ഇ.ഡി.യും അന്വേഷണവുമല്ല, പാർട്ടി മുഖ്യം; വിപുല സമിതിയുടെ ഫോക്കസ് മാറ്റി കേന്ദ്രനേതൃത്വം

#ബിജു പരവത്ത്
കോഴിക്കോട് എ.കെ.ജി. ഓഡിറ്റോറിയത്തിൽ ആരംഭിച്ച സി.പി.എം. വിശാല സംസ്ഥാന സമിതി യോഗത്തിൽ സംസാരിക്കുന്ന ജനറൽ സെക്രട്ടറി എം.എ. ബേബിയും വേദിയിലൂടെ നടന്നുനീങ്ങുന്ന പി.ബി. അംഗം പിണറായി വിജയനും | ഫോട്ടോ: സാജൻ വി. നമ്പ്യാർ
കോഴിക്കോട് എ.കെ.ജി. ഓഡിറ്റോറിയത്തിൽ ആരംഭിച്ച സി.പി.എം. വിശാല സംസ്ഥാന സമിതി യോഗത്തിൽ സംസാരിക്കുന്ന ജനറൽ സെക്രട്ടറി എം.എ. ബേബിയും വേദിയിലൂടെ നടന്നുനീങ്ങുന്ന പി.ബി. അംഗം പിണറായി വിജയനും | ഫോട്ടോ: സാജൻ വി. നമ്പ്യാർ

കോഴിക്കോട്: പിണറായി വിജയനും കുടുംബത്തിനുമെതിരായ ഇ.ഡി. അന്വേഷണത്തെ ചെറുക്കുന്ന രീതിയിലേക്ക് സി.പി.എം. വിശാല സംസ്ഥാനസമിതിയുടെ അജൻഡ മാറുന്നത് തടയാൻ ഇടപെട്ട് കേന്ദ്രനേതൃത്വം. പാർട്ടി നേരിടുന്ന വെല്ലുവിളികളിൽ ഒന്നുമാത്രമാണ് ദേശീയ അന്വേഷണ ഏജൻസികളുടെ ഇടപെടൽ എന്ന വ്യക്തത ജനറൽസെക്രട്ടറി എം.എ. ബേബിതന്നെ യോഗത്തിൽനൽകി. ഇ.ഡി.യെന്ന വാക്കുപോലും പറയാതെയാണ് യോഗലക്ഷ്യം വീഴ്ച പരിശോധിച്ച് തിരുത്തലാണെന്ന് ബേബി ചൂണ്ടിക്കാട്ടിയത്.

തിരഞ്ഞെടുപ്പവലോകന ഘട്ടത്തിൽ പിണറായിക്കും സംസ്ഥാനസെക്രട്ടറി എം.വി.ഗോവിന്ദനുംനേരേ പാർട്ടിഘടകങ്ങളിൽ വിമർശനം ശക്തമായിരുന്നു. അത് വിശാലയോഗത്തിലും കടുക്കാനിടയുണ്ടെന്ന ഘട്ടത്തിലാണ് ഇ.ഡി. അന്വേഷണം വരുന്നത്. പിണറായിയെ ഉന്നമിടുന്നത് പാർട്ടിയെ തകർക്കാനാണെന്ന് വ്യാഖ്യാനിച്ച് ഇത് ഉയർത്തിക്കൊണ്ടുവരാൻ ഒരുവിഭാഗം ശ്രമിച്ചിരുന്നു. യോഗത്തിന് തൊട്ടുമുൻപ്‌ പിണറായി വിജയൻ പത്രസമ്മേളനത്തിലൂടെ ഈനീക്കം കൂടുതൽ ശക്തിപ്പെടുത്തി. ഇതോടെ, ഇ.ഡി.യിൽ പ്രതിരോധം തീർക്കുക എന്ന ലക്ഷ്യത്തിലേക്ക് വിശാല സംസ്ഥാന സമിതിയിലെ ചർച്ചമാറുമെന്ന പൊതുധാരണയുണ്ടായി. ഇ.ഡി.അന്വേഷണത്തിനെതിരേ പ്രമേയം കൊണ്ടുവരാനുള്ള നീക്കവുമുണ്ടായി. ഇതോടെയാണ്, വിശാല സംസ്ഥാന സമിതിയുടെ ഫോക്കസ്, ഇ.ഡി.യെ പ്രതിരോധിക്കലല്ല, പാർട്ടിയെ ശക്തിപ്പെടുത്തിയുള്ള രാഷ്ട്രീയ തിരിച്ചുവരവാണെന്ന സൂചന തുടക്കത്തിലേ എം.എ. ബേബി നൽകിയത്.

