സി.പി.എം. പുകയുന്നു, നേതാക്കളോടുള്ള അതൃപ്തി കീഴ്ഘടകങ്ങളിലേക്കും; ‘യഥാർഥ തിരുത്തൽ’ ഓഗസ്റ്റിനുശേഷം

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്തി സി.പി.എം. തയ്യാറാക്കിയ റിപ്പോർട്ടിൽ നേതാക്കൾക്കടക്കമുള്ള അതൃപ്തി കീഴ്ഘടകങ്ങളിലേക്കും വ്യാപിക്കുന്നു. സംസ്ഥാനകമ്മിറ്റി തീരുമാനങ്ങൾ വിശദീകരിക്കാൻ ചേർന്ന ജില്ലാകമ്മിറ്റികളിൽ ശക്തമായ എതിർപ്പാണുയരുന്നത്. കണ്ടെത്തിയ പിഴവുകൾ സംഘടനാവീഴ്ചയുടെ കണക്കിൽപ്പെടുത്തി, പാർട്ടിയെ ദുർബലപ്പെടുത്തിയവരെ സംരക്ഷിക്കുന്ന രീതി പാടില്ലെന്നാണ് വിമർശനം. ഓഗസ്റ്റിൽ നിശ്ചയിച്ച വിപുലീകൃത സംസ്ഥാനക്കമ്മിറ്റി ‘മിനി’ പ്ലീനമാണ്. അതിൽ മുഖംമാറ്റമുണ്ടാക്കാനുള്ള നീക്കം പാർട്ടിക്കുള്ളിൽ നടക്കുന്നുണ്ടെന്നാണ് സൂചന.
പരാജയത്തെക്കുറിച്ച് സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തൽ, കീഴ്ഘടകങ്ങളിൽ നടക്കുന്ന ‘നിർഭയമായ’ ചർച്ചകൾക്കുശേഷം മതിയെന്ന് തീരുമാനിച്ചത് സംസ്ഥാന സെക്രട്ടേറിയറ്റാണ്. അത് പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ പരസ്യമായി അറിയിക്കുകയും ചെയ്തു.
തുറന്നചർച്ച നേതാക്കൾക്കെതിരേയുള്ള വിചാരണയായിമാറി എന്നതാണ് പിന്നീടുള്ള അനുഭവം. പിണറായി വിജയനും എം.വി. ഗോവിന്ദനും സ്ഥാനമൊഴിയണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിക്കണമെന്നും ആവശ്യമുയർന്നു. ഇതെല്ലാം ഒഴിവാക്കിയാണ് ഒടുവിൽ റിപ്പോർട്ട് തയ്യാറാക്കിയത്. അതിൽ, വീഴ്ചകൾ സമ്മതിച്ചെങ്കിലും ആർക്കാണ് വീഴ്ചയുണ്ടായതെന്നു മാത്രമില്ല. അതിനെ സെക്രട്ടേറിയറ്റ് യോഗത്തിൽ തോമസ് ഐസക്ക് അടക്കമുള്ളവർ വിമർശിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് ജില്ലകളിലെ വിമർശനം.
തളിപ്പറമ്പിൽ പി.കെ. ശ്യാമളയെ സ്ഥാനാർഥിയാക്കരുതെന്ന് മണ്ഡലം-ജില്ലാ കമ്മിറ്റികളിൽ ഭൂരിപക്ഷം പേരും അറിയിച്ചിട്ടും അവരുടെ പേരുമാത്രം സംസ്ഥാനകമ്മിറ്റിയെ അറിയിച്ചത് ആരുനിർദേശിച്ചിട്ടാണെന്നാണ് ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനോടുള്ള ചോദ്യം. ജില്ലാകമ്മിറ്റി യോഗത്തിൽ പലരും ക്ഷോഭിച്ച് സംസാരിച്ചതായാണ് വിവരം.
കണ്ണൂരിലെ പാർട്ടിക്കുള്ളിലെ തർക്കം മനസ്സിലാക്കിയാണ് എം.എൽ.എ.മാരായ ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും പത്രസമ്മേളനം നടത്തിയത്. ശ്യാമളയെ തീരുമാനിച്ചിട്ടില്ലെന്ന്, അന്ന് ജില്ലാകമ്മിറ്റി യോഗത്തിൽ അധ്യക്ഷതവഹിച്ച ആൾ എന്നനിലയിലാണ് ടി.കെ. ഗോവിന്ദൻ വെളിപ്പെടുത്തുന്നത്. സി.പി.എമ്മിലേക്ക് തീകോരിയിടുന്നതാണ് ഗോവിന്ദന്റെ ഈ വെളിപ്പെടുത്തൽ.
പാർട്ടിയിലെ യഥാർഥ തിരുത്തൽ ഓഗസ്റ്റിനുശേഷം സംഭവിക്കുമെന്നാണ് ഒരു മുതിർന്ന നേതാവിന്റെ പ്രതികരണം. വിപുലീകൃത സംസ്ഥാനസമിതി യോഗം, സംഘടനാതിരുത്തലിന് രൂപംനൽകും. ഇതിൽ നേതൃമാറ്റം അടക്കം സംഭവിച്ചേക്കാമെന്നാണ് സൂചന. നേതാക്കളിൽ പലരും ഈ മനസ്സുള്ളവരാണെങ്കിലും അവർ പ്രത്യക്ഷത്തിൽ നിശ്ശബ്ദത പാലിക്കുകയാണ്.
Content Highlights: Widespread dissatisfaction in CPM lower committees regarding election failure reports., Internal demands for Pinarayi Vijayan and MV Govindan to step down., Criticism regarding the lack of accountability for specific leaders in the election review., Controversy surrounding candidate selection in Taliparamba., Expectations of organizational restructuring during the August mini-plenum.