'പാര്‍ട്ടിക്ക് കൊടുത്ത പരാതി എങ്ങനെ കോടതിയിലെത്തി, ചോര്‍ന്നത് സംസ്ഥാന കമ്മിറ്റിയില്‍നിന്ന്'-വ്യവസായി

ഷര്‍ഷാദ്
ഷര്‍ഷാദ്

തിരുവനന്തപുരം: സിപിഎം നേതാക്കളുമായുള്ള സാമ്പത്തിക ഇടപാട് അടക്കമുള്ള കാര്യങ്ങൾ പരാമര്‍ശിക്കുന്ന പരാതി സ്വകാര്യ അന്യായത്തിനൊപ്പം കോടതിയില്‍ എത്തിയ സംഭവത്തില്‍ പ്രതികരണവുമായി പരാതിക്കാരനായ വ്യവസായി ഷര്‍ഷാദ്.

2022ല്‍  ചെന്നെയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുമ്പോള്‍ നല്‍കിയ പരാതി പോളിറ്റ്ബ്യൂറോ നടപടികള്‍ക്ക് ശേഷം സംസ്ഥാന കമ്മിറ്റിയിലേക്ക് കൈമാറിയിരുന്നു. ഈ പരാതി സംസ്ഥാന കമ്മിറ്റിയില്‍നിന്നാണ് ചോര്‍ന്നതെന്ന് ഷര്‍ഷാദ് ആരോപിച്ചു. അതിന് പിന്നില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ മകന് പങ്കുള്ളതായി സംശയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധിസ്ഥാനത്തുനിന്ന് മാറ്റിയെന്ന വാര്‍ത്ത സംബന്ധിച്ച് ലണ്ടന്‍ പ്രതിനിധി രാജേഷ് കൃഷ്ണ മാധ്യമങ്ങള്‍ക്കെതിരേ ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ മാനനഷ്ടക്കേസിലാണ് ഷര്‍ഷാദ് പാര്‍ട്ടിക്ക് നല്‍കിയ പരാതി കോടതിയിലെത്തിയത്.

പരാതിയില്‍ ഗുരുതര ആരോപണങ്ങള്‍

തമിഴ്നാട്ടില്‍ രജിസ്റ്റര്‍ചെയ്ത ഒരു കമ്പനിയിലേക്ക് വിദേശത്തുനിന്ന് വന്‍തോതില്‍ പണം അയക്കുകയും അത് പ്രത്യേക അക്കൗണ്ടുകളിലേക്ക് മാറ്റുകയും ചെയ്യുന്നു. ഇങ്ങനെ വ്യക്തിഗത അക്കൗണ്ടുകളിലേക്കുവന്ന പണം ഇടതുപക്ഷത്തെ നേതാക്കള്‍ക്ക് നല്‍കി. തിരഞ്ഞെടുപ്പു സമയത്ത് നല്‍കിയ പണത്തിനുപുറമേ, കണ്‍സള്‍ട്ടന്‍സി, മറ്റുസേവനങ്ങള്‍ തുടങ്ങിയ പേരിലാണ് ഈ പണം നല്‍കിയിട്ടുള്ളത്. മുന്‍മന്ത്രിമാരായവര്‍ക്കും ഇപ്പോഴത്തെ മന്ത്രിമാര്‍ക്കും ഫണ്ട് നല്‍കിയിട്ടുണ്ട്. ഇതെല്ലാം പുറത്തുവന്നാല്‍ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും അടിത്തറതന്നെ ഇളകും.

വിദേശനിക്ഷേപ നിയമം ലംഘിച്ചതിന്, ഈ ഇടപാടുകളെക്കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ തമിഴ്നാട്ടിലെ കമ്പനിക്കുള്ള സെക്യൂരിറ്റി ക്ലിയറന്‍സ് അവിടത്തെ ഡിജിപി റദ്ദാക്കി. ഈ അന്വേഷണം പാര്‍ട്ടിയിലേക്കും അതിന്റെ നേതാക്കളിലേക്കും എത്തുമെന്ന് ഭയപ്പെടുന്നു. പാര്‍ട്ടിയിലെയും സര്‍ക്കാരിലെയും സ്വാധീനം ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ച് അന്വേഷിക്കണം തുടങ്ങിയ കാര്യങ്ങളായിരുന്നു പരാതിയിൽ ഉണ്ടായിരുന്നത്.


 

Content Highlights: Businessman Sharshad alleges CPM leaders funding complaint leak during defamation case