ഉയിർത്തെഴുന്നേൽപ്പിന്റെ വഴിതേടിയുള്ള ചർച്ച സി.പി.എമ്മിൽ തുടങ്ങി; പ്ലീനം വിളിക്കണമെന്ന് ആവശ്യം

#ബിജു പരവത്ത്
പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി
പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി

തിരുവനന്തപുരം: തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ ഉയിർത്തെഴുന്നേൽപ്പിന്റെ വഴിതേടിയുള്ള ചർച്ച സി.പി.എമ്മിൽ തുടങ്ങി. പാർട്ടിഘടകങ്ങളിൽ ഉയർന്ന നേതൃമാറ്റംവരെയുള്ള ആവശ്യങ്ങൾ സംസ്ഥാന സെക്രട്ടേറിയറ്റ് പരിശോധിക്കുകയാണ്. ജില്ല-ഏരിയ തലത്തിൽനിന്ന് സംസ്ഥാനസെന്ററിന് ലഭിച്ച റിപ്പോർട്ടുകളും ഓരോ ജില്ലയിലും പങ്കെടുത്ത സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുടെ അഭിപ്രായങ്ങളുമാണ് പരിശോധിക്കുന്നത്. ഇതെല്ലാം ഉൾപ്പെടുത്തിയുള്ള സമഗ്രറിപ്പോർട്ട് ഞായർ, തിങ്കൾ ദിവസങ്ങളിലായി സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിക്കും.

പരാജയത്തിന്റെ കാരണങ്ങൾ, സംഘടനാസംവിധാനത്തിലെ വീഴ്ച, പാർട്ടി പ്രവർത്തന രീതിയിൽ വരുത്തേണ്ട മാറ്റം എന്നിങ്ങനെ മൂന്നുതലത്തിലാണ് വിശകലനം. പത്തുവർഷത്തെ ഭരണം സംഘടനയെ പലതലത്തിലും മരവിപ്പിച്ചതായി നേതാക്കൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജനങ്ങൾക്ക് വിശ്വാസമുള്ള നേതാക്കൾ ഇല്ലാതാകുന്നുവെന്നതാണ് മറ്റൊരുപ്രശ്‌നം.

സംസ്ഥാനകമ്മിറ്റിയിലെ റിപ്പോർട്ടിന്മേലുള്ള ചർച്ചകൂടി അടിസ്ഥാനമാക്കിയാകും ഭാവിപ്രവർത്തനം തീരുമാനിക്കുകയെന്ന് മുതിർന്ന നേതാക്കൾ സൂചിപ്പിച്ചു.

പ്രതിപക്ഷനേതാവ് പിണറായി വിജയനും പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനും നേരേ രൂക്ഷവിമർശനം മിക്കവാറും ജില്ലകളിൽനിന്നും ഉണ്ടായിട്ടുണ്ട്. രണ്ടുപേരും മാറണമെന്ന ആവശ്യം ഉയർന്നിട്ടുണ്ടെങ്കിലും അത്തരം തിരുത്തലുകളിലേക്ക് തത്കാലം പാർട്ടി പോകില്ല. അത് ഗുരുതരമായ രാഷ്ട്രീയസാഹചര്യത്തിലേക്ക് സി.പി.എമ്മിനെ എത്തിക്കുമെന്നതാണ് കാരണം.

അതേസമയം, സെക്രട്ടേറിയറ്റ് പുനഃസംഘടന, സംഘടനയെ ശക്തിപ്പെടുത്താനുള്ള തിരുത്തൽനടപടി എന്നിവയെല്ലാം വേണ്ടതുണ്ടോയെന്നതിൽ സംസ്ഥാന കമ്മിറ്റി ചർച്ചയുടെ അടിസ്ഥാനത്തിലാകും തീരുമാനം.

പ്ലീനം വിളിക്കണമെന്ന ആവശ്യം ജില്ലകളിൽനിന്നുണ്ടായിട്ടുണ്ട്. കേന്ദ്രകമ്മിറ്റിയിലും ഇക്കാര്യം ചർച്ചചെയ്തിരുന്നു. വെള്ളിയാഴ്ച സെക്രട്ടേറിയറ്റ് യോഗത്തിലെ ചർച്ചയിലും പ്ലീനമാകാമെന്ന നിലപാട് ചില നേതാക്കൾ പങ്കുവെച്ചതായാണ് വിവരം. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ചർച്ചയുടെയും ജില്ലകളിൽനിന്നുള്ള അഭിപ്രായവും അടിസ്ഥാനമാക്കിയുള്ള തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് ശനിയാഴ്ച അന്തിമമാക്കും.

Content Highlights: Comprehensive review of election defeat at state committee level., Evaluation of organizational failures and leadership effectiveness