ജനങ്ങൾക്കു മനസിലാവുന്ന ഭാഷയിൽ സംസാരിക്കാൻ പഠിപ്പിക്കും; സിപിഎം കണ്ടെത്തിയ വീഴ്ചകളും തിരുത്തലുകളും ഇങ്ങനെ

#ബിജു പരവത്ത്/പി.കെ. മണികണ്ഠന്‍
സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തില്‍ പിണറായിയും എംഎ ബേബിയും
സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തില്‍ പിണറായിയും എംഎ ബേബിയും

കോഴിക്കോട്: പരാജയത്തിന്റെ കടുപ്പത്തേക്കാൾ തിരിച്ചുവരവിന്റെ കാഠിന്യമാണ് മുന്നിലുള്ളതെന്ന തിരിച്ചറിവാണ് സി.പി.എമ്മിന്റെ റിപ്പോർട്ടുകളിലുള്ളത്. തുടർഭരണം പാർട്ടിയെ ദുർബലമാക്കി. പാർട്ടി സർക്കാരിന്റെ പിന്നിലെ ഒരു നിഴൽസംഘടനയായി മാറി. ഇതോടെ, ഒരാളിലേക്ക് എല്ലാം ചുരുങ്ങുന്നരീതിയിലാണ് തുടർഭരണമുണ്ടാക്കിയ സ്ഥിതി. ഇതിൽനിന്ന് കരകയറുന്നതിന് ജനങ്ങളിലേക്ക് മടങ്ങുകയാണ് വേണ്ടതെന്ന ഒറ്റബോധ്യത്തിലേക്ക് സി.പി.എം. എത്തിയിരിക്കുന്നു. അതിന് മുന്നോടിയായി, സംഭവിച്ച പോരായ്മകളും പറ്റിയ വീഴ്ചകളും കണ്ടെത്തി അക്കമിട്ട് നിരത്തുകയാണ് സി.പി.എം. ആദ്യം ചെയ്തത്. അതിനനുസരിച്ചാണ് തിരുത്തൽ നടപടി തുടങ്ങുന്നത്.

പതനത്തിൽ നിന്നും പാഠം പഠിച്ച്, പാർട്ടിയെ സംഘടനാപരമായി കരുത്തുറ്റതാക്കാൻ പുതുവഴികൾ തേടുകയാണ് പാർട്ടി. എങ്ങനെ മാറണമെന്നത് സംബന്ധിച്ചുള്ള കാഴ്ചപ്പാട് മുന്നോട്ടുവെക്കണമെന്നതാണ് വിശാല സംസ്ഥാന സമിതിയിൽ ചർച്ചയ്ക്ക് മുന്നോടിയായി നൽകിയിരുന്ന നിർദ്ദേശം. പാർട്ടിഘടകങ്ങൾക്കും നേതാക്കൾക്കും പറ്റിയ വീഴ്ചകൾ അക്കമിട്ടുള്ള വിമർശനങ്ങൾക്കൊപ്പം പുതിയ പ്രവർത്തന കാഴ്ചപ്പാടുകൂടി ചർച്ചകളിലുണ്ടായിട്ടുണ്ട്.

വീഴ്ചകൾ

* തുടർഭരണം പാർട്ടിയും വർഗബഹുജന സംഘടനകളും ദുർബലപ്പെടുന്ന പ്രശ്നമുണ്ടായി. ഇത് നേരത്തെ ബംഗാളിലും ത്രിപുരയിലും സംഭവിച്ചതാണ്.

* ജനങ്ങളുമായി നമ്മുടെ രാഷ്ട്രീയ കാഴ്ചപ്പാടുകൾ അവതരിപ്പിക്കാൻ ശേഷിയുള്ള സഖാക്കളുടെ എണ്ണം കുറയുന്നതും വർഗ-ബഹുജന സംഘടനകളിൽ രാഷ്ട്രീയ വൽക്കരണം നടത്താത്തതും പ്രധാന സംഘടനാദൗർബല്യമാണ്.

* ഓരോ പ്രദേശത്തെയും എല്ലാകുടുംബങ്ങളുമായി വ്യക്തിബന്ധം പുലർത്താൻ കഴിയുന്ന അംഗീകാരമുള്ള പാർട്ടി അംഗങ്ങളുടെ എണ്ണം കുറയുന്നു. ജനങ്ങളുമായുള്ള ബന്ധം വലിയരീതിയിൽ കുറയുന്നു.

