‘മലബാറിൽനിന്നുള്ളവർ തലസ്ഥാനത്തെത്തി തിന്നുകുടിച്ച് മുടിച്ച് മടങ്ങുന്നു’; അധിക്ഷേപവുമായി CPM നേതാവ്

കൊല്ലം: വടക്കൻ കേരളത്തിൽനിന്നുള്ളവർ സെക്രട്ടറിയേറ്റിൽ കയറിയിറങ്ങുകയാണെന്ന അധിപക്ഷേപ പരാമർശവുമായി സിപിഎം ഏരിയ സെക്രട്ടറി. മലബാറിൽനിന്നുള്ള ആളുകൾ തിരുവനന്തപുരത്തെത്തി തിന്നുകുടിച്ച് മുടിച്ച് മടങ്ങുകയാണെന്ന് സിപിഎം കൊട്ടാരക്കര ഏരിയ സെക്രട്ടറി പി.കെ. ജോൺസൺ പറഞ്ഞു.
തിരുവനന്തപുരത്തേക്ക് പോകാൻ കഴിയാത്ത അവസ്ഥയാണ്. മലബാറിൽ നിന്നുള്ളവരുടെ വരവ് കാരണം മന്ത്രിമാരുടെ ഓഫീസിലോ സെക്രട്ടറിയറ്റിലോ കയറാൻ പറ്റാത്ത സ്ഥിതിയാണെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറം, കാസർകോട് തുടങ്ങിയ മലബാർ ഭാഗങ്ങളിൽനിന്ന് ബസ് പിടിച്ച് ആളുകൾ തിരുവനന്തപുരത്ത് വരികയാണ്. അവിടെ ഒന്നുരണ്ടാഴ്ച താമസിച്ച് കാര്യങ്ങൾ സാധിച്ച് 'തിന്ന് കുടിച്ച് മുടിച്ച' ശേഷമാണ് അവർ മടങ്ങുന്നത്. തിരുവനന്തപുരത്ത് ഒരു ഹോട്ടലിൽ മുറി കിട്ടണമെങ്കിൽ ആറുമാസം മുൻപ് ബുക്ക് ചെയ്യേണ്ട അവസ്ഥയാണെന്നും മലബാർ ഭാഗങ്ങളിൽനിന്നുള്ളവർ വന്ന് മുറികളെല്ലാം കൈക്കലാക്കുകയാണെന്നും ഏരിയ സെക്രട്ടറി കുറ്റപ്പെടുത്തി.
കൊട്ടാരക്കര ഉമ്മന്നൂർ പഞ്ചായത്തിൽ നടന്ന എൽഡിഎഫിന്റെ യോഗത്തിലായിരുന്നു വിവാദ പ്രസംഗം. മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ അടക്കമുള്ള പ്രമുഖർ പങ്കെടുത്ത വേദിയിലായിരുന്നു പി.കെ. ജോൺസൺ ഇത്തരമൊരു അധിക്ഷേപകരമായ പരാമർശം നടത്തിയത്.
Content Highlights: CPM Kottarakkara Area Secretary PK Johnson made derogatory remarks about people from Malabar., The speech claimed Malabar residents are overcrowding Thiruvananthapuram and affecting hotel availability., The controversial comments were made at an LDF meeting in Ummanur, Kottarakkara., Former minister KB Ganesh Kumar was present on the stage during the speech.