ഡൽഹിയിൽ പ്രതിഷേധിച്ച പെൺകുട്ടിക്കുനേരെ പോലീസിന്റെ ബലപ്രയോഗം; ‘മാതൃഭൂമി’ വീഡിയോയ്ക്ക് ഇൻസ്റ്റഗ്രാമിന്റെ വിലക്ക്

കൊച്ചി: ഡൽഹിയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇൻസ്റ്റഗ്രാമിൽ മാതൃഭൂമി ഡോട്ട് കോം ഇംഗ്ലീഷ് പങ്കുവെച്ച വീഡിയോയ്ക്ക് ഇന്ത്യയിൽ വിലക്ക്. എസ്‌ഐആർ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധത്തിനിടെയുള്ള, ഒക്ടോബർ പതിനൊന്നാം തീയതിയിലെ വീഡിയോയാണ് മെറ്റ നീക്കംചെയ്തത്. ഈ പോസ്റ്റ് ഇന്ത്യയിൽ ലഭ്യമല്ല എന്നാണ് കാണാനാകുന്നത്.
സർക്കാർ നോട്ടീസ് പ്രകാരം കണ്ടന്റ് നീക്കം ചെയ്തുവെന്നാണ് മെറ്റയുടെ വിശദീകരണം. കോക്രോച്ച് ജനതാപാർട്ടിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിനിടെ മൂന്നു വനിതാ പോലീസുകാർ ചേർന്ന് ഒരു പെൺകുട്ടിയെ കസ്റ്റഡിയിൽ എടുക്കാൻ ശ്രമിക്കുന്നതും ഇതിനെ പ്രതിരോധിക്കാൻ പെൺകുട്ടി ഒരു തൂണിൽ പിടിച്ചുകിടക്കുന്നതുമാണ് ദൃശ്യത്തിലുള്ളത്.
അൻപതു സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, സുഹൃത്തിനെ വലിച്ചിഴച്ച് കസ്റ്റഡിയിലെടുക്കുന്നത് തടയാൻ പെൺകുട്ടി ശ്രമിക്കുന്നതും കാണാം. സുഹൃത്തിനെ കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ ഡൽഹി പോലീസ് ഈ പെൺകുട്ടിയെയും കസ്റ്റഡിയിൽ എടുക്കാൻ നീങ്ങി. ഇതിനെ പ്രതിരോധിക്കാൻ തൂണിൽ പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും പെൺകുട്ടിയെ ഒടുവിൽ പോലീസുകാർ കീഴ്‌പ്പെടുത്തി.
മാതൃഭൂമി പങ്കുവെച്ച വീഡിയോ വലിയതോതിൽ വൈറലാവുകയും ഒരുകോടിയിലേറെപേർ കാണുകയും ചെയ്തിരുന്നു. വീഡിയോയ്ക്കുമേൽ സർക്കാർ ഐടി നിയമത്തിന്റെ സെക്ഷൻ 79(3)(ബി) ചുമത്താൻ എന്താണ് കാരണമെന്ന് വ്യക്തമല്ല.
Content Highlights: Instagram blocked Mathrubhumi's viral video capturing Delhi protests from October 11., The video shows women police officers detaining a protesting girl clinging to an electric pole., Senior journalists MK Venu and Sasikumar condemned the action as undemocratic censorship., Concerns raised over rising content takedown orders issued to social media platforms in India.