നിഖിൽ തോമസിനെ സി.പി.എമ്മിൽ നിന്ന് പുറത്താക്കി; പാർട്ടിയോട് ചെയ്തത് കൊടും വഞ്ചനയെന്ന് നേതൃത്വം

കായംകുളം: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ പ്രതി നിഖില്‍ തോമസിനെ സി.പി.എമ്മില്‍ നിന്ന് പുറത്താക്കി. ജില്ലാ നേതൃത്വത്തിന്റെ ശുപാര്‍ശയെ തുടര്‍ന്ന് സംസ്ഥാന നേതൃത്വത്തിന്റേതാണ് നടപടി. കായംകുളം മാര്‍ക്കറ്റ് ബ്രാഞ്ച് അംഗമായിരുന്നു നിഖില്‍. നേരത്തെ എസ്.എഫ്.ഐയും നിഖിലിനെ പുറത്താക്കിയിരുന്നു.
മാസങ്ങള്‍ക്കു മുമ്പാണ് നിഖില്‍ സിപിഎമ്മിൽ അംഗമാകുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷമായി പാര്‍ട്ടിയുമായി ഏറെ അടുത്തു നിക്കുന്ന നിഖില്‍ സി.പി.എം. കായംകുളം ഏരിയ കമ്മിറ്റി ഓഫീസിന്റെ അസിസ്റ്റന്റ് സെക്രട്ടറിയുമായിരുന്നു. നാലായിരം രൂപ പാര്‍ട്ടി ശമ്പളമായി നിഖിലിനു നല്‍കുകയും ചെയ്തിരുന്നു.
നിഖില്‍ പാര്‍ട്ടിയോട് കാണിച്ചത് കൊടുംവഞ്ചനയാണെന്ന് വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ ഏരിയ സെക്രട്ടറി പ്രതികരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് നിഖിലിനെതിരെ നടപടിയെടുക്കണമെന്ന് ചൂണ്ടിക്കാട്ടി പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തെ സമീപിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് നിഖിലിനെ പാര്‍ട്ടി പുറത്താക്കിയത്.
നിഖിലിനായുള്ള അന്വേഷണം പോലീസ് തുടരുന്നതിനിടെയാണ് പാര്‍ട്ടി നേതൃത്വത്തിന്റെ പുറത്താക്കല്‍ നടപടി. ടവര്‍ ലൊക്കേഷന്‍ പരിശോധനയില്‍ നിഖില്‍ അവസാനമായി കായംകുളത്തുണ്ടെന്ന് കണ്ടെത്തിയിരുന്നു.
Content Highlights: cpm expels nikhil thomas in fake degree certificate row