സിപിഎം പറയുന്നു; മോദി സര്‍ക്കാര്‍ ഫാസിസ്റ്റല്ല, മുന്‍പ് പറഞ്ഞത് തിരുത്തി,അസാധാരണ രഹസ്യരേഖ

തിരുവനന്തപുരം: സി.പി.ഐ. പറയുമ്പോലെ മോദിസർക്കാരിനെ ഫാസിസ്റ്റ് സർക്കാരെന്നു വിശേഷിപ്പിക്കാനാവില്ലെന്ന നിലപാടുമായി സി.പി.എം. കരടു രാഷ്ട്രീയപ്രമേയത്തിൽ വ്യക്തതവരുത്തി സി.പി.എം. കേന്ദ്രകമ്മിറ്റി സംസ്ഥാന കമ്മിറ്റികൾക്ക് അയച്ച രഹസ്യരേഖയിലാണ് ഈ വിലയിരുത്തൽ.
സി.പി.ഐ. മോദിസർക്കാരിനെ ഫാസിസ്റ്റ് ഭരണകൂടമെന്നു വിശേഷിപ്പിച്ചപ്പോൾ ഇന്ത്യൻ ഫാസിസം വന്നുകഴിഞ്ഞെന്ന് സി.പി.ഐ. (എം.എൽ.) നിലപാടെടുത്തു. ഇതു രണ്ടിനെയും തള്ളി, അവയിൽനിന്ന് വ്യത്യസ്തമാണ് സി.പി.എം. നിലപാടെന്ന് രേഖ വ്യക്തമാക്കി. മുസോളിനിയുടെയും ഹിറ്റ്‌ലറുടെയും കാലത്തേത് ‘ക്ലാസിക്കൽ ഫാസിസ’മെന്നും പിന്നീടുള്ള രൂപങ്ങളെ ‘നവഫാസിസ’മെന്നും വിശേഷിപ്പിച്ചാണ് പുതിയ നിർവചനം. അന്തഃസാമ്രാജ്യത്വവൈരുധ്യത്തിന്റെ സൃഷ്ടിയാണ് ക്ലാസിക്കൽ ഫാസിസമെന്നും നവ ഉദാരീകരണപ്രതിസന്ധിയുടെ ഉത്പന്നമാണ് നവഫാസിസമെന്നുമാണ് വിശേഷണം.
ഏപ്രിലിൽ മധുരയിൽനടക്കുന്ന പാർട്ടി കോൺഗ്രസിനു മുന്നോടിയായി കരടുരാഷ്ട്രീയപ്രമേയം പരസ്യമാക്കിക്കഴിഞ്ഞു. പാർട്ടി ഘടകങ്ങൾക്കും പൊതുജനങ്ങൾക്കുമൊക്കെ ചർച്ചചെയ്യാനും അഭിപ്രായം പറയാനുമായി പ്രമേയം പരസ്യമാക്കിയാൽ പിന്നീടൊരു കുറിപ്പ് പതിവില്ല.
നിലവിലെ നിലപാട് -ഫാസിസ്റ്റ് പ്രവണത
ആർ.എസ്.എസിന് ഫാസിസ്റ്റ് സ്വഭാവമുണ്ടെന്നാണ് പാർട്ടി പരിപാടിയിൽ സി.പി.എമ്മിന്റെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ്, ആർ.എസ്.എസ്. നിയന്ത്രണത്തിലുള്ള മോദിസർക്കാരിന് ഫാസിസ്റ്റ് പ്രവണതയാണെന്ന് കഴിഞ്ഞ രണ്ടു പാർട്ടി കോൺഗ്രസുകളിലും പ്രഖ്യാപിച്ചത്.
പുതിയ നിലപാട് -ഫാസിസ്റ്റല്ല
മോദിസർക്കാരിനെ ഫാസിസ്‌റ്റെന്നു പറയാനാവില്ല. ഇന്ത്യൻ ഭരണകൂടത്തെ നവഫാസിസ്റ്റായും ചിത്രീകരിക്കാനാവില്ല. പത്തുവർഷത്തെ തുടർച്ചയായുള്ള മോദി ഭരണത്തിൽ രാഷ്ട്രീയാധികാരം ബി.ജെ.പി.-ആർ.എസ്.എസ്. കരങ്ങളിൽ കേന്ദ്രീകരിക്കപ്പെട്ടു. ആർ.എസ്.എസ്.-ബി.ജെ.പി. കൂട്ടുകെട്ടിനെ തടഞ്ഞില്ലെങ്കിൽ ഹിന്ദുത്വ-കോർപ്പറേറ്റ് സ്വേച്ഛാധിപത്യം നവഫാസിസത്തിലേക്കുപോകും. ‘നവഫാസിസ്റ്റ് സ്വഭാവം’ എന്നതിനർഥം അതൊരു നവഫാസിസ്റ്റ് സർക്കാരായോ രാഷ്ട്രീയസംവിധാനമായോ വികസിച്ചെന്നല്ല.
Content Highlights: CPM says-Modi government is not fascist, corrected what was said earlier