പാർട്ടിക്ക് സംഘടനാദൗർബല്യം, സിപിഎമ്മിന് ബിജെപിയുമായി ബന്ധമുണ്ടെന്ന പ്രചാരണം പ്രതിരോധിക്കാനായില്ല- ഇ.പി. ജയരാജൻ

#മാതൃഭൂമി ന്യൂസ്
ഇ.പി. ജയരാജൻ | Photo: Mathrubhumi
ഇ.പി. ജയരാജൻ | Photo: Mathrubhumi

കണ്ണൂർ: സിപിഎമ്മിലെ സംഘടനാ ദൗർബല്യത്തേക്കുറിച്ച് വിമർശനവുമായി മുതിർന്ന നേതാവ് ഇ.പി. ജയരാജൻ. ശത്രുക്കളുടെ കടന്നാക്രമണം പ്രതിരോധിക്കാനായില്ലെന്നും സംഘടനാദൗർബല്യം വലുതാണെന്നും അദ്ദേഹം പറഞ്ഞു. വിശാല ജില്ലാ കമ്മിറ്റിക്കുള്ള സ്വാഗതസംഘ രൂപവത്കരണ യോഗത്തിലാണ് ജയരാജന്റെ വിമർശനം.

ബ്രാഞ്ചുകളിൽ വലിയൊരു ശതമാനം ഫലപ്രദമായി പ്രവർത്തിക്കുന്നില്ലെന്നും ജയരാജൻ വിമർശിച്ചു. യോഗങ്ങൾ ചേരുന്നത് പരിമിതമാണ്. അവിടുത്തെ പാർട്ടി അംഗങ്ങൾ ഉത്തരവാദിത്വം നിർവഹിച്ചില്ല. ബ്രാഞ്ച് സെക്രട്ടറിമാർക്ക് ഫലപ്രദമായി നയിക്കാൻ കഴിയാതെവന്നു. ലോക്കൽ, ഏരിയാ കമ്മിറ്റികൾക്ക് ഈ പാളിച്ചകൾ തിരുത്താൻ കഴിയാതെവന്നു, ജയരാജൻ പറഞ്ഞു.

സി.പി.എമ്മിന് ബി.ജെ.പിയുമായി ബന്ധമുണ്ടെന്ന പ്രചാരണം പ്രതിരോധിക്കാനായില്ലെന്നും ജയരാജൻ കൂട്ടിച്ചേർത്തു. ചില വ്യക്തികളുടെ തെറ്റായ പ്രവണത പാർട്ടിയെ ബാധിക്കുന്നു. ജനങ്ങളിൽനിന്ന് അകന്നുപോയി. പണപ്പിരിവുമായി മാത്രം പോകുന്നൊരു പാർട്ടിയെന്ന് നമുക്ക് നേരെ ആക്ഷേപമുണ്ടാവുന്നെന്നും അദ്ദേഹം പറഞ്ഞു.

പലസ്തീനുവേണ്ടി വാദിക്കുന്നത് മുസ്ലിംപ്രീണനമാണെന്ന പ്രചാരണമുണ്ടായെന്നും ജയരാജൻ പറഞ്ഞു. ഭൂരിപക്ഷ മതവിഭാഗത്തിനിടയിൽ ശബരിമല പോലുള്ള ചില പ്രശ്‌നങ്ങളിൽ എതിരാളികൾ പ്രചാരവേല നടത്തി ധ്രുവീകരണമുണ്ടാക്കി. 2016 മുതൽ ന്യൂനപക്ഷം അവരുടെ സംരക്ഷകരായി കണ്ടത് സി.പി.എമ്മിനെയാണ്. അതിനെ ഇല്ലാതാക്കാനുള്ള യു.ഡി.എഫ്., ബി.ജെ.പി. പ്രചാരവേലകൾ ഫലപ്രദമായി പ്രതിരോധിക്കാനായില്ല.

അതോടൊപ്പം സംഘടനാപരമായ ദൗർബല്യങ്ങളും സ്ഥാനാർഥി നിർണയത്തിൽ പാളിച്ചകൾ സംഭവിച്ചതും നമുക്കെതിരായി ഉപയോഗപ്പെടുത്തി. ജനങ്ങളിൽ നമ്മളോടുള്ള മതിപ്പ് കുറയാനും ഇടതുപക്ഷപാർട്ടിയെന്ന നിലയിൽ സി.പിഎമ്മിന്റെ പ്രസക്തിക്ക് കോട്ടം തട്ടാനും ഇതിടയാക്കി. ഭരണം നഷ്ടപ്പെട്ടതല്ല, വോട്ട് കുറഞ്ഞതാണ് പ്രധാനപ്രശ്‌നം. നമ്മുടെ വോട്ടർമാർ നമുക്കെതിരേ വോട്ടുചെയ്യുന്ന നിലയുണ്ടായി. നേതൃതലത്തിൽ പ്രവർത്തിച്ചവർ മറുകണ്ടം ചാടി. ഇതെല്ലാം വന്നപ്പോൾ എതിരാളികളുടെ പ്രചാരണത്തിന് മൂർച്ചകൂടിയെന്നും ജയരാജൻ പറഞ്ഞു.

Content Highlights: E.P. Jayarajan criticized the organizational weaknesses within the CPI(M), highlighting the party's inability to effectively counter external attacks and internal inefficiencies, particularly at the branch level.