* റസിഡൻസ് അസോസിയേഷൻപോലുള്ള വിവിധ കൂട്ടായ്മകളിൽ പാർട്ടി അംഗങ്ങളുടെ ഇടപെടൽ കുറവാണ്. ഇത് വിവിധ ജനവിഭാഗങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള സാധ്യതകളാണ് ഇല്ലാതാക്കുന്നത്.

* പാർട്ടിക്കകത്ത് തെറ്റായ പ്രവണതകൾ കൂടുന്നു. ഇതാണ് സഹകരണ ബാങ്കുകളിലെ ക്രമക്കേടുകൾക്ക് വഴിവെച്ചത്.

* വരുമാനം അനുസരിച്ച് ജീവിക്കുന്നതിനപ്പുറം ചിലർ ആഡംബരജീവിതമാണ് നയിക്കുന്നത്. ഇത് ജനങ്ങളിൽ അവമതിപ്പുണ്ടാക്കുന്നുണ്ട്.

* നേതാക്കളുടെയും പ്രവർത്തകരുടെയും പെരുമാറ്റം സംബന്ധിച്ച് വലിയ പരാതിയാണുള്ളത്. ഇത് ജനസൗഹാർദ്ദപരമാകണം.

* വ്യവസ്ഥയ്ക്കെതിരായുള്ള പോരാട്ടത്തിന് പ്രത്യയശാസ്ത്രപരവും രാഷ്ട്രീയപരവുമായ സംഘടനാ പ്രവർത്തനമാണ് നടത്തുന്നത്. അത്തരമൊരു പാർട്ടി പാർലമെന്ററി പ്രവർത്തനത്തിന്റെ ഭാഗമാകുമ്പോൾ ഉണ്ടാകുന്ന പരിമിതിയും സാധ്യതയും കണക്കിലെടുക്കേണ്ടതുണ്ടായിരുന്നു.

* പ്രക്ഷോഭ പ്രചരണ പ്രവർത്തനങ്ങൾ സജീവമായി മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞില്ല. ഇത് വർഗ-ബഹുജന സംഘടനകളുടെ പ്രവർത്തനം ദുർബലമാക്കി.

* ഇടത്തരം വിഭാഗങ്ങൾ വലിയ തോതിൽ വളർന്നുവരികയാണ്. ഈ വിഭാഗങ്ങളെ പാർട്ടിക്കൊപ്പം അണിനിരത്തുന്നതിന് സാംസ്‌കാരിക പ്രവർത്തനം പ്രധാനമാണ്.

* കർഷകവിഭാഗങ്ങളിൽ വലതുപക്ഷത്തിന്റെ സ്വാധീനമാണുള്ളത്. കാർഷിക മേഖലയിൽ സജീവമായി ഇടപെടുന്നുണ്ടെങ്കിലും അവരുടെ പിന്തുണ രാഷ്ട്രീയമായി നേടിയെടുക്കാൻ പാർട്ടിക്ക് കഴിഞ്ഞിട്ടില്ല

* സാമൂഹികമായി അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളിലെ വിദ്യാസമ്പന്നരായ യുവത സ്വത്വ രാഷ്ട്രീയത്തിന്റെ ഭാഗമാകുന്നു. ഇവരെ വർഗീയവാദികളും അരാഷ്ട്രീയവാദികളുമാക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.

തിരുത്തലുകൾ

* ഏറ്റവും താഴെത്തട്ടിലുള്ള പാർട്ടി ഘടകമായ ബ്രാഞ്ചുകൾ മുതൽ പുത്തനുണർവ്വോടെ പ്രവർത്തിക്കണം. ബ്രാഞ്ചിൽ പാർട്ടി അംഗങ്ങൾമാത്രമാണ്. അതിനപ്പുറം പാർട്ടിയെ വളർത്തണമെങ്കിൽ അനുഭാവി ഗ്രൂപ്പുകൾ പ്രാദേശികാടിസ്ഥാനത്തിലുണ്ടാകണം.

* അംഗങ്ങളുടെയും ഘടകങ്ങളുടെയും നിലവാരത്തകർച്ച അതിജീവിക്കാൻ രാഷ്ട്രീയവിദ്യാഭ്യാസം ഊർജിതമാക്കും.

