സിദ്ധാര്‍ഥന്റെ മരണം: ഡീനും അസി. വാര്‍ഡനും കുറ്റക്കാരെന്ന് അന്വേഷണകമ്മിഷന്‍; ശിക്ഷാനടപടിക്ക് ശുപാർശ

സിദ്ധാര്‍ഥന്‍, പൂക്കോട് വെറ്ററിനറി സര്‍വകലാശാല
സിദ്ധാര്‍ഥന്‍, പൂക്കോട് വെറ്ററിനറി സര്‍വകലാശാല

കല്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായിരുന്ന ജെ. സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് കോളേജ് ഡീന്‍ എം.കെ. നാരായണനും അസി. വാര്‍ഡന്‍ ഡോ. കാന്തനാഥനും കുറ്റക്കാരാണെന്ന് അന്വേഷണകമ്മിഷന്‍ കണ്ടെത്തി. അന്വേഷണകമ്മിഷന്‍ റിപ്പോര്‍ട്ട് ബുധനാഴ്ച ചേര്‍ന്ന യൂണിവേഴ്‌സിറ്റി ബോര്‍ഡ് ഓഫ് മാനേജ്മെന്റ് കമ്മിറ്റി അംഗീകരിക്കുകയും തരംതാഴ്ത്തലും സ്ഥലംമാറ്റവും ഉള്‍പ്പെടെയുള്ള ശിക്ഷാനടപടികള്‍ക്ക് ശുപാര്‍ശയുംചെയ്തു.

ഡോ. എം.കെ. നാരായണനെ ഡീന്‍ സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തി പ്രൊഫസറായി തരംതാഴ്ത്താനാണ് ശുപാര്‍ശ. അദ്ദേഹത്തെ അടുത്ത മൂന്നുവര്‍ഷത്തേക്ക് അഡ്മിനിസ്ട്രേറ്റീവ് തസ്തികകളില്‍ നിയമിക്കരുതെന്നും നിര്‍ദേശമുണ്ട്. ഡോ. കാന്തനാഥന്റെ സ്ഥാനക്കയറ്റം വരുന്ന രണ്ടുവര്‍ഷത്തേക്ക് തടഞ്ഞുവെക്കാനും ശുപാര്‍ശയുണ്ട്. ഇരുവരെയും പൂക്കോട് വെറ്ററിനറി കാമ്പസില്‍നിന്ന് സ്ഥലംമാറ്റാനും ശുപാര്‍ശചെയ്തു. സിദ്ധാര്‍ഥന്റെ മരണം നടന്നതിന് പിറ്റേദിവസം ശിക്ഷാനടപടികള്‍ നടപ്പാക്കിയെന്ന രീതിയില്‍ മുന്‍കൂര്‍പ്രാബല്യത്തോടെ നടപടിയെടുക്കാനാണ് ശുപാര്‍ശ.

സര്‍വകലാശാലയുടെ വകുപ്പുതലനടപടികളുടെ ഭാഗമായി ആഭ്യന്തര അന്വേഷണസമിതി കുറ്റക്കാരാണെന്ന് റിപ്പോര്‍ട്ട് നല്‍കിയ ഡീനിനും മുന്‍ അസി. വാര്‍ഡനുമെതിരേ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് കൂടുതല്‍ നടപടികള്‍ തുടങ്ങിയത്. ഇതിന്റെ ഭാഗമായി അന്വേഷണ സമിതിക്ക് മുകളില്‍ അന്വേഷണ കമ്മിഷനെ നിയമിച്ചിരുന്നു.

വൈസ് ചാന്‍സലര്‍ കെ.എസ്. അനില്‍തന്നെയായിരുന്നു അന്വേഷണഉദ്യോഗസ്ഥന്‍. മണ്ണുത്തി വെറ്ററിനറി കോളേജ് ഡീന്‍ ഡോ. കെ. അല്ലിയായിരുന്നു പ്രസന്റിങ് ഓഫീസര്‍. കഴിഞ്ഞ 19-ന് ഡീനിന്റെയും അസി. വാര്‍ഡന്റെയും വാദവും കേട്ടിരുന്നു.

ഇതിനുശേഷമാണ് കുറ്റക്കാരാണെന്നുള്ള റിപ്പോര്‍ട്ട് നല്‍കിയത്. ശുപാര്‍ശ ബോര്‍ഡ് ഓഫ് മാനേജ്മെന്റ് അംഗീകരിച്ചിട്ടുണ്ട്. ഇത് നടപ്പാക്കുന്നതിനുമുന്‍പ് ഇരുവര്‍ക്കും ശുപാര്‍ശനടപടികള്‍ വ്യക്തമാക്കി നോട്ടീസ് നല്‍കണം.

പിന്നീട് നടപടിയെടുക്കാതിരിക്കാനുള്ള വിശദീകരണങ്ങള്‍ അന്വേഷിച്ച് കാരണംകാണിക്കല്‍ നോട്ടീസും അയക്കണം. ഇതിനു മറുപടി ലഭിച്ചതിനുശേഷം സെപ്റ്റംബര്‍ 20-ന് ചേരുന്ന ബോര്‍ഡ് ഓഫ് മാനേജ്മെന്റ് യോഗത്തിലായിരിക്കും ഇരുവര്‍ക്കുമെതിരേ നടപടിയെടുക്കുക.

മൂന്നുമാസത്തിനകം ഇരുവര്‍ക്കുമെതിരേയെടുത്ത നടപടികള്‍ എന്തെന്ന് ബോധിപ്പിക്കണമെന്നായിരുന്നു ഹൈക്കോടതി ആവശ്യപ്പെട്ടത്. സെപ്റ്റംബര്‍ 25-ന് ഹൈക്കോടതി പരാമര്‍ശിച്ച കാലാവധി അവസാനിക്കുന്നതിനാല്‍ സെപ്റ്റംബര്‍ 20-നുതന്നെ വകുപ്പുതല ശിക്ഷാനടപടികള്‍ നടപ്പാക്കും.

Content Highlights: Dean and warden found guilty in student J. Siddharth`s death at Kerala Veterinary University