പൊളിറ്റ്ബ്യൂറോ രഹസ്യരേഖ ചോര്‍ന്നു; സിപിഎം നേതാക്കളുടെ സാമ്പത്തിക ഇടപാടിനെക്കുറിച്ച് ആരോപണം

തിരുവനന്തപുരം: സിപിഎം നേതാക്കളുമായുള്ള സാമ്പത്തിക ഇടപാടടക്കം പരാമര്‍ശിക്കുന്ന, പാര്‍ട്ടിക്ക് ലഭിച്ച പരാതി സ്വകാര്യ അന്യായത്തിനൊപ്പം കോടതിയില്‍. പൊളിറ്റ് ബ്യൂറോയുടെ കൈവശമുള്ള രേഖ ചോര്‍ന്നതിനെക്കുറിച്ച് നേതാക്കള്‍ക്കും അമ്പരപ്പ്. ലണ്ടന്‍ പ്രതിനിധിയെ പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധിസ്ഥാനത്തുനിന്ന് മാറ്റിയെന്ന വാര്‍ത്തസംബന്ധിച്ച് അദ്ദേഹം മാധ്യമങ്ങള്‍ക്കെതിരേ നല്‍കിയ മാനനഷ്ടക്കേസിലാണ് ഈ രേഖയുള്ളത്. അദ്ദേഹത്തിനെതിരേ, പാര്‍ട്ടിയോട് അടുപ്പമുള്ള ചെന്നൈയിലെ ഒരു വ്യവസായി പാര്‍ട്ടി കോണ്‍ഗ്രസിനുമുന്‍പ് പിബിക്കുനല്‍കിയ പരാതിയാണ് മാധ്യമങ്ങള്‍ക്ക് ലഭ്യമാകുംവിധം കോടതിയില്‍ സമര്‍പ്പിച്ചത്.
മാനനഷ്ടക്കേസുമായി പ്രത്യക്ഷത്തില്‍ ബന്ധമില്ലാത്ത പരാതി എന്തിന് കേസ് രേഖയായി നല്‍കി എന്ന് വ്യക്തമല്ല. അബദ്ധത്തില്‍ ഉള്‍പ്പെട്ടതാണോ എന്നുമറിയില്ല.
ഗുരുതര ആരോപണങ്ങളാണ് ഉള്ളത്. ഇതെല്ലാം പുറത്തുവന്നാല്‍ പാര്‍ട്ടിയെയും സര്‍ക്കാരിനെയും ബാധിക്കുമെന്ന മുന്നറിയിപ്പാണ് ഈ പരാതിയിലൂടെ പാര്‍ട്ടിയെ അറിയിച്ചത്. സര്‍ക്കാര്‍ തീരമേഖലയില്‍ നടപ്പാക്കിയ ചില പദ്ധതികള്‍ വിദേശത്തെ കടലാസ് കമ്പനിയുമായി ചേര്‍ന്നുള്ള സാമ്പത്തികത്തട്ടിപ്പിന്റെ ഭാഗമാണെന്നരീതിയിലും പറയുന്നുണ്ട്. തെളിവുസഹിതമാണ് പിബിക്ക് നല്‍കിയത്. അതിഗൗരവമുള്ളതും രഹസ്യസ്വഭാവം നിലനിര്‍ത്തേണ്ടതുമായ ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം പാര്‍ട്ടി അന്വേഷിക്കുകയും നടപടിയെടുക്കുകയും വേണമെന്നാണ് ആവശ്യം.
പിബിക്കുനല്‍കിയ പരാതി പാര്‍ട്ടിയിലെ രഹസ്യരേഖയായി മാറേണ്ടതാണ്. പരാതിക്കാരനും പിബിക്കും മാത്രം അറിയുന്ന പരാതി എങ്ങനെ ആരോപിതന്‍ കേസ് രേഖകള്‍ക്കൊപ്പം കോടതിയില്‍ നല്‍കി എന്നാണ് പാര്‍ട്ടിക്കുള്ളില്‍ ഉയരുന്ന ചോദ്യം.
Content Highlights: CPIM