ഇനി 'സ്വതന്ത്രൻ' അല്ല, സഖാവ് കെ.ടി. ജലീൽ; CPM-ൽ അംഗത്വമെടുക്കാൻ തീരുമാനം, നേതൃത്വത്തെ അറിയിച്ചു

മലപ്പുറം: സി.പി.എമ്മിൽ അംഗത്വമെടുക്കാൻ മുൻ മന്ത്രി കെ.ടി. ജലീൽ. ഇക്കാര്യത്തിലുള്ള താത്പര്യം പാർട്ടി മലപ്പുറം ജില്ലാ നേതൃത്വത്തെ അറിയിച്ചു. പാർട്ടിയിൽ സജീവമാകാനുള്ള തീരുമാനത്തിന് പിന്നാലെയാണ് അംഗത്വം.
കുറ്റിപ്പുറത്തുനിന്ന് ഒരുതവണയും തവനൂരിൽനിന്ന് മൂന്നുതവണയും തുടർച്ചയായി 20 കൊല്ലം സ്വതന്ത്ര എം.എൽ.എ.യായി. 2016-ലെ എൽ.ഡി.എഫ്. സർക്കാരിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായി. ഇക്കുറി തവനൂരിൽ കോൺഗ്രസിന്റെ വി.എസ്. ജോയിയോട് പരാജയപ്പെട്ടു.
മുസ്ലിംലീഗിന്റെ വിദ്യാർഥി സംഘടനയായ എം.എസ്.എഫിലൂടെയാണ് ജലീലിന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. പിന്നീട് യൂത്ത്ലീഗ് നേതൃത്വത്തിലുമെത്തി. മികച്ച പ്രഭാഷകനും സംഘാടകനുമായ അദ്ദേഹം 2006-ൽ കുറ്റിപ്പുറത്ത് പി.കെ. കുഞ്ഞാലിക്കുട്ടിയെ പരാജയപ്പെടുത്തിയാണ് ആദ്യമായി നിയമസഭയിലെത്തിയത്.