9 നിലകൾ, പാർക്കിങ്ങിന് രണ്ട് ഭൂഗര്‍ഭനിലകൾ; CPMന്റെ പുതിയ ആസ്ഥാനമന്ദിരം മുഖ്യമന്ത്രി തുറന്നുകൊടുക്കും

പുതിയ എ.കെ.ജി. സെന്ററിന്റെ രൂപരേഖ, നിലവിലെ എ.കെ.ജി. സെന്റർ | Photos: facebook.com/CPIMKerala, Mathrubhumi
പുതിയ എ.കെ.ജി. സെന്ററിന്റെ രൂപരേഖ, നിലവിലെ എ.കെ.ജി. സെന്റർ | Photos: facebook.com/CPIMKerala, Mathrubhumi

തിരുവനന്തപുരം: കേരളത്തിലെ സിപിഎമ്മിന്റെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ നിര്‍മ്മാണം അവസാനഘട്ടത്തില്‍. നിലവിലെ ആസ്ഥാനമന്ദിരമായ എ.കെ.ജി. സെന്ററിന്റെ പേര് തന്നെയാണ് പുതിയ മന്ദിരത്തിനും നല്‍കുക. തിരുവനന്തപുരത്തെ ഗ്യാസ് ഹൗസ് ജങ്ഷനില്‍ നിലവിലെ എ.കെ.ജി. സെന്ററിന് സമീപം പാര്‍ട്ടി വാങ്ങിയ 32 സെന്റ് സ്ഥലത്താണ് പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് നിര്‍മ്മിക്കുന്നത്. 

പുതിയ എ.കെ.ജി. സെന്ററിന്റെ ഉദ്ഘാടനം അടുത്തമാസം 23-ന് മുഖ്യമന്ത്രിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്‍ നിര്‍വ്വഹിക്കും. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. നഗരസഭ, അഗ്നിരക്ഷാ സേന, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, എയര്‍പോര്‍ട്ട് അതോറിറ്റി, മൈനിങ് ആന്‍ഡ് ജിയോളജി, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് തുടങ്ങി ആവശ്യമായ എല്ലാ അനുമതികളും വാങ്ങിയാണ് കെട്ടിടം നിര്‍മ്മിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉദ്ഘാടനത്തിന് മുന്നോടിയായി മന്ദിരത്തിന്റെ അവസാനഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്.

സംസ്ഥാന കമ്മിറ്റിയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സൗകര്യപ്രദമായ തരത്തിലാണ് പുതിയ ആസ്ഥാന മന്ദിരത്തിന്റെ നിര്‍മ്മാണം. വാര്‍ത്താ സമ്മേളനത്തിനുള്ള ഹാള്‍, സംസ്ഥാന കമ്മിറ്റിയുടെ ഓഫീസ്, യോഗം ചേരാനുള്ള സൗകര്യം, സെക്രട്ടറിയേറ്റിന്റെ പ്രത്യേക മുറി, ഹാളുകള്‍, സെക്രട്ടേറിയേറ്റ് അംഗങ്ങള്‍ക്കെല്ലാമുള്ള ഓഫീസ് മുറികള്‍, പിബി അംഗങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ എന്നിവ പുതിയ ആസ്ഥാനമന്ദിരത്തിലുണ്ടാകും. പരിമിതമായ താമസ സൗകര്യവും മന്ദിരത്തില്‍ സജ്ജീകരിക്കും. ഒമ്പത് നിലകളാണ് പുതിയ എ.കെ.ജി. സെന്ററിനുള്ളത്. ഇതിന് പുറമെ വാഹന പാര്‍ക്കിങ്ങിനായി രണ്ട് ഭൂഗര്‍ഭനിലകള്‍ വേറേയുമുണ്ട്. 

പ്രമുഖ വാസ്തു ശില്‍പ്പി എന്‍. മഹേഷാണ് കെട്ടിടത്തിന്റെ രൂപകല്‍പ്പന. ടെക്‌നോപാര്‍ക്ക് ഫേസ്-3, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങള്‍ രൂപകല്‍പ്പന ചെയ്ത അയ്യര്‍ ആന്‍ഡ് മഹേഷിന്റെ ഉടമയും പ്രധാന ആര്‍ക്കിടെക്റ്റുമാണ് മഹേഷ്. 2022 ഫെബ്രുവരിയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പുതിയ എ.കെ.ജി. സെന്ററിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചത്. 

Content Highlights: CPM's new headquarters, new AKG centre will be inagurated on 23rd April. Know more