ഡിഎ കുടിശ്ശിക; ജീവനക്കാര്‍ക്ക് നഷ്ടം 1.27 ലക്ഷം മുതല്‍ 9.25 ലക്ഷം വരെ, പെന്‍ഷന്‍കാര്‍ക്ക് 190 മാസത്തെ കുടിശ്ശിക നഷ്ടം

#ജെ.എസ്. മനോജ്
Photo: Mathrubhumi
Photo: Mathrubhumi

തിരുവനന്തപുരം: സര്‍ക്കാര്‍ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഡിഎ കുടിശ്ശിക നിഷേധിച്ചതിലൂടെ ഓരോരുത്തര്‍ക്കും നഷ്ടമായത് ലക്ഷങ്ങള്‍. ഏറ്റവും താഴത്തെ ശമ്പള സ്‌കെയിലുള്ള ഓഫീസ് അസിസ്റ്റന്റുമാര്‍ക്ക് 187 മാസത്തെ കുടിശ്ശികനഷ്ടത്തിലൂടെ 1.27 ലക്ഷം രൂപ നഷ്ടംവരുമ്പോള്‍ ചീഫ് എന്‍ജിനിയര്‍, സെക്രട്ടേറിയറ്റിലെ സ്‌പെഷ്യല്‍ സെക്രട്ടറി എന്നീ ഏറ്റവും ഉയര്‍ന്ന തസ്തികകളിലുള്ളവര്‍ക്ക് 9.25 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടാവുന്നത്.

ഇതേസമയം പെന്‍ഷന്‍കാര്‍ക്ക് 190 മാസത്തെ പെന്‍ഷന്‍ കുടിശ്ശികയാണ് നഷ്ടംവരുന്നത്. മുന്‍പ് ഇത്തരത്തിലുണ്ടാവുന്ന ക്ഷാമബത്ത കുടിശ്ശിക പെന്‍ഷന്‍കാര്‍ക്ക് നേരിട്ടുനല്‍കുകയും ജീവനക്കാര്‍ക്ക് പിഎഫില്‍ ലയിപ്പിക്കുകയുമാണ് ചെയ്തിരുന്നത്. 2021-ല്‍ അധികാരത്തില്‍വന്ന ശേഷമാണ് സാമ്പത്തികപ്രതിസന്ധി ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഡിഎ പ്രഖ്യാപനം അനന്തമായി നീട്ടിക്കൊണ്ടുപോയത്.

നിലവില്‍ 13 ശതമാനം ഡിഎ കുടിശ്ശികയാണ് സര്‍ക്കാര്‍ നല്‍കാനുള്ളത്. കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ച നാലുശതമാനം ഡിഎ വര്‍ധന മുന്‍കാലപ്രാബല്യത്തോടെ നല്‍കാനാണ് മന്ത്രിസഭ തീരുമാനമെടുത്തതെങ്കിലും ധനവകുപ്പ് ഇടപെട്ട് കുടിശ്ശിക വെട്ടിയത് സംബന്ധിച്ച വാര്‍ത്ത വെള്ളിയാഴ്ച 'മാതൃഭൂമി' പ്രസിദ്ധീകരിച്ചിരുന്നു.

2021 ഫെബ്രുവരിയിലാണ് നിലവിലുള്ള ശമ്പളക്കമ്മിഷന്‍ വന്നത്. 2021 ജനുവരിമുതല്‍ 2023 ജനുവരിവരെയുള്ള ഡിഎ വര്‍ധനയാണ് ഇതുവരെ അനുവദിച്ചിട്ടുള്ളത്.

Content Highlights: Explore the significant financial losses faced by Kerala government employees and pensioners due to pending DA arrears. Understand the impact on different salary scales