പണിമുടക്ക് ദിവസം ഏരിയ സെക്രട്ടറിയുടെ കെട്ടിടത്തിന് മുന്നിൽ ടാറിങ്; ഇരട്ടത്താപ്പെന്ന് നാട്ടുകാർ

തൊടുപുഴ: കരിമണ്ണൂരിൽ പൊതുപണിമുടക്ക് ദിവസം സിപിഎം ഏരിയ സെക്രട്ടറിയുടെ കെട്ടിടത്തിന് മുന്നിൽ ടാറിങ് ജോലികൾ നടത്തിയത് വിവാദമാകുന്നു. കരിമണ്ണൂർ ഏരിയ സെക്രട്ടറി പി.പി. സുമേഷിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് മുന്നിലാണ് തൊഴിലാളികൾ പണിമുടക്ക് അവഗണിച്ച് ടാറിങ് ജോലികളിൽ ഏർപ്പെട്ടത്.
പണിമുടക്ക് സമരത്തിന് നേതൃത്വം നൽകുന്ന പാർട്ടിയുടെ നേതാവിൻ്റെ കെട്ടിടത്തിന് മുന്നിൽ ഏരിയ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ തന്നെ ജോലികൾ നടക്കുന്നത് ഇരട്ടത്താപ്പാണെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.
കെട്ടിടത്തിനു സമീപമുള്ള ഹോട്ടലിലെ മാലിന്യകുഴി നിർമാണവുമായി ബന്ധപ്പെട്ടുണ്ടായ പൊടിശല്യം ഒഴിവാക്കാനാണ് ടാറിങ് നടത്തുന്നതെന്നാണ് ഏരിയ സെക്രട്ടറി സുമേഷ് നൽകുന്ന വിശദീകരണം.
പണിമുടക്ക് ദിവസം കടകളെല്ലാം അടഞ്ഞുകിടക്കുന്നതിനാലുള്ള സൗകര്യം കണക്കിലെടുത്താണ് വ്യാഴാഴ്ച തന്നെ ടാറിങ് നടത്താൻ തീരുമാനിച്ചതെന്നും സുമേഷ് പറഞ്ഞു. സംഭവം വിവാദമായതോടെ ജോലികൾ നിർത്തിവയ്ക്കാൻ താൻ തൊഴിലാളികളോട് ആവശ്യപ്പെട്ടിരുന്നുവെന്നും സുമേഷ് പറഞ്ഞു.
Content Highlights: Controversy erupts as CPM leader`s building gets tarred on a public strike day in Karimannoor, Kerala. Locals question the dual standards.