നെടുങ്കണ്ടത്ത് ദളിത് വിദ്യാര്‍ഥിയെക്കൊണ്ട് സഹപാഠിയുടെ ഛര്‍ദി വാരിപ്പിച്ചു; അധ്യാപികയ്‌ക്കെതിരേ പരാതി

പ്രതീകാത്മക ചിത്രം | Photo: Mathrubhumi
പ്രതീകാത്മക ചിത്രം | Photo: Mathrubhumi

നെടുങ്കണ്ടം: രണ്ടാം ക്ലാസില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥിയെക്കൊണ്ട് അധ്യാപിക സഹപാഠിയുടെ ഛര്‍ദി വാരിപ്പിച്ചതായി പരാതി. കുട്ടിയുടെ അമ്മയാണ് എ.ഇ.ഒ.യ്ക്ക് പരാതി നല്‍കിയത്.

ഉടുമ്പന്‍ചോലയ്ക്കടുത്ത് സ്ലീബാമലയില്‍ പ്രവര്‍ത്തിക്കുന്ന എല്‍.പി.സ്‌കൂളിലെ അധ്യാപികയ്‌ക്കെതിരേയാണ് പരാതി. ഈ മാസം 13-ന് കുട്ടിയുടെ സഹപാഠി പനിയും ശാരീരിക അസ്വസ്ഥതകളും മൂലം ക്ലാസില്‍ ഛര്‍ദിച്ചു. കുട്ടികളോട് മണല്‍വാരിയിട്ട് ഇത് മൂടാന്‍ ആവശ്യപ്പെട്ടു. പിന്നീട് ഈ കുട്ടിയോട് മാത്രമായി അത് ചെയ്യാന്‍ പറഞ്ഞു. എന്നാല്‍, ആറര വയസ്സു മാത്രമുള്ള കുട്ടി ഇത് നിരസിക്കുകയും ടീച്ചറെ ഞാന്‍ ഇവിടെയിരുന്ന് എഴുതിക്കോളാം എന്നുപറഞ്ഞു. എന്നാല്‍, അതുകേട്ട് അധ്യാപിക ദേഷ്യപ്പെടുകയും കുട്ടിയെക്കൊണ്ട് നിര്‍ബന്ധപൂര്‍വം കോരിക്കളയിപ്പിക്കുകയുമായിരുന്നു. സഹപാഠിയായ കുട്ടി സഹായിക്കാന്‍ തുനിഞ്ഞപ്പോള്‍ അധ്യാപിക തടയുകയും ചെയ്തു.

കുട്ടി ഇക്കാര്യം വീട്ടില്‍ അറിയിച്ചില്ല. എന്നാല്‍, അടുത്ത ദിവസം സഹപാഠിയില്‍നിന്ന് വിവരമറിഞ്ഞ മാതാപിതാക്കള്‍ ഇക്കാര്യം പ്രഥമാധ്യാപികയെ അറിയിച്ചു. എന്നാല്‍, അവര്‍ അധ്യാപികയ്ക്ക് താക്കീത് നല്‍കുന്നതില്‍മാത്രം നടപടി ഒതുക്കിയെന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. പരാതി ജില്ലാ കളക്ടര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും പ്രഥമാധ്യാപികയോട് കളക്ടര്‍ മുമ്പാകെ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും ഇടുക്കി വിദ്യാഭ്യാസ ഉപഡയറക്ടര്‍ എസ്.ഷാജി പറഞ്ഞു.

എയ്ഡഡ് സ്‌കൂളായതിനാല്‍ അധ്യാപികയ്‌ക്കെതിരേ നടപടിയെടുക്കാനുള്ള അധികാരം പരിമിതമാണെന്ന് എ.ഇ.ഒ. ഓഫീസ് ജീവനക്കാര്‍ വിശദീകരിച്ചു.

Content Highlights: crime and discrimination against dalit student