സുരേഷ് ബാബുവിനെ നീക്കിയ സംഭവം: നടപടികൾക്ക് വേഗംകൂടിയത് കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലോടെ

പാലക്കാട്: ഇ.എൻ. സുരേഷ് ബാബുവിനെ സി.പി.എം. പാലക്കാട് ജില്ലാസെക്രട്ടറിസ്ഥാനത്തുനിന്ന് നീക്കിയത് പാർട്ടി കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലുണ്ടായതോടെ. പി.ബി. അംഗങ്ങളടക്കം നാലു മുതിർന്ന നേതാക്കളാണ് വിഷയത്തിൽ ഗൗരവത്തോടെ ഇടപെട്ടതെന്നാണ് സൂചന. അതോടെയാണ് തത്കാലം മുഖം രക്ഷിക്കാൻ ജില്ലാസെക്രട്ടറിസ്ഥാനത്തുനിന്ന് നീക്കാനുള്ള തീരുമാനമുണ്ടായത്.
നിയമസഭാ തിരഞ്ഞെടുപ്പുകാലത്തുണ്ടായ പരിചയത്തിന്റെ തുടർച്ചയായാണ് പരാതിക്കാസ്പദമായ സംഭവങ്ങളുണ്ടായത്. ഒരു സംസ്ഥാനസമിതി അംഗംവഴി സംസ്ഥാനനേതൃത്വത്തിനുമുന്നിലേക്ക് യുവതിയുടെ പരാതിയെത്തിയെന്നാണ് പറയപ്പെടുന്നത്. ഇതിന് കാര്യമായ പ്രതികരണമില്ലാതായതോടെയാണ് കേന്ദ്രകമ്മിറ്റിക്കുമുൻപിലേക്ക് പരാതിയെത്തിയത്. തുടർന്ന് ഒരു കേന്ദ്രകമ്മിറ്റിയംഗം വിഷയത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചിരുന്നു. ഇതേത്തുടർന്നാണ് പ്രതിപക്ഷനേതാവ് പിണറായി വിജയൻ മലപ്പുറത്തെത്തിയപ്പോൾ ജില്ലയിൽനിന്നുള്ള സംസ്ഥാനകമ്മിറ്റിയംഗങ്ങളെ വിളിപ്പിച്ചതും വിഷയം ചർച്ചയായതും.
വിപുലീകൃത ജില്ലാകമ്മിറ്റിയോഗത്തിന്റെ രണ്ടാംനാളായ ഞായറാഴ്ച രാവിലെയാണ് ജില്ലാസെക്രട്ടറിയെ മാറ്റുന്നുവെന്ന വിവരം പുറത്തുവന്നത്. സംസ്ഥാനസെക്രട്ടേറിയറ്റ് അംഗം എം.ബി. രാജേഷിന് ചുമതല നൽകാനുള്ള ആലോചനയാണ് ആദ്യം നടന്നത്. പിന്നീടാണ് നിർദേശിക്കപ്പെട്ട രണ്ടുപേരിൽനിന്ന് വി. ചെന്താമരാക്ഷനിലേക്ക് മുതിർന്ന നേതാക്കളുടെ തീരുമാനമെത്തുന്നത്. വിപുലീകൃത ജില്ലാകമ്മിറ്റിയിൽ റിപ്പോർട്ട് അവതരിപ്പിക്കാനുള്ള ജില്ലാനേതൃയോഗത്തിലും പരാതിക്കാര്യം പരാമർശിക്കപ്പെട്ടിരുന്നില്ലെന്നാണ് പറയപ്പെടുന്നത്. പരാതി വളരെ ഗുരുതരസ്വഭാവമുള്ളതാണെന്ന വിവരമാണ് പുറത്തുവരുന്നതും.
Content Highlights: E.N. Suresh Babu was removed from the post of CPM Palakkad District Secretary following high-level central leadership intervention. The complaint against Suresh Babu originated during the Assembly election period and reached the CPM Central Committee through a state committee member. Senior CPM leaders, including Politburo members, actively intervened after an investigation was conducted by a Central Committee member. Chief Minister Pinarayi Vijayan summoned state committee members from Palakkad to discuss the issue during his visit to Malappuram. Following discussions, V. Chenthamarakshan was selected to replace Suresh Babu after initial deliberations regarding M.B. Rajesh.