കോടിയേരിയുടെ പേരിൽ ഓഫീസ് പണിയാൻ സമാഹരിച്ച ഫണ്ടിൽ തിരിമറി; ഈസ്റ്റ് ലോക്കൽ സെക്രട്ടറിക്കെതിരെ CPMനടപടി

കണ്ണൂർ: അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ പേരിൽ നിർമ്മിക്കാനിരുന്ന പാർട്ടി ഓഫീസിനായുള്ള ഫണ്ട് തട്ടിയെടുത്തതായി പരാതി. സംഭവത്തിൽ കണ്ണൂർ ഈസ്റ്റ് ലോക്കൽ സെക്രട്ടറി ഇ. രമേശിനെ പാർട്ടി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു. സിപിഎം ഏരിയ കമ്മിറ്റി യോഗത്തിലാണ് രമേശിനെതിരെ നടപടിയെടുത്തത്.
പാർട്ടി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന വിശദമായ പരിശോധനയിലാണ് ഈ ഗുരുതരമായ ക്രമക്കേടുകൾ ബോധ്യപ്പെട്ടത്. സാധാരണയായി പാർട്ടി ലോക്കൽ കമ്മിറ്റികൾക്ക് വേണ്ടി വാങ്ങുന്ന ഭൂമി സെക്രട്ടറി എന്ന പദവിയിലാണ് രജിസ്റ്റർ ചെയ്യാറുള്ളത്. എന്നാൽ, ഈ നിയമങ്ങളെല്ലാം കാറ്റിൽ പറത്തിക്കൊണ്ട് ഇ. രമേശ് തന്റെ വ്യക്തിപരമായ പേരിൽ ഭൂമി രജിസ്റ്റർ ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. ഇത്തരത്തിൽ വാങ്ങിയ ഭൂമിയും അതിലുണ്ടായിരുന്ന വീടും ബാങ്കിൽ പണയം വെച്ച് വ്യക്തിപരമായ ആവശ്യങ്ങൾക്കായി ലോൺ എടുക്കുകയും ചെയ്തതായും അന്വേഷണത്തിൽ ബോധ്യമായിട്ടുണ്ട്.
പാർട്ടി ഓഫീസിനായി കഴിഞ്ഞ രണ്ട് വർഷത്തിനിടെ പല രീതിയിലാണ് പണം സമാഹരിച്ചിരുന്നത്. ഒന്നാം സമ്മാനമായി കാർ വാഗ്ദാനം ചെയ്തുകൊണ്ട് 500 രൂപയുടെ സമ്മാന കൂപ്പണുകൾ വിൽക്കുകയും, 'കാഴ്ച' എന്ന പേരിൽ നഗരത്തിൽ ഒരു പ്രദർശനം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പുറമെ സഹകരണ സംഘങ്ങളിലെ ജീവനക്കാരിൽ നിന്നും ഉന്നത ഉദ്യോഗസ്ഥരിൽ നിന്നും വലിയ തോതിൽ പണം പിരിച്ചെടുത്തു. എന്നാൽ, ഈ പിരിവുകൾക്കൊന്നും കൃത്യമായ കണക്കുകൾ ഇല്ലെന്നും വാഗ്ദാനം ചെയ്ത നറുക്കെടുപ്പുകൾ പോലും നടത്തിയിട്ടില്ലെന്നും പരിശോധനയിൽ വ്യക്തമായി.
രമേശിന് പുറമെ മറ്റ് ചിലർക്കും ഈ തട്ടിപ്പിൽ പങ്കുണ്ടോ എന്ന കാര്യത്തിൽ പാർട്ടിക്ക് സംശയമുണ്ട്. ഏരിയ കമ്മിറ്റി സെക്രട്ടറിയുടെ അടുത്ത ബന്ധുവാണ് പുറത്താക്കപ്പെട്ട രമേശ് എന്നതിനാൽ, ഇത്തരം കാര്യങ്ങൾ ആരുടെയൊക്കെ അറിവോടു കൂടിയാണ് നടന്നത് എന്നതിനെക്കുറിച്ച് പാർട്ടി ഗൗരവമായ പരിശോധന തുടങ്ങിയിട്ടുണ്ട്. തട്ടിപ്പിന്റെ വ്യാപ്തി കൃത്യമായി കണ്ടെത്താനായി പാർട്ടി രണ്ടംഗ കമ്മീഷനെ നിയോഗിക്കുകയും ചെയ്തു.
Content Highlights: CPM Kannur East Local Secretary E Ramesh removed for embezzling funds meant for a party office in Kodiyeri Balakrishnan's name.