സി.പി.എം.പേജില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ; നടപടിയെടുക്കാതെ നേതൃത്വം,പരാതിയുമില്ല

പത്തനംതിട്ട : സി.പി.എം. പത്തനംതിട്ട എന്ന ഫെയ്സബുക്ക് പേജില്‍ കോൺഗ്രസ് സ്ഥാനാർഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വീഡിയോ വന്നിട്ട് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും നടപടിയെടുക്കാതെ നേതൃത്വം.
രാഹുലിനേയും അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങളേയും സംശയത്തിന്റെ മുന്‍മുനയില്‍ നിര്‍ത്തിക്കൊണ്ടാണ് സി.പി.എം.ജില്ലാസെക്രട്ടറി കെ.പി. ഉദയഭാനു വിഷയത്തില്‍ പ്രതികരിച്ചിരുന്നത്. ഹാക്കിങ്ങാണ് ഉണ്ടായിട്ടുള്ളതെന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. പോലീസിനെ സമീപിക്കുമെന്നും അന്വേഷണം ആവശ്യപ്പെടുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് പിന്നീട് അബദ്ധവശാല്‍ സംഭവിച്ചതാണെന്നും പിഴവ് മനസിലായതോടെ ഉടനെ പിന്‍വലിച്ചുവെന്നും നിലപാട് മാറ്റി. സംഭവിച്ചതേതാണെങ്കിലും അബദ്ധം പറ്റിയയാൾക്കെതിരേ നടപടിയെടുക്കുകയോ വിഷയവുമായി ബന്ധപ്പെട്ട് പോലീസിൽ പരാതി നൽകുകയോ ഇതുവരെ ഉണ്ടായിട്ടില്ല.
ജില്ലാസെക്രട്ടറി ഏരിയ സമ്മേളനവുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നുവെന്നാണ് പാര്‍ട്ടികേന്ദ്രങ്ങളുടെ വിശദീകരണം. പന്തളം ഏരിയാസമ്മേളനവും കോന്നി ഏരിയാസമ്മേളനവും ഞായറാഴ്ചയാണ് സമാപിച്ചത്. അതിനാല്‍ ആ വിശദീകരണത്തെ തള്ളിക്കളയാന്‍ കഴിയില്ല. എന്നാല്‍ എവിടെനിന്നും പോലീസിനെ ബന്ധപ്പെടാന്‍ കഴിയുമെന്നിരിക്കേ നടപടിയിലേയ്ക്ക് കാര്യങ്ങള്‍ എത്തിയില്ലയെന്നത് ശ്രദ്ധേയമാണ്.
ഈ വിഷയത്തില്‍ പാര്‍ട്ടിയ്ക്ക് ചില സംശയങ്ങളുണ്ടായിരുന്നു. തുടർന്ന് വിഷയത്തില്‍ ആഭ്യന്തര അന്വേഷണം ഞായറാഴ്ച പൂര്‍ത്തിയാക്കി. അതില്‍ അഡ്മിന്‍ പാനലിലുള്ള ആളുടെ വീഴ്ചയാണ് ഇത്തരത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയ്ക്ക് പ്രമോഷന്‍ കിട്ടുന്നതരത്തില്‍ ദൃശ്യങ്ങള്‍ പേജില്‍ അപ് ലോഡ് ചെയ്യപ്പെടാന്‍ ഇടവരുത്തിയതെന്നാണ് അനുമാനം.
ഈ എഫ്.ബി. പേജിന്റെ അഡ്മിനായിട്ടുള്ള പ്രധാനപ്പെട്ടയാള്‍ സി.പി.എം. സെക്രട്ടറിയേറ്റ് അംഗം കൂടിയായ ടി.ഡി.ബൈജുവാണ്. അദ്ദേഹത്തെക്കൂടാതെ പാര്‍ട്ടിയുമായി ബന്ധപ്പെട്ട ഓഫീസ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട മറ്റുചില യുവാക്കളും അഡ്മിന്‍ പാനലിലുണ്ട്. അതിലുള്‍പ്പെട്ട ഒരാളുടെ ഭാഗത്തെ വീഴ്ചയാണ് ഇതിന് കാരണമെന്ന് ആഭ്യന്തരഅന്വേഷണത്തില്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഇതില്‍ അദ്ദേഹം വിശദീകരിച്ചത് അബദ്ധവശാല്‍ സംഭവിച്ചതെന്നും പിഴവ് മനസിലായതോടെ ഉടനെ പിന്‍വലിച്ചുവെന്നുമാണ്. എന്നാല്‍ പാര്‍ട്ടികേന്ദ്രങ്ങള്‍ ഇത് വിശ്വസിക്കുന്നില്ല.
Content Highlights: CPM`s Silence on Rahul Maangoothil Video Leak Raises Suspicions