കേരളം മുഴുവൻ പിണറായിയുടെ ഫ്‌ളക്‌സ്; വിമർശനങ്ങൾ പരിശോധിക്കും- എം.വി ഗോവിന്ദൻ

#ബിജു പങ്കജ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് അന്നത്തെ മുഖ്യമന്ത്രിയായ പിണറായി വിജയന്റെ ഫ്‌ളക്‌സ് ബോർഡുകൾ കേരളം മുഴുവൻ വെച്ചത് പരിശോധിക്കുമെന്നതിൽ തർക്കമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കഴിഞ്ഞ തിരഞ്ഞെടുപ്പിലും ഈ തിരഞ്ഞെടുപ്പിലും ഒക്കെത്തന്നെ പൊതുവായ മുദ്രാവാക്യം മുന്നോട്ടുവെക്കുന്ന ഫ്‌ളക്‌സ് ബോർഡുകളാണ് ഉപയോഗിച്ചിരുന്നത്. അതിൽ മുഖ്യമന്ത്രി, പാർട്ടി നേതാവ് എന്ന രീതിയിൽ പിണറായിയുടെ ഫോട്ടോ മാത്രമേ വന്നിട്ടുള്ളൂ എന്നത് ശരിയാണ്. അത് ചില വിമർശന പരമായ കാര്യങ്ങളായിട്ട് വന്നിട്ടുമുണ്ട്. അത് പരിശോധിക്കുമെന്നാണ് എം.വി ഗോവിന്ദൻ പറഞ്ഞത്. നേരത്തേ വി.എസ് അച്യുതാനന്ദന്റെ സമാനമായ ഫ്‌ളക്‌സുകൾ വന്നപ്പോൾ പാർട്ടി തന്നെ രംഗത്തു വന്നിരുന്നല്ലോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

മുൻ മുഖ്യമന്ത്രി പിണറായി വിജയൻ യാത്രക്ക് വലിയ വാഹന വ്യൂഹം ഉപയോഗിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന്, മുഖ്യമന്ത്രി അത്രയധികം വാഹനങ്ങൾ ഉപയോഗിക്കാറില്ലല്ലോ എന്നായിരുന്നു മറുപടി. സംഘർഷങ്ങളോ മറ്റോ വരുമ്പോഴാണ് പ്രോട്ടോക്കോൾ ഓഫീസർമാരുടേതടക്കം ഇത്രയധികം വാഹനങ്ങൾ വരിക. സാധാരണ ഗതിയിൽ അധികം വാഹനങ്ങൾ ഉപയോഗിക്കാറില്ല. എന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി വിഡി സതീശൻ മൂന്ന് വാഹനങ്ങൾ മാത്രമാണല്ലോ ഉപയോഗിക്കുന്നത് എന്ന ചോദ്യത്തിന് ഇപ്പോൾ തുടങ്ങിയിട്ടല്ലേ ഉള്ളൂ നോക്കാം എന്നായിരുന്നു മറുപടി. തിരഞ്ഞെടുപ്പു പരാജയവും അയ്യപ്പ സംഗമവും മുൻ മുഖ്യമന്ത്രിയുടെ മകളെ ഇ.ഡി ചോദ്യം ചെയ്തതും അടക്കമുള്ള കാര്യങ്ങളിൽ മാതൃഭൂമി ഡോട്ട് കോമിൽ ഓപ്പൺ ഹാർട്ട് പരിപാടിയിൽ ബിജു പങ്കജിന് അനുവദിച്ച മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിമുഖത്തിന്റെ പൂർണരൂപം കാണാം.

Content Highlights: cpm state secretary mv govindan comments on pinarayi flex controversy