പി.കെ ശശി ഒന്നിനുംകൊള്ളാത്ത ഒരുത്തൻ, ഇനി വി.ഡി. സതീശൻ തീവ്രത അളക്കട്ടെ- ജില്ലാസെക്രട്ടറി സുരേഷ് ബാബു

#ന്യൂസ് ഡെസ്ക്
ഇ.എൻ. സുരേഷ് ബാബു, പി.കെ. ശശി | Photo: മാതൃഭൂമി
ഇ.എൻ. സുരേഷ് ബാബു, പി.കെ. ശശി | Photo: മാതൃഭൂമി

തിരുവനന്തപുരം: പി.കെ. ശശിക്കെതിരേ രൂക്ഷവിമർശനവുമായി പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു. പി.കെ. ശശി ഒന്നിനും കൊള്ളാത്ത ഒരുത്തനാണെന്നും അദ്ദേഹത്തെ മുഖവിലക്കെടുക്കുന്നില്ലെന്നും ഇ.എൻ. സുരേഷ് ബാബു പറഞ്ഞു. വിമത നീക്കത്തിന്‍റെ പേരിൽ പി.കെ. ശശിയെ സിപിഎമ്മിൽനിന്ന് പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു സുരേഷ് ബാബു ശശിക്കെതിരേ രൂക്ഷ വിമർശനമുന്നയിച്ചത്.

പി.കെ. ശശിയുടെ ആരോപണത്തിൽ എന്തെങ്കിലും കഴമ്പുണ്ടെങ്കിൽ താൻ പൊതുപ്രവർത്തനം അവസാനിപ്പിക്കാൻ തയ്യാറാണ്. രാഷ്ട്രീയത്തിൽ വന്നകാലം മുതൽക്കുള്ള തന്റെ സമ്പത്തടക്കം പരിശോധിക്കാം. ഒരു തരി മണ്ണിന്റെ വലിപ്പമോ വരുമാനത്തിൽ അധികമായി എന്തെങ്കിലും ഒരു തരിയോ ഉണ്ടെന്ന് തെളിയിച്ചാൽ താൻ പൊതുപ്രവർത്തനം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

നടപടിക്ക് വിധേയനാകുക തിരിച്ചുവരിക എന്നതായിരുന്നു പി.കെ. ശശിയുടെ പതിവ്. എസ്എഫ്ഐ കാലംമുതൽ അങ്ങനെയാണ്. ഇത്തരത്തിലുള്ള ഒരാളുടെ പ്രസ്താവന മുഖവിലക്കെടുക്കുന്നില്ലെന്നും അവഗണിച്ചു തള്ളുന്നുവെന്നും ഇ.എൻ. സുരേഷ് ബാബു കൂട്ടിച്ചേർത്തു. ശശിയുടെ തീവ്രത അളന്നത് എ.കെ ബാലനും ശ്രീമതി ടീച്ചറുമാണെന്നാണ് മാധ്യമങ്ങൾ അന്ന് പരസ്യപ്പെടുത്തിയത്. ഇനി വി.ഡി. സതീശൻ പി.കെ. ശശിയുടെ തീവ്രത അളക്കട്ടെയെന്നും ഇ.എൻ. സുരേഷ് ബാബു പറഞ്ഞു.

സി.പി.എം. പാലക്കാട് ജില്ലാ നേതൃത്വത്തോട് അതൃപ്തിയുള്ളവരുടെ നേതൃത്വത്തിൽ രൂപംകൊണ്ട മാർക്‌സിസ്റ്റ് കൂട്ടായ്മയുടെ ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്തതിനു പിന്നാലെ പി.കെ. ശശിയെ പാർട്ടിയിൽനിന്ന് പുറത്താക്കിയിരുന്നു. രൂക്ഷ വിമർശനമാണ് കൺവെൻഷനിൽ പി.കെ. ശശി പാർട്ടി നേതൃത്വത്തിനെതിരേ ഉന്നയിച്ചത്. അഴിമതിയും സ്പിരിറ്റ് കച്ചവടവുമൊക്കെയാണ് പാർട്ടിയിൽ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഉത്തരവാദിത്വപ്പെട്ട പാർട്ടി സ്ഥാനത്തിരിക്കുന്ന ഒരാൾ സ്പിരിറ്റ് കേസിൽ ഒന്നാം പ്രതിയാണെന്നും ശശി പറഞ്ഞിരുന്നു.

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെതിരേയും ശശി രൂക്ഷ വിമർശനമുന്നയിച്ചിരുന്നു. ‘കേട്ടാൽ ഞെട്ടുന്ന ചരിത്രമുള്ളയാളാണ് അദ്ദേഹം. ഇമ്പിച്ചിബാവയടക്കമുള്ള മഹാന്മാർ ഇരുന്ന കമ്യൂണിസ്റ്റ് പാർട്ടി ജില്ലാ സെക്രട്ടറിയുടെ കസേരയിലാണ് ഒരു സ്പിരിറ്റ് കച്ചവടക്കാരൻ ഇരുന്നത്. അതിനെ ഞങ്ങൾ ചോദ്യം ചെയ്യേണ്ടേ?', എന്നായിരുന്നു ശശി ചോദിച്ചത്.

പാർട്ടിയുമായി കുറച്ചുകാലമായി ഇടഞ്ഞുനിൽക്കുന്ന ശശി, കെടിഡിസി ചെയർമാൻസ്ഥാനം അടുത്തിടെയാണ് രാജിവെച്ചത്‌. ശശി ഒറ്റപ്പാലത്ത് വിമതസ്ഥാനാർഥിയായി മത്സരിക്കാൻ ഒരുങ്ങുന്നെന്നും ഇതിന് മുന്നോടിയായാണ് പാലക്കാട് സിപിഎമ്മിലെ വിമതർ ചേർന്ന് മാർക്‌സിസ്റ്റ് കൂട്ടായ്മ രൂപവത്കരിക്കാനും തിരഞ്ഞെടുപ്പിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കാനും നീക്കം നടത്തുന്നതെന്നുമാണ് സൂചന.

Content Highlights: P.K. Sasi has been expelled from the CPI(M) after inaugurating a rebel Marxist group's convention., Palakkad District Secretary E.N. Suresh Babu heavily criticized Sasi, calling his statements worthless., Sasi accused the district party leadership of corruption and involvement in the spirit trade., The incident highlights significant infighting within the CPI(M)'s Palakkad district unit.