മകനെ ആദ്യമായി കണ്ട ദിനത്തില്‍ മകള്‍ യാത്രയായി; ഹൃദയം തകര്‍ന്ന് പ്രദീപ്

-
-

കൊല്ലം: മകളെ കാണാനില്ലെന്നറിഞ്ഞ് മസ്‌കറ്റില്‍നിന്ന് വെള്ളിയാഴ്ച പലര്‍ച്ചെയാണ് അച്ഛന്‍ പ്രദീപ്കുമാര്‍ എത്തിയത്. ഭാര്യ ധന്യയുടെ അടുത്തേക്ക് ഓടിയെത്തിയ പ്രദീപ് ആദ്യം കേട്ടത് മകളുടെ ശരീരം വീടിനു വിളിപ്പാടകലെ ഇത്തിക്കരയാറ്റില്‍ കണ്ടെത്തിയെന്ന വിവരമാണ്.

പ്രദീപിനെയാണ് മൃതദേഹം തിരിച്ചറിയാനായി പോലീസ് വിളിച്ചത്. ആറിന്റെ കരയിലെത്തി മകളെ കണ്ട പ്രദീപ് നിലവിളിയോടെ പിന്നിലേക്ക് ബോധമറ്റു വീണു. 'വെക്കേഷന് ഞാന്‍ നാട്ടില്‍ വരണമെന്ന വാശിയിലായിരുന്നു അവള്‍. എന്നും വിളിക്കുമായിരുന്നു...'-പ്രദീപ് വിതുമ്പി. വാക്കുകള്‍ മുറിഞ്ഞു. ചുണ്ടുകള്‍ വിറച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മകളുടെ ശരീരം കൊണ്ടുവരുന്നതും കാത്ത് അയല്‍വീട്ടിലിരിക്കവെ അച്ഛന്‍ പ്രദീപിന് പലപ്പോഴും നിലതെറ്റി.

മകളുടെ വാശി അംഗീകരിച്ച് വേനലവധിക്ക് നാട്ടിലേക്കു തിരിക്കാനുള്ള ആലോചനയിലായിരുന്നു പ്രദീപ്. ഇളയമകന്‍ നാലുമാസം പ്രായമുള്ള ദേവദത്തനെയും പ്രദീപ് കണ്ടിരുന്നില്ല. രണ്ടു മക്കളുമൊത്തുള്ള ആഘോഷക്കാലത്തിനായി നാട്ടിലെത്താനിരുന്ന അച്ഛന് താങ്ങാനാകുന്നതായിരുന്നില്ല പൊന്നുവിന്റെ വിയോഗം.

മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ, എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി., ഡി.സി.സി. പ്രസിഡന്റ് ബിന്ദുകൃഷ്ണ, പ്രതാപവര്‍മ തമ്പാന്‍, എ.എ.അസീസ്, ഷാനവാസ്ഖാന്‍ തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു. പിന്നീട് വാക്കനാട്ടേക്ക് കൊണ്ടുപോയ മൃതദേഹം ദേവനന്ദ പഠിച്ചിരുന്ന സരസ്വതി വിദ്യാമന്ദിര്‍ സ്‌കൂളില്‍ പൊതുദര്‍ശനത്തിനു വെച്ചു.

അന്ന് അവള്‍ അമ്മയെ കബളിപ്പിച്ചു...

മുന്‍പൊരിക്കല്‍ ദേവനന്ദയെന്ന പൊന്നു അമ്മയെയൊന്ന് കബളിപ്പിച്ചിട്ടുണ്ട്. കുടവട്ടൂരിലെ വീട്ടില്‍െവച്ചാണ് സംഭവം. അമ്മ കാണാതെ അവള്‍ മാറിനിന്നു. അല്പദൂരം നടന്നുപോയി. കുഞ്ഞിനെ തിരക്കിയ ധന്യ നന്നേ വിഷമിച്ചു. പക്ഷേ അധികം വൈകാതെ കുഞ്ഞിനെ കണ്ടെത്തി.

അന്ന് ധന്യ മകളെ ഉപദേശിച്ചു, ഇനി ഒരിക്കലും ഇങ്ങനെ കളിക്കരുതെന്ന്. പിന്നീട് ഒരിക്കല്‍പ്പോലും കുട്ടി മുതിര്‍ന്നവരോട് പറയാതെ എങ്ങോട്ടും പോയിട്ടില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

അധ്യാപകരും ഇത് ശരിവെക്കുന്നു. നേരത്തേ കബളിപ്പിച്ചതുപോലെ മകള്‍ ഒളിച്ചിരിക്കണമേയെന്നായിരുന്നു ധന്യയുടെ പ്രാര്‍ഥന. ആ പ്രതീക്ഷയിലായിരുന്നു ആദ്യമണിക്കൂറുകളില്‍ ആ അമ്മ. സാമൂഹിക മാധ്യമങ്ങളിലൂടെ കുട്ടിയെ കാണാതായ വീഡിയോ പ്രചരിപ്പിച്ചപ്പോഴും ധന്യ പ്രതീക്ഷയിലായിരുന്നു. ലോകത്തെമ്പാടുമുള്ള മലയാളികള്‍ ഈ പ്രചാരണം ഏറ്റെടുത്തിരുന്നു. ദേവനന്ദയെ കാണാതായ വിവരം മണിക്കൂറുകള്‍ക്കുള്ളില്‍ നാടാകെ പരക്കുകയും ചെയ്തു. ആദ്യ മണിക്കൂറുകളില്‍ കാണിച്ച ധൈര്യം പക്ഷേ ചോര്‍ന്നുപോയി. മരണവാര്‍ത്തയറിഞ്ഞതോടെ അവര്‍ അലമുറയിട്ടു.

Content Highlights: Devananda child death, Kollam, Kerala, father pradeep, child missing case Kerala 

Content Highlights: