തിരുത്തൽ താഴേത്തട്ടിലേക്കും വ്യാപിപ്പിക്കാൻ സിപിഎം; ജില്ലാ ഘടകങ്ങളിലും പുനഃസംഘടനയ്ക്ക് സാധ്യത

കോഴിക്കോട്: വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിന്റെയും തിരുത്തൽ നടപടികളുടെയും തുടർച്ച ജില്ലാതലത്തിലേക്കും വ്യാപിപ്പിക്കാൻ സി.പി.എം. തീരുമാനിച്ചു.
എല്ലാ ജില്ലകളിലും സമാനമായ രീതിയിൽ വിശാല ജില്ലാകമ്മിറ്റികൾ ചേരും. ഇതിൽ നേതാക്കളുടെ പ്രവർത്തനം പരിശോധിക്കുകയും തിരുത്തൽ നടപടി സ്വീകരിക്കുകയും ചെയ്യും.
കമ്മിറ്റികളിൽ പുനഃസംഘടന വേണമെങ്കിൽ അക്കാര്യവും പരിശോധിക്കും. 'സംഘടനാപരമായ മാറ്റം എന്ന അജണ്ട ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾ നടക്കുമ്പോൾ അനിവാര്യമാണെങ്കിൽ മാറ്റമുണ്ടാകും.'-സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാതൃഭൂമിയോട് പറഞ്ഞു.
ഒക്ടോബർ 17നകം എല്ലാ ജില്ലകളിലെയും വിശാല യോഗങ്ങൾ പൂർത്തിയാക്കാനാണ് തീരുമാനം. ഏരിയ സെക്രട്ടറിമാരും ഓരോ ഏരിയയിൽനിന്നും മൂന്നുവീതം പ്രതിനിധികളും വർഗ ബഹുജന സംഘടനകളുടെ ഭാരവാഹികളുമാണ് ഈ യോഗത്തിൽ പങ്കെടുക്കുക.
ഏരിയായിൽനിന്നുള്ള മൂന്ന് നേതാക്കളിൽ ഒരാൾ സ്ത്രീ ആകണമെന്ന് നിർബന്ധമുണ്ട്. ജില്ലാകമ്മിറ്റികളിൽ വർഗ ബഹുജന സംഘടനകൾക്ക് പ്രാതിനിധ്യം ഉറപ്പാക്കണമെന്ന ആലോചന പാർട്ടിയിലുണ്ട്. അതിനാൽ, സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തിയ അതേ മാതൃകയിൽ ഇവരെ ക്ഷണിതാക്കളായി കൊണ്ടുവന്നേക്കും.
തിരുത്തൽ രേഖ ഇല്ലാത്തതല്ല, ഫലപ്രദമായി നടപ്പാക്കാൻ കഴിയാത്തതാണ് യഥാർത്ഥ പ്രശ്നം എന്ന് വിപുലീകൃത സംസ്ഥാന കമ്മിറ്റിയോഗം വിലയിരുത്തി.തിരുത്തൽ നടപടികൾ നടക്കുന്നുണ്ടോ എന്ന് മൂന്നുമാസത്തിലൊരിക്കൽ പരിശോധിക്കാൻ തീരുമാനിച്ചു. ആറുമാസം കൂടുമ്പോൾ സംസ്ഥാന തലത്തിലും പരിശോധന ഉണ്ടാകും.
Content Highlights: The CPM has decided to extend the expanded state committee meetings and corrective measures to the district level, with broad district committees being formed to evaluate leaders' performance and implement necessary corrections