പദ്മകുമാർ ഉന്നയിച്ച വിഷയങ്ങൾ സംസ്ഥാന നേതൃത്വത്തിന്റെ സാന്നിധ്യത്തിൽ പരിശോധിക്കും- രാജു എബ്രഹാം

രാജു എബ്രഹാം മാധ്യമങ്ങളോട് സംസാരിക്കുന്നു | Screengrab: Mathrubhumi News
രാജു എബ്രഹാം മാധ്യമങ്ങളോട് സംസാരിക്കുന്നു | Screengrab: Mathrubhumi News

പത്തനംതിട്ട: സി.പി.എം. സംസ്ഥാന സമിതിയില്‍ വീണാ ജോര്‍ജിനെ പ്രത്യേക ക്ഷണിതാവാക്കിയതില്‍ പരസ്യമായി അതൃപ്തി അറിയിച്ച സി.പി.എം. നേതാവ് എ. പദ്മകുമാറുമായി ജില്ലാ സെക്രട്ടറി രാജു എബ്രഹാം കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച ഉച്ചയോടെ പദ്മകുമാറിന്റെ വീട്ടിലെത്തിയാണ് രാജു എബ്രഹാം കൂടിക്കാഴ്ച നടത്തിയത്. പദ്മകുമാര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ സംഘടനാപരമായി പരിഹരിക്കേണ്ട പ്രശ്‌നങ്ങളാണെന്നും സംസ്ഥാന നേതൃത്വത്തിന്‍റെ സാന്നിധ്യത്തില്‍ അധികം താമസിയാതെ ഈ വിഷയങ്ങള്‍ പരിശോധിക്കുമെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം രാജു എബ്രഹാം മാധ്യമങ്ങളോട് പറഞ്ഞു. 

''അദ്ദേഹം ഉന്നയിച്ച പ്രശ്‌നങ്ങള്‍ സംഘടനാപരമായി പരിഹരിക്കേണ്ട പ്രശ്‌നങ്ങളാണ്. സംസ്ഥാന നേതൃത്വത്തിന്റെ സഹായത്തോടെ അവരുടെ സാന്നിധ്യത്തില്‍ ഈ വിഷയങ്ങള്‍ അധികം താമസിയാതെ പരിശോധിക്കും. അതുസംബന്ധിച്ച തീരുമാനങ്ങള്‍ അറിയിക്കും.

സംഘടനാപരമായ പ്രശ്‌നമാണ് ഉണ്ടായിരിക്കുന്നത്. അതില്‍ സംഘടനാപരമായി മാത്രമേ പാര്‍ട്ടിക്ക് ചര്‍ച്ചചെയ്യാനും തീരുമാനം എടുക്കാനും കഴിയുകയുള്ളൂ. അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചിട്ടുണ്ട്. ചിലകാര്യങ്ങള്‍ അദ്ദേഹം വ്യക്തിപരമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം പാര്‍ട്ടി വേദികളിലാണ് പരിശോധിക്കേണ്ടത്. ജില്ലാ കമ്മിറ്റി യോഗത്തില്‍ അദ്ദേഹത്തിന് പങ്കെടുക്കാം. പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അദ്ദേഹത്തിന് വേണമെങ്കില്‍ അവധി ചോദിക്കാം. എല്ലാ ഓപ്ഷനുമുണ്ട്. 

പാര്‍ട്ടി സംസ്ഥാനസമിതി അംഗങ്ങള്‍ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ ഏതുജില്ലയില്‍നിന്നും ഏതുഭാഗത്തുനിന്നും വരാം. അത് പ്രാദേശികമായ അടിസ്ഥാനത്തില്‍ അല്ല. പത്തനംതിട്ട മെമ്പര്‍ഷിപ്പ് കുറവുള്ള ജില്ലയാണ്. അത്തരമൊരു ജില്ലയില്‍ കൂടുതല്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളെ പ്രതീക്ഷിക്കാനാകില്ല. വയനാട് അതിന് ഉദാഹരണമാണ്. 

പദ്മകുമാര്‍ പ്രകോപനമുണ്ടാക്കിയതായി തോന്നിയില്ല. അദ്ദേഹം ഒരു അഭിപ്രായം പറഞ്ഞു. പദ്മകുമാര്‍ എം.എല്‍.എ എന്നനിലയില്‍ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തിയാണ്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി സത്യസന്ധമായി പ്രവര്‍ത്തിച്ചയാളാണ്. വലിയ കഴിവുള്ളയാളാണ്. അദ്ദേഹത്തെപ്പോലെ ഒരാള്‍ പാര്‍ട്ടിക്കൊപ്പം ഉണ്ടാകണം. 

പാര്‍ലമെന്ററി രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, പ്രത്യേകിച്ചും മന്ത്രിമാരായവര്‍, നയപരമായ തീരുമാനമെടുക്കുന്ന സമിതിയില്‍ ഉണ്ടാകണം. അതുകൊണ്ടാണ് ക്ഷണിക്കപ്പെട്ട ആളുകളായിട്ട് അവരെ എടുക്കുന്നത്. സി. രവീന്ദ്രനാഥ് മന്ത്രിയായിരുന്നപ്പോള്‍ സംസ്ഥാന സമിതി അംഗമല്ലായിരുന്നു. അപ്പോള്‍ സംസ്ഥാന സമിതിയില്‍ അദ്ദേഹത്തിന്റെ അഭിപ്രായം കൂടി പറയുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹത്തെ ക്ഷണിതാവായി എടുത്തത്. കേരളത്തില്‍ നയരൂപീകരണം നടത്തുന്ന സമിതി സംസ്ഥാന സമിതിയാണ്. വീണാ ജോര്‍ജിനെ പാര്‍ലമെന്ററി രംഗത്താണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. അവര്‍ക്ക് സംഘടനാരംഗത്ത് പ്രത്യേക ചുമതലകള്‍ നല്‍കിയിട്ടില്ല. അതെല്ലാം പരിശോധിക്കേണ്ട വിഷയങ്ങളാണ്. അതെല്ലാം പരിശോധിക്കും'', രാജു എബ്രഹാം പറഞ്ഞു.

Content Highlights: cpm pathanamthitta secretary raju abraham meets a padmakumar