മുദാക്കലില്‍ കോണ്‍ഗ്രസിന്റെയും BJPയുടെയും അവിശ്വാസ പ്രമേയം; CPM പുറത്ത്, CPI അംഗം വോട്ടുചെയ്തില്ല

#സ്വന്തം ലേഖകന്‍
മുദക്കൽ പഞ്ചായത്ത് പ്രസിഡന്റായിരുന്ന സി.പി.എമ്മിലെ എ. ചന്ദ്രബാബു | ഫോട്ടോ: മാതൃഭൂമി
മുദക്കൽ പഞ്ചായത്ത് പ്രസിഡന്റായിരുന്ന സി.പി.എമ്മിലെ എ. ചന്ദ്രബാബു | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: ആറ്റിങ്ങലിന് സമീപമുള്ള മുദാക്കല്‍ പഞ്ചായത്തില്‍ കോൺഗ്രസും ബി.ജെ.പിയും കൊണ്ടുവന്ന അവിശ്വാസപ്രമേയം വിജയിച്ചു. പഞ്ചായത്ത് പ്രസിഡന്റായിരുന്ന സി.പി.എമ്മിലെ എ. ചന്ദ്രബാബുവിനെതിരെയാണ് സ്വതന്ത്രാംഗമായ വൈസ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. 

പഞ്ചായത്തില്‍ ആകെ 20 അംഗങ്ങളാണുള്ളത്. വ്യാഴാഴ്ച 13 പേര്‍ അവിശ്വാസപ്രമേയചര്‍ച്ചയില്‍ പങ്കെടുക്കുകയും അനുകൂലിച്ച് വോട്ട് ചെയ്യുകയും ചെയ്തതോടെയാണ് അവിശ്വാസപ്രമേയം വിജയിച്ചത്. ഇതോടെ പഞ്ചായത്തില്‍ സി.പി.എമ്മിന് അധികാരം നഷ്ടമായി.

യു.ഡി.എഫിന്റെ അവിശ്വാസപ്രമേയനോട്ടീസില്‍ ഒപ്പിട്ടെങ്കിലും സി.പി.ഐ. അംഗമായ പള്ളിയറ ശശി ചര്‍ച്ചയിലും വോട്ടെടുപ്പിലും പങ്കെടുത്തില്ല. പാര്‍ട്ടി വിപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് പള്ളിയറശശി ചര്‍ച്ചയില്‍ നിന്നും വിട്ടുനിന്നതെന്നാണ് സൂചന. പ്രസിഡന്റുള്‍പ്പെടെയുള്ള സി.പി.എം.അംഗങ്ങളും ഒരു സ്വതന്ത്ര അംഗവും ചര്‍ച്ചയില്‍ നിന്നും വിട്ടുനിന്നു.

പഞ്ചായത്ത് ഭരണവുമായി ബന്ധപ്പെട്ട് സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള തര്‍ക്കങ്ങളാണ് എല്‍.ഡി.എഫിന് ഭരണം നഷ്ടമാകുന്നതിലേക്ക് നയിച്ചത്.

Content Highlights: CPM loses Mudakkal panchayath rule as no confidence motion wins. CPI member stayed away.