തിരഞ്ഞെടുപ്പ് അവലോകനം: മാധ്യമങ്ങളുടേത് കള്ളക്കഥ -സി.പി.എം.

തിരുവനന്തപുരം: പാർട്ടിയുടെ തിരഞ്ഞെടുപ്പ് അവലോകനത്തെപ്പറ്റി മാധ്യമങ്ങൾ കള്ളക്കഥകൾ പ്രചരിപ്പിക്കുകയാണെന്നും യു.ഡി.എഫിന്റെ ഭരണപരാജയം മറയ്ക്കാനാണിതെന്നും സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ കുറ്റപ്പെടുത്തൽ.
തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്തി തയ്യാറാക്കിയ റിപ്പോർട്ടിൽ, അസംതൃപ്തി കീഴ്ഘടകങ്ങളിലേക്ക് വ്യാപിക്കുന്നതായി മാധ്യമങ്ങൾ കണ്ടുപിടിച്ചിരിക്കുന്നുവെന്നാണ് സി.പി.എമ്മിന്റെ പരിഹാസം. കീഴ്ഘടകങ്ങളിലെ ചർച്ചയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ട് സംസ്ഥാന കമ്മിറ്റി ഐകകണ്‌ഠ്യേന അംഗീകരിച്ചെന്നും സി.പി.എം. പറയുന്നു.
തളിപ്പറമ്പ് മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തെപ്പെറ്റിയും കള്ളക്കഥകൾ പ്രചരിപ്പിക്കുന്നു. സെക്രട്ടേറിയറ്റ് ഐകകണ്‌ഠ്യേനയെടുത്ത തീരുമാനങ്ങളിൽ ചിലർക്ക് അഭിപ്രായവ്യത്യാസമുണ്ടെന്ന പ്രചാരണം വസ്തുതാപരമല്ല.
ഓഗസ്റ്റിൽ വിപുലമായ സംസ്ഥാനകമ്മിറ്റിയും ജില്ലാ, ഏരിയ കമ്മിറ്റികളും ചേരുന്നത് പാർട്ടിയുടെ സംഘടനാപരമായ ദൗർബല്യങ്ങൾ പരിശോധിച്ച് തിരുത്താനാണ്.
പാർട്ടി വിട്ടുപോയി മത്സരിച്ചയാളുകളും പാർട്ടിയെ രക്ഷപ്പെടുത്താനെന്ന വ്യാജേന കള്ളപ്രചാരണത്തിനുണ്ട്. അധികാരമോഹത്തിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് ഘട്ടത്തിൽ യു.ഡി.എഫിലെത്തിയവർ അവരുടെ തെറ്റുകളെ ന്യായീകരിക്കാൻ രംഗത്തിറങ്ങിയിരിക്കുന്നു. എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത് നിരുത്തരവാദപരമായി പറഞ്ഞ പ്രസ്താവനകൾ യു.ഡി.എഫിനെത്തന്നെ തിരിഞ്ഞുകുത്തുകയാണെന്നും സി.പി.എം. പറയുന്നു.
Content Highlights: CPM rejects media claims regarding internal dissent in election review., State Committee unanimously approved the review report., Claims of disagreement over Taliparamba candidate selection are false., Upcoming organizational meetings in August aim to address party weaknesses., CPM blames UDF for spreading misinformation to hide governance failures.