ഇനി ചർച്ചയില്ല; സുധാകരൻ്റെ വീട്ടിലെത്തുന്നവരുടെ വിവരം ശേഖരിച്ച് പാർട്ടി, സ്പെഷ്യൽബ്രാഞ്ച് നിരീക്ഷണം

ആലപ്പുഴ: പാർട്ടിയംഗത്വം പുതുക്കാൻ തയ്യാറാകാത്ത മുൻമന്ത്രി ജി. സുധാകരനുമായി സി.പി.എം. അനുരഞ്ജനത്തിനില്ല. അദ്ദേഹവുമായി ഇനി ചർച്ചയില്ലെന്ന് സി.പി.എം. ജില്ലാസെക്രട്ടറി ആർ. നാസർ 'മാതൃഭൂമി'യോടു പറഞ്ഞു.
അംഗത്വം പുതുക്കണമെന്ന് കേന്ദ്ര കമ്മിറ്റിയംഗം സി.എസ്. സുജാതയും ജില്ലാ സെക്രട്ടേറിയറ്റംഗം ജി. ഹരിശങ്കറും നാലുദിവസം മുൻപ് സുധാകരന്റെ വീട്ടിലെത്തി അഭ്യർഥിച്ചിരുന്നു. സംസ്ഥാന, ജില്ലാ നേതൃത്വങ്ങളുടെ നിർദേശപ്രകാരമായിരുന്നു ഇത്.
അംഗത്വം പുതുക്കുക, സർക്കാർപരിപാടികളിൽ പങ്കെടുക്കുക, തിരഞ്ഞെടുപ്പു പ്രവർത്തനവുമായി ബന്ധപ്പെട്ടു നൽകിയ ചുമതലകൾ നിർവഹിക്കുക എന്നീ കാര്യങ്ങളാണ് അദ്ദേഹത്തോടാവശ്യപ്പെട്ടത്. എന്നാൽ, സുധാകരന്റെ സമീപനം അനുകൂലമായിരുന്നില്ല. ഈ സാഹചര്യമാണ് ഇനി ചർച്ച വേണ്ടെന്ന നിലപാടെടുക്കാൻ പ്രേരണയായെതെന്നാണു സൂചന.
ആറുദിവസം മുൻപാണ് അംഗത്വം പുതുക്കില്ലെന്ന് ഫെയ്സ്ബുക്കിലൂടെ സുധാകരൻ വെളിപ്പെടുത്തിയത്. ഇതിനുകാരണങ്ങളും വ്യക്തമാക്കിയിരുന്നു. സംസ്ഥാന കമ്മിറ്റിയിൽനിന്ന് പ്രായപരിധിയുടെ പേരിൽ ഒഴിവാക്കിയപ്പോൾ ജില്ലാ കമ്മിറ്റി ഓഫീസ് ബ്രാഞ്ചിലാണ് ഉൾപ്പെടുത്തിയത്.
അവിടെ അഞ്ചുവർഷത്തോളം പ്രവർത്തിച്ചിട്ടും ഒരിക്കൽപ്പോലും ജില്ലാസെക്രട്ടറി വിവരങ്ങൾ അന്വേഷിച്ചില്ല. പൊതുപരിപാടികളിലേക്കു ക്ഷണിച്ചുമില്ല. അടിയന്തരാവസ്ഥയുടെ 50-ാം വാർഷികത്തിനും വിളിച്ചില്ല. ഇതിനു പുറമേ, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അപമാനിക്കുന്ന രീതിയിൽ സംസാരിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ പാർട്ടിയിൽ തുടർന്ന് നേതാക്കൾക്കു ബുദ്ധിമുട്ടുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നാണ് അദ്ദേഹം പോസ്റ്റിൽ വ്യക്തമാക്കിയത്.
അമ്പലപ്പുഴ മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കാൻ സുധാകരൻ ശ്രമിക്കുന്നതായി സി.പി.എമ്മിനു വിവരം ലഭിച്ചിട്ടുണ്ട്. മത്സരിച്ചാൽ പിന്തുണയ്ക്കുമെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കിയിരുന്നു. സുധാകരന്റെ വീട്ടിലെത്തുന്നവരുടെയും ചർച്ചകളുടെയുമൊക്കെ വിവരങ്ങൾ സി.പി.എമ്മിന്റെ പ്രാദേശിക ഘടകം വഴി ശേഖരിക്കുന്നുണ്ട്. കൂടാതെ സ്പെഷ്യൽബ്രാഞ്ച് ഉദ്യോഗസ്ഥരുടെ നിരീക്ഷണവുമുണ്ട്.
Content Highlights: CPM district secretary confirms no further talks with G. Sudhakaran., Sudhakaran refuses to renew party membership citing neglect by leadership., Allegations of insults by state secretary MV Govindan., CPM monitoring reports of Sudhakaran planning to contest as an independent.