ഒറ്റയാനായി പദ്മകുമാർ, ഞെട്ടലോടെ സി.പി.എം; നടപടിക്ക് സാധ്യത

പത്തനംതിട്ട: സി.പി.എമ്മിന്റെ സംസ്ഥാനസമ്മേളന തീരുമാനത്തിനെതിരേ ഒറ്റയാൻ കണക്കേ രംഗത്തുവന്ന എ.പദ്മകുമാറിന്റെ ആഞ്ഞടിക്കൽ ഉണ്ടാക്കിയ ഞെട്ടലിലാണ് ജില്ലയിലെ പാർട്ടി അണികൾ.
മന്ത്രി വീണാജോർജിനെ സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതാണ് തന്റെ അതൃപ്തിക്ക് കാരണമെന്ന് അദ്ദേഹം പറയുന്നുണ്ടെങ്കിലും പതിവായി താൻ തഴയപ്പെടുന്നതിലുള്ള വികാരവും ഒപ്പം ചേർത്തുവായിക്കാവുന്നതാണ്. എം.എൽ.എ., ദേവസ്വം ബോർഡ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ പാർട്ടി നൽകിയിട്ടുണ്ടെങ്കിലും 52 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള അദ്ദേഹത്തിന് പാർട്ടിയിൽ ജില്ലയ്ക്കപ്പുറത്തേക്ക് പോകാനുള്ള അവസരം ഇക്കുറിയും നിഷേധിക്കപ്പെടുകയായിരുന്നു.
1983-ൽ ആദ്യ ജില്ലാസമ്മേളനം മുതൽ ജില്ലാ കമ്മിറ്റിയംഗമാണ് പദ്മകുമാർ. 36 വർഷമായി ജില്ലാ സെക്രട്ടേറിയറ്റംഗവുമാണ്. ഇത്തവണത്തെ ജില്ലാ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നവരിൽ ഒരാളായിരുന്നു അദ്ദേഹം. പക്ഷേ, അതിലും തഴയപ്പെട്ടപ്പോൾ തന്റെ നിരാശ അടുപ്പക്കാരോട് പങ്കുവെച്ചിരുന്നു.
മന്ത്രി വീണാജോർജിനെതിരേ ചില ജില്ലകളിലെ സമ്മേളനങ്ങളിൽ വിമർശനം ഉണ്ടായിട്ടുണ്ടെങ്കിലും അത് പരസ്യമായി പുറത്തേക്ക് വരുന്നത് ഇതാദ്യമാണ്. ഇത്തവണത്തെ പത്തനംതിട്ട ജില്ലാസമ്മേളനത്തിൽ മന്ത്രിക്കെതിരേ വിമർശനമുണ്ടായില്ലെങ്കിലും പരസ്യപ്രതികരണം വന്നത് ഇവിടെ നിന്നായിമാറി.
സംസ്ഥാന കമ്മിറ്റിയിലെത്തുമെന്ന പ്രതീക്ഷ പുലർത്തിയിരുന്ന ചിലർ ജില്ലയിലുണ്ടായിരുന്നു. പക്ഷേ, മന്ത്രി എന്ന നിലയിൽ വീണയെ ക്ഷണിതാവായി ഉൾപ്പെടുത്താനിയിരുന്നു തീരുമാനം. 12,000 ഓളം മെമ്പർഷിപ്പുള്ള ജില്ലയിൽനിന്ന് മൂന്ന് സംസ്ഥാന കമ്മിറ്റിയംഗങ്ങൾക്കപ്പുറം പ്രതീക്ഷിക്കാനാവില്ലെന്ന് ജില്ലാ നേതൃത്വം വ്യക്തമാക്കുന്നുണ്ട്.
നിലവിൽ സി.പി.എം. മന്ത്രിമാരെല്ലാം സംസ്ഥാനകമ്മിറ്റിയിലുണ്ട്. വീണയെ ഉൾപ്പെടുത്താതിരുന്നാൽ അത് വേറെ പ്രശ്‌നത്തിലേക്ക് നയിക്കുമെന്ന് സംസ്ഥാന നേതൃത്വം കണക്കുകൂട്ടിയിരുന്നതായി സൂചനയുണ്ട്. വിവാദങ്ങൾ ഒന്നുമില്ലാതെ അവസാനിക്കേണ്ടിയിരുന്ന കൊല്ലം സമ്മേളനത്തിന്റെ അവസാനഘട്ടത്തിൽ പദ്മകുമാറിന്റെ പരസ്യപ്രതികരണം നാണക്കേടായെന്ന വിലയിരുത്തൽ പാർട്ടിയിലുണ്ട്.
എ. പദ്മകുമാർ സി.പി.എം. നടപടിയുടെ പടിവാതിൽക്കൽ
മന്ത്രി വീണാ ജോർജിനെ സി.പി.എം. സംസ്ഥാന കമ്മിറ്റിയിൽ ക്ഷണിതാവായി ഉൾപ്പെടുത്തിയതിനെ രൂക്ഷമായി വിമർശിച്ച മുൻ എം.എൽ.എ.യും ജില്ലാകമ്മിറ്റിയംഗവുമായ എ. പദ്മകുമാർ പാർട്ടി നടപടിയുടെ പടിവാതിൽക്കൽ. പരസ്യമായി പാർട്ടിയുടെ തീരുമാനത്തെ ചോദ്യംചെയ്ത അദ്ദേഹത്തെ ജില്ലാസെക്രട്ടറി രാജു എബ്രഹാം, ജില്ലാ കമ്മിറ്റിയംഗവും സി.ഐ.ടി.യു. സംസ്ഥാന വൈസ് പ്രസിഡന്റുമായ പി.ബി. ഹർഷകുമാർ എന്നിവർ വീട്ടിൽവന്നുകണ്ടത് പാർട്ടിയിൽ പതിവില്ലാത്ത മറ്റൊരു കാര്യമായി.
വിഷയം ജില്ലാകമ്മിറ്റി ചർച്ചചെയ്യുമെന്നും തുടർനടപടി അതിനുശേഷമായിരിക്കും ഉണ്ടാവുകയെന്നും രാജു എബ്രഹാം വ്യക്തമാക്കി. സമ്മേളനത്തിന്റെ സമാപനദിവസം സംസ്ഥാനസമിതി അംഗങ്ങളുടെ പട്ടികവന്നശേഷം അതിൽ താനില്ലെന്നറിഞ്ഞതോടെയാണ് പദ്മകുമാർ ഇടഞ്ഞത്.
52 വർഷമായി പ്രവർത്തനരംഗത്തുള്ള തന്നെ അവഹേളിച്ചതായിക്കാണിച്ച് ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റായിരുന്നു തുടക്കം. പിന്നീട് വാചകങ്ങൾ പിൻവലിച്ചെങ്കിലും നിരാശനായിരിക്കുന്ന ചിത്രം നിലനിർത്തി. തിങ്കളാഴ്ച രാവിലെമുതൽ വീണാ ജോർജിനെ പേരെടുത്തു പറഞ്ഞുള്ള വിമർശനം മാധ്യമങ്ങളിലൂടെ നടത്തി. വീണയെ വിമർശിക്കുന്ന പദ്മകുമാർ ഫലത്തിൽ സംസ്ഥാനനേതൃത്വ തീരുമാനത്തെയാണ് തള്ളിപ്പറയുന്നത്. ബുധനാഴ്ച ജില്ലാകമ്മിറ്റി യോഗം വിഷയം പരിശോധിക്കുമെന്നാണ് സൂചന.
Content Highlights: A. Padmakumar openly criticizes party`s decision to include Veena George in state committee