* ജനങ്ങളുടെ സാഹചര്യവും ആവശ്യങ്ങളുമൊക്കെ മനസിലാക്കാൻ പാർട്ടിപഠനകേന്ദ്രങ്ങൾ സാമൂഹികജീവിതം കൂടി പഠനവിഷയമാക്കും. സാമൂഹ്യസാഹചര്യം അനുസരിച്ച് ജനങ്ങളുടെ ആവശ്യം അറിഞ്ഞാവണം പാർട്ടിപ്രവർത്തനം എന്നതാണ് കണ്ടെത്തൽ.

* താഴെത്തട്ടിലുള്ള പ്രവർത്തനം മെച്ചപ്പെടുത്താൻ ഏരിയാകമ്മിറ്റിയംഗങ്ങൾക്ക് ബ്രാഞ്ചുകളുടെ ചുമതല നൽകും. സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്ക് ഏരിയാ കമ്മിറ്റികളുടെ ചുമതല.

* പാർട്ടി വിദ്യാഭ്യാസം ശക്തമാക്കാൻ ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തും. രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ സംശയനിവാരണം കൂടി ലക്ഷ്യമിട്ട് പാർട്ടി സ്വന്തമായി മൊബൈൽ ആപ്പ് തയ്യാറാക്കും.

* നവമാധ്യമങ്ങളിൽ ഇടപെടാൻ താഴെത്തട്ടുവരെ സംവിധാനം. സാങ്കേതിക വൈദഗ്ധ്യമുള്ളവരെക്കൂടി ഇതിൽ പങ്കാളികളാക്കും.

* ജനങ്ങൾക്കു മനസിലാവുന്ന ഭാഷയിൽ നേതാക്കളുടെ പ്രസംഗവും ആശയവിനിമയവും മാറ്റിയെടുക്കും. രാഷ്ട്രീയമായ തെളിച്ചവും മൂർച്ഛയും ഉറപ്പാക്കാൻ പരിശീലനം.

* ജില്ലാനേതാക്കൾ ഉൾപ്പെടെയുള്ളവർ സമൂഹമാധ്യമങ്ങളിൽ ഊർജിതമായി ഇടപെടണം. സമൂഹമാധ്യമങ്ങളിൽ പാർട്ടി അംഗങ്ങൾ അതിരു വിടാതിരിക്കാൻ നിരീക്ഷണം. ഭാഷയും ഉള്ളടക്കവുമൊക്കെ പരിശോധിക്കും.

* പാർട്ടിക്കെതിരേയുള്ള പ്രചാരണം ചെറുക്കാനും നിലപാട് വിശദീകരിക്കാനും ബദൽ മാധ്യമം വികസിപ്പിക്കും. പ്രാദേശികതലത്തിലുള്ള പരാതി പരിഹാരത്തിന് സംവിധാനം.

* ജനബന്ധം വീണ്ടെടുക്കാൻ ഉത്സവങ്ങൾ ഉൾപ്പെടെയുള്ളവയിൽ ഇടപെടും.

* ഐ.ടി ഉൾപ്പെടെയുള്ള പുതിയ തൊഴിൽ മേഖലകളിൽ സംഘടനയുണ്ടാക്കും.

* വർഗബഹുജന സംഘടനകളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ മാർഗരേഖ. നേതാക്കളുടെത് അടക്കമുള്ള തെറ്റു തിരുത്തൽ മൂന്നു മാസത്തിലൊരിക്കൽ വിലയിരുത്തും.

* പാവപ്പെട്ടവരുടെ പാർട്ടിയാണെന്ന കാഴ്ചപ്പാട് മുറുകെ പിടിച്ച് ഇടത്തരക്കാരെ കൂടി ആകർഷിക്കാനുള്ള പരിപാടികൾ ആസൂത്രണം ചെയ്യാനാകണം.

* പ്രത്യയശാസ്ത്രബോധം ഉണ്ടാക്കിയാലേ ഇന്നത്തെ വെല്ലുവിളികളെ നേരിടാൻ പര്യാപ്തമായ കേഡർമാരെ രൂപപ്പെടുത്താൻ കഴിയൂ.

* വർഗീയതയെ എതിർക്കുന്നത് മതവിശ്വാസത്തെ എതിർക്കുന്നതാണെന്ന പ്രചരണം നടത്തി വിശ്വാസികളെ നമുക്കെതിരാക്കി തിരിച്ചുവിടുന്ന നിലയുണ്ട്. ഇത് മാറ്റണം.

Content Highlights: Acknowledge organizational weaknesses and policy flaws resulting from consecutive governance., Introduce branch-level revamps, supporter groups, and enhanced political education., Utilize modern technology, mobile apps, and structured social media engagement., Rebuild public connection and address growing alienation among the middle class and youth.