CPI വിട്ട് BJPയിലെത്തിയ സി.സി. മുകുന്ദനെ ചേർത്തുപിടിച്ച് CPM; പിണറായി വിജയനൊപ്പം വേദി പങ്കിടാൻ ക്ഷണം

തൃശ്ശൂർ: സി.പി.ഐ. വിട്ട് ബി.ജെ.പി.യിലെത്തിയ മുൻ എം.എൽ.എ. സി.സി. മുകുന്ദനോട് അടുപ്പംകൂട്ടി സി.പി.എം. സി.പി.എം. നേതാവ് കെ.വി. പീതാംബരന്റെ പേരിൽ നാട്ടികയിൽ നിർമിച്ച ലൈബ്രറി കെട്ടിടം 14-ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഉദ്ഘാടനംചെയ്യുന്ന ചടങ്ങിലേക്കു മുഖ്യാതിഥിയായി മുകുന്ദനെ ക്ഷണിച്ചു.
സി.സി. മുകുന്ദൻ എം.എൽ.എ. ആയിരിക്കേ 2024-ൽ എം.എൽ.എ. ഫണ്ടിൽനിന്ന് ഈ കെട്ടിടം നിർമിക്കാനായി 25 ലക്ഷം അനുവദിച്ചിരുന്നു. ഈ നടപടി അന്ന് സി.പി.ഐയിൽ വലിയ പ്രതിഷേധത്തിനിടയാക്കി. സി.പി.ഐ. നാട്ടിക മണ്ഡലം കമ്മിറ്റിയിൽ സി.സി. മുകുന്ദനെ രൂക്ഷമായി വിമർശിച്ചു. ഫണ്ട് പിൻവലിക്കണമെന്ന് സി.പി.ഐ. നേതാക്കൾ അന്ന് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, ഇത് അംഗീകരിക്കാൻ മുകുന്ദൻ തയ്യാറായില്ല. തീരുമാനം മാറ്റാനാകില്ലെന്ന് നേതൃത്വത്തെ മുകുന്ദൻ അറിയിച്ചിരുന്നു. അതോടെയാണ് പാർട്ടിയുമായി മുകുന്ദൻ അകന്നുതുടങ്ങിയത്. സി.പി.എം. നാട്ടിക ഏരിയ കമ്മിറ്റി ഓഫീസിനോട് ചേർന്നുള്ള സ്ഥലത്താണ് 820 ചതുരശ്രഅടിയിൽ പൊതുമരാമത്തുവകുപ്പ് ലൈബ്രറി കെട്ടിടം നിർമിച്ചത്. ഉദ്ഘാടനച്ചടങ്ങിലേക്കു മുകുന്ദനെ സി.പി.എം. നേതൃത്വം നേരിട്ട് ക്ഷണിക്കുകയും ചെയ്തു.
ഉദ്ഘാടനത്തിനു മുന്നോടിയായി കെട്ടിടം കാണാൻ വ്യാഴാഴ്ചയെത്തിയ മുകുന്ദൻ ലൈബ്രറിയിലേക്ക് കുറച്ചു പുസ്തകങ്ങൾ കൈമാറി. സി.പി.എം. നാട്ടിക ഏരിയാ സെക്രട്ടറിയും ലൈബ്രറി സെക്രട്ടറിയുമായ എം.എ. ഹാരിസ്ബാബു പുസ്തകങ്ങൾ സ്വീകരിച്ചു. മുൻ ജില്ലാപഞ്ചായത്തംഗം പി.എം. അഹമ്മദ്, കെ.ആർ. സീത എന്നിവരും പങ്കെടുത്തു. ഉദ്ഘാടനച്ചടങ്ങിൽ മുകുന്ദൻ പങ്കെടുക്കില്ലെന്നാണ് അറിയുന്നത്. അതിന് പകരമായാണ് വ്യാഴാഴ്ച ലൈബ്രറിയിലെത്തിയതും പുസ്തകങ്ങൾ കൈമാറിയതും.