പി.എസ്.സി അംഗത്വം CPM തൂക്കിവിൽക്കുന്നു, എല്ലാ ഇടപാടിലും മന്ത്രി മുഹമ്മദ് റിയാസിന് പങ്ക് -കോൺഗ്രസ്

#സ്വന്തം ലേഖിക
Mohammed Riyas
Mohammed Riyas

കോഴിക്കോട്: പി.എസ്.സി. അംഗത്വം നൽകാമെന്ന് വാഗ്ദാനംചെയ്ത് പ്രാദേശിക നേതാവ് കോഴവാങ്ങിയെന്ന് ആരോപണത്തിൽ സി.പി.എമ്മിനെതിരെ അതിരൂക്ഷ വിമർശനവുമായി കോഴിക്കോട് ഡി.സി.സി. പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ. പി.എസ്.സി. അംഗത്വം സി.പി.എം. തൂക്കിവിൽക്കുകയാണെന്നും കോഴിക്കോട്ടെ സി.പി.എമ്മിൽ മാഫിയകൾ തമ്മിലുള്ള തർക്കമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം എല്ലാ ഇടപാടിലും മന്ത്രി മുഹമ്മദ് റിയാസിനും പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു. 

'പി.എസ്‌.സി. അംഗത്വം സി.പി.എം. തൂക്കിവിൽക്കുകയാണ്. കോഴിക്കോട് സി.പി.എമ്മിൽ മാഫിയകൾതമ്മിലുള്ള തർക്കമാണ് നടക്കുന്നത്. അതിൻ്റെ ഭാഗമായാണ് ഈ വിവരം പുറത്തുവന്നത്. ഇത്തരം എല്ലാ ഇടപാടിലും മന്ത്രി മുഹമ്മദ് റിയാസിന് പങ്കുണ്ട്. കോടതി നിരീക്ഷണത്തിലുള്ള പോലീസ് അന്വേഷണം വേണം. അല്ലെങ്കിൽ കേന്ദ്ര ഏജൻസി അന്വേഷണം വേണം. മുഖ്യമന്ത്രിയുടെ കീഴിൽ അന്വേഷിച്ചാൽ സത്യം പുറത്തുവരില്ല', പ്രവീൺ കുമാർ പറഞ്ഞു. 

'സി.പി.എം. സഖാക്കൾക്ക് പണത്തിനോട് ആർത്തി കൂടുന്നു എന്ന് എം.വി. ഗോവിന്ദൻതന്നെ പറഞ്ഞതാണ്. അതിനോട് ചേർത്തുവെച്ച് വേണം അഴിമതി ആരോപണത്തെ കാണാൻ. ആരോപണത്തിൽ സത്യം തെളിയിക്കാൻ പാർട്ടിക്കും സർക്കാരിനും ബാധ്യതയുണ്ട്. ഇനിയും അഴിമതികൾ പുറത്തുവരാനുണ്ട്. റിയാസിൻ്റെ മാഫിയ പ്രവർത്തനം വളർന്നുപന്തലിക്കുകയാണ്', അദ്ദേഹം കൂട്ടിച്ചേർത്തു. 

പി.എസ്.സി. അംഗത്വം വാഗ്ദാനംചെയ്ത് കോഴ വാങ്ങിയെന്ന പരാതിയില്‍ കോഴിക്കോട്ടെ ഏരിയാ കമ്മിറ്റി അംഗമായ പ്രമോദ് കോട്ടൂളിക്കെതിരെ സി.പി.എം. നടപടി എടുത്തിരുന്നു. ഇയാളെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍നിന്ന് മാറ്റുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചത്. നടപടി പാര്‍ട്ടി ഔദ്യോഗികമായി പിന്നീട് അറിയിക്കും. 

ഇതിനുപിന്നാലെ വിഷയം പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചു. ചോദ്യോത്തരവേളയില്‍ എം.കെ. മുനീറിനുവേണ്ടി എന്‍. ഷംസുദ്ദീനാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. 'പി.എസ്.സി അംഗമാക്കുന്നതിന് ഭരണകക്ഷി നേതാവ് 60 ലക്ഷം രൂപ കോഴ ചോദിച്ചുവെന്നും 22 ലക്ഷം രൂപ നേതാവിന് കൈമാറിയെന്നും പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ അന്വേഷണം നടക്കുന്നുവെന്നുമാണ് പുറത്തുവരുന്ന വാര്‍ത്ത. ഇതിന് മുമ്പും പി.എസ്.സി. അംഗമാകുന്നതിന് പണം വാങ്ങുന്നതായുള്ള ആരോപണമുയര്‍ന്നിരുന്നു. കോഴിക്കോട്ടുനിന്ന് ഉയരുന്ന ഈ ആരോപണത്തില്‍ എന്ത് നടപടിയാണ് സ്വീകരിക്കുക', എന്നായിരുന്നു ഷംസുദ്ദീന്‍ ചോദിച്ചത്. 

ആരോപണം നിഷേധിക്കാതിരുന്ന മുഖ്യമന്ത്രി, നാട്ടില്‍ പലവിധ തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്നും അതിനെതിരെ സ്വാഭാവിക നടപടിയുണ്ടാകുമെന്നും മറുപടി നല്‍കി. ഭരണഘടന ചുമതലപ്പെടുത്തിയതിനനുസരിച്ച് ഫലപ്രദമായി മുന്നോട്ടുപോകുന്ന ഏജന്‍സിയാണ് കേരളത്തില്‍ പി.എസ്.സിയെന്നും അതിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ഒട്ടേറെ ശ്രമങ്ങള്‍ നേരത്തേതന്നെ ഉണ്ടായിട്ടുണ്ടെന്നും അത് നിര്‍ഭാഗ്യകരമാണതെന്നും മുഖ്യമന്ത്രി പറഞ്ഞു. പി.എസ്.സി. അംഗങ്ങളെ റിക്രൂട്ട് ചെയ്യുന്നതോ നിയമിക്കുന്നതോ ഏതെങ്കിലും തരത്തിലുള്ള അഴിമതിയുടെ ഭാഗമായിട്ടാണെന്ന് ആര്‍ക്കും പറയാനാകില്ല. ഒരുതരത്തിലുമുള്ള വഴിവിട്ട രീതികളും ഉണ്ടാകാറില്ല. തട്ടിപ്പുകള്‍ പലരീതിയില്‍ നടക്കുന്നുണ്ട്. തട്ടിപ്പ് നടക്കുമ്പോള്‍ സ്വാഭാവികമായി അതിനുള്ള നടപടികള്‍ ഉണ്ടാകും, മുഖ്യമന്ത്രി മറുപടി നല്‍കി.

Content Highlights: CPM sells PSC membership, minister Mohammed Riyas involved in all deals, says DCC President