ജനങ്ങളോട് വിനയത്തോടെ പെരുമാറിയില്ല; വീഴ്ച മറികടക്കാൻ തെറ്റുതിരുത്തലിലേക്ക് സിപിഎം

ന്യൂഡൽഹി: ജനങ്ങളോട് പെരുമാറുമ്പോൾ പുലർത്തേണ്ട വിനയം കേരളത്തിലെ പാർട്ടി നേതാക്കളിലുണ്ടായില്ലെന്ന് തുറന്നുസമ്മതിച്ച് സി.പി.എം. വിനയം അകന്നുപോയെന്ന് പാർട്ടി സമ്മതിക്കുന്നത് ആദ്യമാണ്. ഇതടക്കമുള്ള വീഴ്ചകളും ദൗർബല്യങ്ങളും മറികടക്കാൻ തെറ്റുതിരുത്തലിലേക്ക് പാർട്ടി ആത്മാർഥമായി കടക്കുമെന്ന് ജനറൽസെക്രട്ടറി എം.എ. ബേബി പറഞ്ഞു.
തിരഞ്ഞെടുപ്പുഫലം അവലോകനംചെയ്ത മൂന്നുദിവസത്തെ സി.പി.എം. കേന്ദ്രകമ്മിറ്റിയോഗത്തിനുശേഷം പത്രസമ്മേളനത്തിൽ സംസാരിക്കയായിരുന്നു അദ്ദേഹം. സെപ്റ്റംബർ പകുതിയിൽ ഇതിനായി വിശാല സംസ്ഥാനകമ്മിറ്റി ചേരും. നേതൃമാറ്റവിഷയം അതിൽ ചർച്ചയാവുമോയെന്ന ചോദ്യത്തിന്, എന്തുചർച്ചചെയ്യുമെന്ന് ഇപ്പോൾ പറയാനാവില്ലെന്ന് ബേബി പറഞ്ഞു.
ജനങ്ങളെ ക്ഷമാപൂർവം കേട്ട് മറുപടിപറയുകയെന്ന ജനാധിപത്യമര്യാദയുണ്ടായില്ല. ഇടതുസർക്കാർ എന്തിനാണ് ജനങ്ങൾക്കൊപ്പം നിൽക്കുന്നതെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നതിൽ പരാജയപ്പെട്ടു. പാർട്ടിയുടെ എല്ലാ തലത്തിലുമുള്ള നേതാക്കൾക്കും തെറ്റുകളും കുറ്റങ്ങളുമുണ്ടായി. ഇത് അടിമുടി തിരുത്തണം. വെള്ളാപ്പള്ളി നടേശൻ നടത്തിയ ചില പ്രസ്താവനകൾക്കെതിരേ പാർട്ടി പ്രതികരിച്ചെങ്കിലും അത് ജനങ്ങളുടെ വിശ്വാസമാർജിക്കുന്ന തലത്തിലേക്കുയർന്നില്ല. ഇത് സംസ്ഥാനഘടകംതന്നെ അംഗീകരിച്ചതാണെന്ന് ബേബി പറഞ്ഞു.
തിരഞ്ഞെടുപ്പുപ്രചരണത്തിലും സ്ഥാനാർഥിനിർണയത്തിലും ജാഗ്രതക്കുറവുണ്ടായി. ആര് തെറ്റുചെയ്താലും പാർട്ടിയെ മോശമായി ബാധിക്കും. എല്ലാവരും സ്വയംവിമർശനം നടത്തേണ്ടവരാണ്. വ്യക്തികൾ ചേർന്നതാണ് പാർട്ടി.
സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യയുടെ സ്ഥാനാർഥിത്വത്തെപ്പറ്റി ചോദിച്ചപ്പോൾ, വിവാഹിതരായ വ്യക്തികൾക്കെല്ലാം ഭാര്യമാരോ ഭർത്താക്കന്മാരോ ഉണ്ടാവുമെന്നായിരുന്നു മറുപടി. ആർക്കും പാർട്ടിനേതൃത്വത്തിലെത്താം. എന്നാൽ, ചില ആരോപണങ്ങൾ ഊതിപ്പെരുപ്പിക്കുന്നു. സി.പി.എമ്മിൽനിന്ന് പൊതുസമൂഹം കൂടുതൽ ധാർമികമൂല്യം പ്രതീക്ഷിക്കുന്നുവെന്ന് ബേബി പറഞ്ഞു.
പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലിയുള്ള തർക്കം സംസ്ഥാനതലത്തിൽ സി.പി.എം.-സി.പി.ഐ. നേതാക്കൾ ചർച്ചചെയ്ത് പരിഹരിക്കും. കെ.കെ. രാഗേഷിനെ കണ്ണൂർ ജില്ലാസെക്രട്ടറിയാക്കിയതിനെതിരേ പരാതി കിട്ടിയിട്ടില്ല. തെറ്റുതിരുത്തൽ പ്രക്രിയക്കായി ബംഗാളിൽ ഓഗസ്റ്റ് 28 മുതൽ 30 വരെ വിശാല സംസ്ഥാനകമ്മിറ്റി ചേരും.
വിഴിഞ്ഞത്തെ ഓഹരിക്കൈമാറ്റത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെയും യു.ഡി.എഫ്. സർക്കാരിന്റെയും കൈകൾ കളങ്കിതമാണെന്ന് ബേബി പറഞ്ഞു. വിദേശകമ്പനിക്ക് 49 ശതമാനം ഓഹരി കൈമാറാൻ സ്വമേധയാ പറ്റില്ല. വിഴിഞ്ഞം പദ്ധതി അദാനിക്ക് കൊടുത്തത് ഉമ്മൻ ചാണ്ടി സർക്കാരാണ്. വ്യവഹാരങ്ങളൊഴിവാക്കി പദ്ധതിയെ മുന്നോട്ടുനയിക്കാനാണ് പിണറായിസർക്കാർ അത് തുടർന്നത്.
ഇന്ത്യസഖ്യത്തിന്റെ ഔദ്യോഗികനേതാവായി രാഹുൽഗാന്ധിയെ തിരഞ്ഞെടുത്തിട്ടില്ല. ലോക്‌സഭയിൽ പ്രതിപക്ഷമുന്നണിയുടെ നേതാവാണ്. ബി.ജെ.പി.ക്കെതിരായ വിശാല മതേതര-ജനാധിപത്യ സഖ്യത്തെ ശക്തിപ്പെടുത്താൻ ഓരോ പാർട്ടിക്കും ഉത്തരവാദിത്വമുണ്ട്. പ്രാമുഖ്യം നിലനിർത്താൻ ചില പാർട്ടികൾ വ്യക്തിപരമായി പോരാടുന്നത് വിശാലതാത്‌പര്യത്തെ ദുർബലപ്പെടുത്തും. നിയമസഭാതിരഞ്ഞെടുപ്പുകാലത്ത് കേരളത്തിലെത്തി ചില ഉന്നത കോൺഗ്രസ് നേതാക്കൾ നടത്തിയ പ്രതികരണം പക്വതയില്ലാത്തതായിരുന്നു.
ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ ജനം തിരിച്ചറിഞ്ഞിരിക്കുന്നു. സി.പി.എമ്മും ഇടതുപക്ഷവുംമാത്രമാണ് വിശ്വാസ്യതയുള്ള പാർട്ടിയെന്ന് അവർക്ക് മനസ്സിലായിട്ടുണ്ടെന്നും ബേബി പറഞ്ഞു.
Content Highlights: CPM leadership admits to lacking humility in public interactions., Central Committee announces a sincere internal corrective process., Failure to communicate the government's pro-people agenda effectively., Election campaign and candidate selection lapses acknowledged., Clarification on Vizhinjam project and opposition to UDF policies.