സൈന്യത്തിലും കേന്ദ്ര അന്വേഷണ ഏജൻസികളിലും ആർ.എസ്.എസുകാർ നുഴഞ്ഞുകയറുന്നുണ്ട്. അതിന്റെ പ്രശ്നമാണ് കേരളത്തിൽ ഇപ്പോഴുണ്ടാകുന്നത്. ഇതേക്കുറിച്ച് ഞാൻ ഇത്രയേ പറയുന്നുള്ളൂ -ഇതായിരുന്നു ബേബി പറഞ്ഞത്. എന്നാൽ, പിണറായിക്കെതിരേ ഇ.ഡി.യും മാധ്യമങ്ങളും നടത്തുന്ന കടന്നാക്രമണം പാർട്ടിക്കെതിരേയുള്ളതാണെന്ന് ബേബി പറഞ്ഞെന്നും ഒറ്റക്കെട്ടായി മുന്നോട്ടുപോകേണ്ട ആവശ്യമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയതെന്നും പിന്നീട് മാധ്യമങ്ങൾക്കുമുൻപിൽ എം.വി. ഗോവിന്ദൻ പറഞ്ഞു. ബേബി അങ്ങനെ പറഞ്ഞില്ലല്ലോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പറഞ്ഞുവെന്ന് അദ്ദേഹം ആവർത്തിച്ചു. ഇ.ഡി.എന്ന വാക്കുപോലും ബേബി പറഞ്ഞിട്ടില്ലെന്ന ചോദ്യം വീണ്ടും വന്നപ്പോൾ, അത് പറയേണ്ടതില്ലെന്നും നേതാക്കൾക്കെതിരേയുള്ള കടന്നാക്രമണം പാർട്ടിക്കെതിരേയുള്ള കടന്നാക്രമണമാണെന്ന് പറഞ്ഞതിൽ എല്ലാമുണ്ടെന്നുമായിരുന്നു മറുപടി. ‌

പോരായ്മകൾ തിരുത്തിപ്പോകണം -എം.എ. ബേബി

യു.ഡി.എഫ്.സർക്കാർ ഇങ്ങനെപോയാൽ, നിങ്ങൾ വേഗത്തിൽ അധികാരത്തിൽ തിരിച്ചെത്തുമെന്ന് ചിലർ ഇപ്പോൾത്തന്നെ പറയുന്നുണ്ട്. സി.പി.എമ്മും ഇടതുപക്ഷവും വലതുപക്ഷത്തിന്റെ വീഴ്ചകൊണ്ടല്ല മുന്നേറേണ്ടത്. തെളിച്ചമുള്ള പ്രവർത്തനത്തിലൂടെയാണ് പാർട്ടി അധികാരത്തിലേക്കു വരേണ്ടത്. അതിന് എന്തെങ്കിലും പോരായ്മകളുണ്ടെങ്കിൽ തിരുത്തിപ്പോകണം. അതിനാണ് നമ്മൾ ഇവിടെ ഒന്നിച്ചിരിക്കുന്നത്

തിരുത്തലിൽ തിരുത്തില്ലെന്ന് വിമർശനം

ഞായറാഴ്ച വൈകീട്ട് ആദ്യഘട്ട ചർച്ചയിൽ പങ്കെടുത്ത കണ്ണൂർ, കാസർകോട്, തൃശ്ശൂർ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ‌നിന്നുള്ള പ്രതിനിധികളിൽ ഭൂരിഭാഗംപേരും വിമർശനമുന്നയിച്ചു. തിരിച്ചടിയിൽനിന്ന് തിരിച്ചുവരാനുള്ള നിർദേശങ്ങളൊന്നും റിപ്പോർട്ടിലില്ല. സംസ്ഥാനനേതൃത്വം മാറിനിൽക്കുകയും വീഴ്ചയുടെ ഉത്തരവാദിത്വം പൂർണമായും കീഴ്ഘടകങ്ങളിൽ ആരോപിക്കുകയും ചെയ്യുന്ന സമീപനം തിരുത്തൽനടപടിയാവില്ല. തളിപ്പറമ്പിലെ തോൽവിയെക്കുറിച്ച് ഒന്നുംമിണ്ടുന്നില്ല. തുടർഭരണംകിട്ടിയതുമുതൽ സർക്കാരിനുപിന്നിൽ നിഴലായി പാർട്ടി മാറി. 2021 ശേഷം എല്ലാ തിരഞ്ഞെടുപ്പിലും തോറ്റു. ഒരു തിരുത്തലും ഉണ്ടായില്ല. പാർലമെൻററി വ്യാമോഹത്തിന് ഉത്തരവാദി നേതൃത്വം. ലക്ഷ്യം മൂന്നാംഭരണം മാത്രമായിരുന്നു. വിപ്ലവപ്പാർട്ടിയെന്ന സങ്കല്പം കളഞ്ഞുകുളിച്ചെന്നും പ്രതിനിധികൾ വിമർശിച്ചു.

Content Highlights: CPM central leadership intervened to prevent the state committee agenda from solely focusing on the ED probe against Pinarayi Vijayan., General Secretary MA Baby emphasized that the primary focus should be self-correction and political comeback rather than defending against central agencies., District representatives raised strong criticisms against the state leadership regarding election defeats and parliamentary ambitions.