രക്തസാക്ഷി ഫണ്ട് സുരക്ഷിതം, ക്രമക്കേടുകൾ അനുവദിക്കില്ല; ഭരണത്തുടർച്ച ഉണ്ടാകും- എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ ജനങ്ങൾക്കിടയിൽ ഭരണവിരുദ്ധ വികാരം ഇല്ലെന്നും എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാർട്ടിയുടെ ഗൃഹസന്ദർശന പരിപാടി സംസ്ഥാന കമ്മിറ്റി വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഭരണത്തുടർച്ചയുണ്ടാകുമെന്ന നിഗമനം. ജനങ്ങളുടെ നിർദേശങ്ങൾ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
പയ്യന്നൂരിലെ ഫണ്ട് തിരിമറി വിവാദത്തിൽ കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങൾ പാർട്ടി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും സംഘടനാവിരുദ്ധമായ തീരുമാനങ്ങൾ എടുക്കുന്നതിനെതിരെ കർശന നിലപാട് സ്വീകരിക്കും. ജില്ല കമ്മിറ്റി ഇക്കാര്യങ്ങൾ പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ മാത്രം പാർട്ടി ഇടപെടും. ഒരു ക്രമക്കേടിനും പാർട്ടി കൂട്ടുനിൽക്കില്ല. രക്തസാക്ഷി ഫണ്ടിലെ ഒരു നയാപൈസ പോലും നഷ്ടപ്പെടാൻ പാർട്ടി അനുവദിക്കില്ലെന്നും ഇത് ജില്ലാ കമ്മിറ്റി കൈകാര്യം ചെയ്യേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സജി ചെറിയാന്റെ പ്രസ്താവനയിൽ അദ്ദേഹം തന്നെ ഖേദം പ്രകടിപ്പിച്ചതിനാൽ പാർട്ടി നടപടി ഉണ്ടാകില്ല. എന്നാൽ, വർഗീയ പരാമർശങ്ങൾ പാർട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലെന്നത് പാർട്ടിയുടെ നയമാണ്. അതേസമയം, കെ.എം. ഷാജി എകെജിയെക്കുറിച്ച് പറയുന്നത് തോന്നിവാസമാണ്. അതിവേഗ പാത സംബന്ധിച്ച് ഏത് തരത്തിലുള്ള നിർദേശങ്ങളും സ്വീകരിക്കാൻ സർക്കാർ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
‘ശബരിമല വിഷയത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷം ഉയർത്തിയ ആയുധങ്ങൾ ഇപ്പോൾ അവർക്ക് തന്നെ തിരിച്ചടിയായിരിക്കുകയാണ്. ആരേയും സംരക്ഷിക്കില്ലെന്ന നിലപാടാണ് സിപിഎം തുടക്കം മുതൽ സ്വീകരിച്ചത്. ശബരിമലയെച്ചൊല്ലിയുള്ള കള്ളക്കഥകൾ ഇപ്പോൾ പൊളിഞ്ഞിരിക്കുകയാണ്. വിഷയത്തിൽ എൽഡിഎഫിന് അന്നും ഇന്നും ഒരേ നിലപാടാണ്’- എം.വി. ഗോവിന്ദൻ പറഞ്ഞു.
കോൺഗ്രസ് നേതാക്കളുടെ ബന്ധങ്ങൾ പുറത്തുവന്നതോടെ മാധ്യമങ്ങൾക്ക് പഴയ ആവേശമില്ല. തന്ത്രിയെ അറസ്റ്റ് ചെയ്തതോടെ ബിജെപിക്ക് മിണ്ടാട്ടം ഇല്ലാതായി. പോറ്റിയെ നിയമിച്ചത് യുഡിഎഫ് ആണ്. ‘സ്വർണം വാങ്ങിയ ആളും വിറ്റയാളും എന്തിനാണ് സോണിയ ഗാന്ധിയെ കണ്ടതെന്ന ചോദ്യത്തിന് പ്രതിപക്ഷത്തിന് ഇപ്പോഴും ഉത്തരമില്ല. സ്വർണ്ണക്കൊള്ള വിഷയം ഉന്നയിച്ചത് ശരിയായില്ല എന്ന നിലപാടാണ് രാഹുൽ ഗാന്ധിക്കുള്ളത്.’ കൂടാതെ, സർക്കാരിന്റെ എസ്ഐആർ പദ്ധതി ന്യൂനപക്ഷങ്ങളെ പുറത്താക്കാനുള്ള നീക്കമാണെന്ന തരത്തിലുള്ള പച്ചക്കള്ളങ്ങൾ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
എൽഡിഎഫ് സർക്കാരിന്റെ ഭരണത്തുടർച്ചയാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. അവർ നൽകിയ നിർദേശങ്ങൾ അംഗീകരിച്ച്, ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ട് പോകും. ജനങ്ങൾ തന്നെ ഭരണത്തുടർച്ച വേണമെന്ന് ആഗ്രഹിക്കുന്ന സാഹചര്യത്തിൽ ഇടതുപക്ഷത്തിന് അനുകൂലമായി അവർ വോട്ട് ചെയ്യുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
Content Highlights: CPM leader M.V. Govindan asserts no anti-incumbency against Kerala govt. LDF confident of victory, dismisses opposition claims & media narratives.