ശിവകുമാറിന്റെ ആരോപണം അന്വേഷിച്ചു, ക്ഷേത്രത്തിലോ പരിസരത്തോ മൃഗബലി നടന്നിട്ടില്ല- ദേവസ്വം മന്ത്രി

തിരുവനന്തപുരം: കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ കേരളത്തില്‍ മൃഗബലിയടക്കമുള്ള ശത്രുസംഹാരപൂജ നടത്തിയെന്ന കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ ആരോപണത്തിൽ പ്രതികരണവുമായി ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ. രാജരാജേശ്വര ക്ഷേത്രത്തിലോ ക്ഷേത്ര പരിസരത്തോ അത്തരത്തിലുള്ള ഒന്നും നടന്നിട്ടില്ലെന്നാണ് പ്രാഥമികമായി കിട്ടിയ റിപ്പോർട്ടെന്ന് അദ്ദേഹം പറഞ്ഞു.
'രാജരാജേശ്വരി ക്ഷേത്രത്തിൽ മൃഗബലി നടത്തി എന്നാണ് ശിവകുമാർ ആരോപിച്ചത്. ഇന്നലെ തന്നെ ആരോപണത്തിൽ അന്വേഷണം നടത്തി. ദേവസ്വം ബോർഡുമായി ബന്ധപ്പെട്ടിരുന്നു. മറ്റു രീതികളിലും അന്വേഷിച്ചു. ക്ഷേത്രത്തിലോ ക്ഷേത്ര പരിസരത്തോ അത്തരത്തിലുള്ള ഒന്ന് നടന്നിട്ടില്ലെന്നാണ് പ്രാഥമികമായി കിട്ടിയ റിപ്പോർട്ട്. ദേവസ്വം ബോർഡ് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പിന്നെ എന്തുകൊണ്ടാണ് ശിവകുമാർ ആരോപണം ഉന്നയിച്ചതെന്ന് പരിശോധിക്കേണ്ടതുതന്നെയാണ്. മൃഗബലി നടത്താൻ പാടില്ലെന്നത് 1968-ലെ നിയമമാണ്. കേരളത്തിൽ വേറെ എവിടെയെങ്കിലും മൃഗബലി നടന്നിട്ടുണ്ടോയെന്നതും പരിശോധിക്കും', മന്ത്രി വ്യക്തമാക്കി. ശിവകുമാറിന്റെ ആരോപണം തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം ഭാരവാഹികള്‍ നേരത്തെ തള്ളിയിരുന്നു.
അതേസമയം, സംഭവം വിവാദമായതോടെ ആരോപണത്തില്‍ വ്യക്തതവരുത്തി ഡി.കെ. ശിവകുമാര്‍ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. ശത്രുസംഹാരപൂജ തളിപ്പറമ്പിലെ രാജരാജേശ്വര ക്ഷേത്രത്തില്‍ നടന്നുവെന്നല്ല താന്‍ പറഞ്ഞതെന്നും മറിച്ച് ക്ഷേത്രത്തിന് 15 കിലോമീറ്ററോളം അകലെയുള്ള സ്വകാര്യ സ്ഥലത്താണ് പൂജ നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാമൂഹ്യമാധ്യമമായ എക്‌സിലൂടെയായിരുന്നു ഡി.കെയുടെ പ്രതികരണം.
'പൂജ നടന്ന സ്ഥലം എവിടെയാണെന്ന് കൃത്യമായി മനസിലാകാന്‍ വേണ്ടിയാണ് ക്ഷേത്രത്തെക്കുറിച്ച് പരാമര്‍ശം നടത്തിയത്. രാജരാജേശ്വര ക്ഷേത്രത്തില്‍നിന്ന് അനുഗ്രഹം ലഭിക്കാന്‍ കുറച്ചുകാലംമുമ്പ് എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്. അതിനാല്‍, എന്റെ വാക്കുകള്‍ സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയെടുത്ത് തെറ്റായി വ്യാഖ്യാനിക്കരുതെന്ന് ഞാന്‍ അഭ്യര്‍ഥിക്കുകയാണ്', ഡി.കെ. പറഞ്ഞു
മൃഗങ്ങളെ ബലിനല്‍കുന്നത് ഉള്‍പ്പെടെയുള്ള ശത്രുസംഹാരപൂജയാണ് തനിക്കും സിദ്ധരാമയ്യയ്ക്കുമെതിരെ കേരളത്തില്‍ നടന്നതെന്നാണ് ഡി.കെ. ശിവകുമാര്‍ നേരത്തേ ആരോപിച്ചത്. വിശ്വസിനീയമായ വിവരമാണ് തനിക്ക് ലഭിച്ചത്. 'രാജകണ്ഡക', 'മരണ മോഹന സ്തംഭന' യാഗങ്ങളാണ് നടത്തിയത്. കേരളത്തില്‍ നടക്കുന്ന മന്ത്രവാദ ചടങ്ങുകളേക്കുറിച്ച് അറിയുന്നവരാണ് യാഗങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ സംബന്ധിച്ച വിവരങ്ങള്‍ തങ്ങള്‍ക്ക് നല്‍കിയതെന്നും ഡി.കെ. പറഞ്ഞിരുന്നു.
Content Highlights: Devaswom minister said no animal sacrifice in temple