പന്നികളെ ക്ഷുദ്രജീവിയാക്കാത്തതിന് പിന്നിൽ ആർ.എസ്.എസ്. എന്ന് സി.പി.എം. ജില്ലാസെക്രട്ടറി

കെ.പി. ഉദയഭാനു | ഫയല്‍ചിത്രം | മാതൃഭൂമി
കെ.പി. ഉദയഭാനു | ഫയല്‍ചിത്രം | മാതൃഭൂമി

കോന്നി(പത്തനംതിട്ട): പന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കണമെന്ന് കേരളം കേന്ദ്രത്തോട് ശുപാർശ ചെയ്തപ്പോൾ അതിനെ എതിർത്തവരാണ് ആർ.എസ്.എസുകാർ എന്ന് സി.പി.എം. പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു. കർഷകസംഘത്തിന്റെ കോന്നി ഡി.എഫ്.ഒ. ഓഫീസ് മാർച്ച് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ഇത് മഹാവിഷ്ണുവിന്റെ മൂന്നാമത്തെ അവതാരമാണെന്നാണ് അവർ പറയുന്നത്. ഹിരണ്യകശിപു ഭൂമിയെ പായയായി ചുരുട്ടി കടലിൽ താഴ്ത്തി. ഭൂമിയെ രക്ഷിക്കുന്നതിന് മഹാവിഷ്ണു വരാഹാവതാരമെടുത്ത് കടലിൽനിന്ന് തേറ്റകൊണ്ട് ഭൂമിയെ കുത്തി എടുത്തെന്നാണ് പ്രചരിപ്പിക്കുന്ന കഥ. ഭൂമി ചുരുങ്ങുമ്പോൾ സമുദ്രവും ചുരുങ്ങുമെന്ന് ഈ മണ്ടൻമാർ കരുതണം. ഭൂമിയെ രക്ഷപ്പെടുത്തിയപ്പോൾ വരാഹത്തോട് ഭൂമിക്ക് സ്‌നേഹമുണ്ടായി. അങ്ങനെയാണ് നരകാസുരൻ ഉണ്ടായത്. ഇത്തരം കഥകൾ അവർ പ്രചരിപ്പിക്കുകയാണ്.

52 വർഷമായ വനനിയമങ്ങൾ മാറ്റിയെഴുതണം. വിദേശ രാജ്യങ്ങളിൽ സർവേ നടത്തി വനത്തിനുള്ളിൽ കഴിയുന്ന കടുവ, ആന, പുലി എന്നിവയുടെ കണക്ക് നിജപ്പെടുത്തുന്നുണ്ട്.ബാക്കിയുള്ളവയെ കൊല്ലും. ഇവിടെ കുരങ്ങിനേയും പാമ്പിനേയും ആരാധിക്കുന്നവരാണ്. പാമ്പിനെ തിന്നുന്ന രീതിയാണ് ചൈനയിൽ. പട്ടികളെ കൊല്ലാൻപോലും പറ്റില്ല. വിചിത്രമായ രീതിയാണ് നമ്മുടെ രാജ്യത്ത്. വനനിയമം പരിഷ്കരിക്കേണ്ടത് സംസ്ഥാന സർക്കാരല്ല. കേന്ദ്രമാണ് -അദ്ദേഹം പറഞ്ഞു.

Content Highlights: CPM pathanamthitta District Secretary criticise RSS