'അനീതി പരസ്യമായി പറയാൻ ഒരാളെങ്കിലുംവേണം, പുറത്താക്കുകയാണെങ്കിൽ അപ്പോൾ നോക്കാം'

പത്തനംതിട്ട: മന്ത്രി വീണാ ജോർജിനെ സി.പി.എം. സംസ്ഥാനസമിതിയിൽ ഉൾപ്പെടുത്തിയതിനെ പരസ്യമായി വിമർശിച്ച പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗവും മുൻ എം.എൽ.എ.യുമായ എ. പദ്മകുമാർ, താൻ ഉന്നയിച്ച പ്രശ്നം ‘മാതൃഭൂമി’യോട് പങ്കുവെക്കുന്നു.
സംസ്ഥാനസമിതിയിലേക്ക് പരിഗണിക്കപ്പെടാതിരുന്നതിലെ അതൃപ്തിയാണോ വിമർശനത്തിലേക്കു നയിച്ചത്?
ഒരിക്കലുമല്ല. പാർട്ടിസ്ഥാനങ്ങളിലേക്ക് പരിഗണിക്കുന്നതിന് രാഷ്ട്രീയവും സംഘടനാപരവുമായ പ്രവർത്തനമികവാണ് മാനദണ്ഡമാക്കേണ്ടത്. അത് വീണാ ജോർജിന്റെ കാര്യത്തിൽ ഉണ്ടായില്ല എന്ന ഒറ്റക്കാര്യം മാത്രമാണ് ഞാൻ ചൂണ്ടിക്കാണിച്ചത്. എനിക്ക് സ്ഥാനം കിട്ടാത്തതിലുള്ള അസ്വസ്ഥതയാണെന്ന് പറയുന്നത് ശരിയല്ല. ഇത്തരം കാര്യങ്ങൾ പരസ്യമായി പറയാൻ ഒരാളെങ്കിലും ഉണ്ടാകണം. മനുഷ്യനാകുമ്പോൾ വികാരവിചാരങ്ങളുണ്ടാകും. അത് പ്രകടിപ്പിച്ചെന്നിരിക്കും. അല്ലെങ്കിൽ മൃഗവുമായി എന്തുവ്യത്യാസം.
പരസ്യമായി പാർട്ടി തീരുമാനത്തെ വിമർശിക്കാമോ, നടപടി പ്രതീക്ഷിക്കുന്നുണ്ടോ?
പാർട്ടി എടുക്കുന്ന തീരുമാനത്തെ പരസ്യമായി എതിർക്കുന്നത് സി.പി.എമ്മിന്റെ സംഘടനാരീതിയല്ല. മറ്റൊരാളുടെ കാര്യത്തിലായാൽ ഞാനും ഇതുതന്നെ പറയും. പക്ഷേ, വീണാ ജോർജിനെ സംസ്ഥാനകമ്മിറ്റിയിൽ ക്ഷണിതാവായി ഉൾപ്പെടുത്തിയ വിഷയം ചൂണ്ടിക്കാണിക്കാതിരിക്കാൻ കഴിയില്ല. നടപടി തീർച്ചയായും പ്രതീക്ഷിക്കുന്നുണ്ട്. ബ്രാഞ്ചിലേക്ക് എത്തുമായിരിക്കും. സന്തോഷം. അത് നെല്ലിപ്പലകയാണല്ലോ. അതിലും താഴേക്കുപോകാൻ പറ്റില്ലല്ലോ. അല്ലെങ്കിൽ പുറത്താക്കണം. അങ്ങനെയാണെങ്കിൽ അപ്പോൾ നോക്കാം.
ബി.ജെ.പി. സ്വാഗതംചെയ്തിട്ടുണ്ടല്ലോ?
ഞാൻ രാഷ്ട്രീയപ്രവർത്തനം തുടങ്ങിയത് സി.പി.എമ്മുകാരനായിട്ടാണ്. ഇപ്പോഴും എപ്പോഴും സി.പി.എമ്മുകാരൻ തന്നെയായിരിക്കും. ബി.ജെ.പി.യും യു.ഡി.എഫും അവരുടെ പ്രശ്നങ്ങൾ തീർക്കട്ടെ. ശബരിമല വിഷയം ഉണ്ടായപ്പോൾ ഞാൻ ബി.ജെ.പി.യിൽ പോകുമെന്ന് ഒരുപാട് പ്രചാരണമുണ്ടായതല്ലേ. എന്നിട്ടെന്തായി.
മന്ത്രി എന്നനിലയിൽ വീണാ ജോർജ് എങ്ങനെ?
വളരെ കഴിവുള്ള വ്യക്തിയാണ് വീണാ ജോർജ്. മന്ത്രി, എം.എൽ.എ., മാധ്യമപ്രവർത്തക തുടങ്ങിയനിലയിൽ അവർ മികച്ചപ്രവർത്തനമാണ് കാഴ്ചവെച്ചതെന്നകാര്യത്തിൽ സംശയമില്ല. പക്ഷേ, സംഘടനാരംഗത്ത് കഴിവുതെളിയിച്ചവർ പുറത്തുനിൽക്കുമ്പോൾ അവരെ പാർട്ടിയുടെ ഒരു ഘടകത്തിലേക്ക് സ്ഥാനക്കയറ്റം നൽകിയതിലാണ് എതിർപ്പ്.
തയ്യാറാക്കിയത്: ജി. രാജേഷ് കുമാർ
Content Highlights: A Padmakumar Interview