ആര്‍എസ്എസ് പരാമര്‍ശം പാര്‍ട്ടിക്ക് ദോഷമായി; എം.വി. ഗോവിന്ദന് സിപിഎമ്മില്‍ വിമര്‍ശനം

#ബിജു പരവത്ത്
എം.വി.​ഗോവിന്ദൻ | ഫോട്ടോ: അഖിൽ.ഇ.എസ്\ മാതൃഭൂമി
എം.വി.​ഗോവിന്ദൻ | ഫോട്ടോ: അഖിൽ.ഇ.എസ്\ മാതൃഭൂമി

തിരുവനന്തപുരം: ആര്‍എസ്എസുമായി സിപിഎം സഹകരിച്ചിട്ടുണ്ടെന്ന സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്റെ വിവാദപരാമര്‍ശത്തില്‍ കടുത്ത വിമര്‍ശനവുമായി പാര്‍ട്ടിനേതാക്കള്‍. വര്‍ഗീയകക്ഷികളുമായി പാര്‍ട്ടിക്ക് ബന്ധമുണ്ടെന്നരീതിയില്‍ വന്ന പരാമര്‍ശങ്ങള്‍ ദോഷകരമായ ഒന്നായിരുന്നെന്ന് നേതാക്കള്‍ പറഞ്ഞു. എന്നാല്‍, എം.വി. ഗോവിന്ദന്റെ പേര് പരാമര്‍ശിക്കാതെയായിരുന്നു ഇത്.

നിലമ്പൂര്‍ തിരഞ്ഞെടുപ്പുഫലം വിലയിരുത്തുന്നതിനായി സംസ്ഥാനസമിതിയോഗം ചേരുന്നതിന് മുന്നോടിയായുള്ള സെക്രട്ടേറിയറ്റ് യോഗമാണ് ബുധനാഴ്ചയുണ്ടായത്. എല്‍ഡിഎഫിന് വോട്ടുചോര്‍ച്ചയുണ്ടായിട്ടില്ലെന്ന രീതിയിലുള്ള റിപ്പോര്‍ട്ടാണ് ഗോവിന്ദന്‍ യോഗത്തില്‍ വെച്ചത്.

അന്‍വറിന്റെ കാര്യത്തില്‍ കണക്കുകൂട്ടല്‍ തെറ്റി -എം.വി. ഗോവിന്ദന്‍

തിരുവനന്തപുരം: പി.വി. അന്‍വര്‍ 5000 വോട്ട് നേടുമെന്നായിരുന്നു കണക്കുകൂട്ടലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ എം.വി. ഗോവിന്ദന്‍. അതിനപ്പുറം പിടിച്ചതിനാല്‍ മുന്നണിക്കുകിട്ടേണ്ട ചില വോട്ടുകള്‍കൂടി നഷ്ടമായിട്ടുണ്ടെന്നാണ് സംസ്ഥാനസെക്രട്ടറി വിശദീകരിച്ചത്.

പാര്‍ട്ടിവോട്ടുകള്‍ നന്നായി ചോര്‍ന്നിട്ടുണ്ടെന്നാണ് മറ്റുനേതാക്കള്‍ ചൂണ്ടിക്കാട്ടിയത്. എം. സ്വരാജ് മികച്ച സ്ഥാനാര്‍ഥിയായിരുന്നു. വ്യക്തിപരമായി പതിനായിരത്തോളം വോട്ടുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്. ഇത് എല്‍ഡിഎഫിന്റെ വോട്ടുകണക്കില്‍ പ്രകടമാകാത്തത്, പാര്‍ട്ടിവോട്ടുകള്‍ ചോര്‍ന്നതുകൊണ്ടാണെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി.

വസ്തുനിഷ്ഠമായ പരിശോധനയിലൂടെ മുന്നോട്ടുപോയില്ലെങ്കില്‍ തിരിച്ചടികളുണ്ടാകുമെന്നായിരുന്നു നേതാക്കളുടെ മുന്നറിയിപ്പ്. അന്‍വറിനെ നേരിടുന്ന കാര്യത്തില്‍ വേണ്ടത്ര പ്രചാരണമുണ്ടായോയെന്നത് പരിശോധിക്കണമെന്ന് മുഖ്യമന്ത്രിയും ചൂണ്ടിക്കാട്ടി. എല്‍ഡിഎഫ് നേതാക്കളുടെ പ്രസംഗങ്ങളില്‍ അന്‍വറിന്റെ വഞ്ചന വേണ്ടത്രരീതിയില്‍ പ്രതിഫലിച്ചില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തല്‍.

സംസ്ഥാനസമിതി യോഗത്തിനുമുന്‍പുള്ള സെക്രട്ടേറിയറ്റ് യോഗമായതിനാല്‍ പി.കെ. ശ്രീമതിയും പങ്കെടുത്തിരുന്നു. പതിവ് സെക്രട്ടേറിയറ്റ് യോഗത്തിന് പങ്കെടുക്കേണ്ടെന്ന് ശ്രീമതിക്ക് നിര്‍ദേശമുണ്ടായിരുന്നു.

Content Highlights: Kerala CPM faces backlash over its state secretary`s controversial statement on RSS collaboration