജിൻ (31).
Content Highlights: The Taliparamba Additional Sessions Court will pronounce its verdict today in the 2016 murder of CPM branch secretary C.V. Dhanaraj in Payyannur, with 19 BJP-RSS workers facing trial after one accused died earlier.